‘പ്രിയപ്പെട്ട ഉണ്ണീ… വാവാ…
അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്….’
12 വയസുകാരിയായ മകളുടെ നോട്ടുപുസ്തകത്തില്‍ ഇത്രയും എഴുതിവെച്ച് മരവിച്ച മനസ്സോടെ ജോലി സ്ഥലത്തേക്ക് നടന്ന് അവിടെ വെച്ച് ജീവിതം അവസാനിപ്പിച്ച ഒരമ്മ. കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കാനറാ ബാങ്ക് ബ്രാഞ്ച് മാനേജര്‍ സ്വപ്നയുടെ ആത്മഹത്യ കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ്.
രണ്ട് വര്‍ഷം മുമ്പാണ് സ്വപ്നയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 12 ഉം 14 ഉം വയസുള്ള രണ്ട് കുട്ടികളുണ്ട്. 6 മാസം മുന്‍പാണ് തൃശൂരില്‍ നിന്നും പ്രമോഷന്‍ ട്രാന്‍സ്ഫറായി കണ്ണൂരിലെത്തിയത്. ഒരു കുടുംബത്തിന് മോശമല്ലാതെ ജീവിക്കാനുള്ള വരുമാനം സ്പനയ്ക്കുണ്ടായിരുന്നു. എന്നിട്ടും ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
സ്വപ്ന താമസിച്ചിരുന്ന വീടിനടുത്തുള്ളവര്‍ പറയുന്നത് പ്രകാരം കഴിഞ്ഞ രണ്ട് ആഴ്ചയോളമായി അവര്‍ക്ക് ഉറക്കമുണ്ടായിരുന്നില്ല. രാത്രികളിലെല്ലാം മുറിയില്‍ ലൈറ്റ് കാണാം. ഏറെ അസ്വസ്ഥയായിരുന്ന അവര്‍ ഉറങ്ങാതെ ബാല്‍ക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ആരോടും തീരെ സംസാരിക്കാതായി, വീടും പരിസരവും പരിപാലിക്കാതെയായി.
താലി മാലയും കൈയ്യിലുള്ള പൈസയും രണ്ടു ദിവസം മുന്‍പ് 12 വയസ് മാത്രം പ്രായമുള്ള മകള്‍ക്ക് നല്‍കി. മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തി അവര്‍ മരണത്തിലേക്ക് നീങ്ങുകയായിരുന്നു. അച്ഛന്‍ നേരത്തെ തന്നെ മരണപ്പെട്ട, കൗമാരത്തിലേക്ക് കടക്കുന്ന രണ്ട് കുഞ്ഞുങ്ങളെ, ജീവിതത്തില്‍ തനിച്ചാക്കി മരണത്തിന് കീഴടങ്ങാന്‍ തീരുമാനിച്ച ആ അമ്മ തന്റെ മരണക്കുറിപ്പില്‍ എഴുതി വെച്ചത് അമിതമായ ജോലി സമ്മര്‍ദം എന്ന ഏക കാരണമാണ്.
സ്വപ്നയുടെ മരണം വാര്‍ത്തയായതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ അനേകം പേര്‍ പങ്കുവെച്ച കുറിപ്പുകളിലൂടെ പുറത്തുവന്നത് ബാങ്കിംഗ് മേഖലയിലെ ഞെട്ടിപ്പിക്കുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. ആത്മഹത്യയുടെ വക്കിലൂടെ കടന്നുപോയ അനേകം പേര്‍ അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.
ബാങ്കിംഗ് ജീവനക്കാര്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ വിവിധങ്ങളായ നഗരങ്ങളിലും ഗ്രാമങ്ങളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തത് അനേകം ബാങ്ക് ജീവനക്കാരാണ്. കൃത്യമായ കണക്കുകള്‍ പോലും എവിടെയും ലഭ്യമല്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചവരും നിരവധിയാണ്. മികച്ച ശമ്പളമുണ്ടായിരുന്നിട്ട് പോലും പലരും ജോലി ഉപേക്ഷിച്ച് പോയി. ബാങ്ക് ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയവരെക്കുറിച്ചും വിവരങ്ങളുണ്ട്.
സ്വപ്നയുടെ ആത്മഹത്യയ്ക്ക് സമാനമായ രീതിയില്‍ നാലുമാസം മുമ്പ് ഗുരുവായൂരിലും അതിനുമുമ്പ് പാലക്കാട്ടെ ഒരു സ്വകാര്യ ബാങ്കിലും ആത്മഹത്യകള്‍ നടന്നിരുന്നു. 2014 ജൂലൈ രണ്ടിന് 52 വയസ്സുള്ള ഒരു ചീഫ് മാനേജര്‍ സോണല്‍ തലത്തിലെ മാനേജര്‍മാരുടെ റിവ്യൂ യോഗം കഴിഞ്ഞയുടനെ, മാനസികപീഡനം സഹിക്കവയ്യാതെ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയുമുണ്ടായി.
നമ്മുടെ നാട്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു തൊഴില്‍ മേഖലയാണ് ബാങ്കിംഗ്. സമൂഹം വലിയ വില കല്പിച്ച് വരുന്ന ബാങ്ക് ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്റെയും ജീവന്‍ പോലും അവസാനിപ്പിക്കുന്നതിന്റെയും സാഹചര്യങ്ങള്‍ ഏറെ ഭീതിജനകമാണ്.
ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ബാങ്കിംഗ് മേഖലയിലെ അടിസ്ഥാന പ്രശ്‌നം ബാങ്കുകളിലെ വര്‍ധിച്ച ബിസിനസിന് അനുസരിച്ച് ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുന്നതിനോ ആനുപാതികമായി ജീവനക്കാരെ നിയമിക്കുന്നതിനോ ബാങ്കുകള്‍ തയ്യാറാകുന്നില്ല എന്നതാണ്. വ്യാപകമായി റിട്ടയര്‍മെന്റ് നടക്കുന്ന കാലമായിട്ടും അത്തരം ഒഴിവുകളില്‍ നാലിലൊന്ന് നിയമനം പോലും ബാങ്കുകള്‍ നടത്തുന്നില്ല. ഉള്ള ജീവനക്കാരെ പരമാവധി പണിയെടുപ്പിച്ച് അവരുടെ രക്തമൂറ്റി ബാങ്കുടമകള്‍ നടത്തുന്ന കൊടിയ ചൂഷണം മൂലം പല ബാങ്കുകളും തൊഴിലാളികള്‍ക്ക് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാവുകയാണ്.
അമിത ജോലിഭാരം മൂലം മാനസിക പിരിമുറക്കങ്ങള്‍ അനുഭവിക്കന്നവര്‍, പതിയെ വിഷാദരോഗികളാകുന്നവര്‍, ലഹരിക്ക് അടിമപ്പെടുന്നവര്‍, ജോലി ഉപേക്ഷിക്കുന്നവര്‍, ആത്മഹത്യ ചെയ്യുന്നവര്‍, ഇതെല്ലാം കുടുംബങ്ങളിലുണ്ടാകുന്ന നിരവധിയായ സംഘര്‍ഷങ്ങള്‍… എന്നിങ്ങനെ വിവിധങ്ങളായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ബാങ്ക് മാനേജ്‌മെന്റുകളുടെ ക്രൂരതകള്‍ മൂലം സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്.
നവലിബറല്‍ ബാങ്കിങ് നയങ്ങളുടെ പ്രയോഗം, രാജ്യം നേരത്തെ തന്നെ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, കൊവിഡ് മഹാമാരി സൃഷ്ടിക്കുന്ന അധിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍, കമ്പോള മാന്ദ്യത്തിന്റെ പ്രശ്‌നങ്ങള്‍, ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വന്ന കുറവ്, കിട്ടാക്കടം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവ് എന്നിവയൊക്കെയുമായി ബന്ധപ്പെട്ട് രാജ്യത്തെ ബാങ്കിംഗ് മേഖല വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഇതിനെ കൃത്യമായ ദിശാബോധത്തോടെ നേരിടേണ്ടതിന് പകരം സര്‍വഭാരവും ജീവനക്കാര്‍ക്ക് നല്‍കി അവരെ കൂടുതല്‍ ചൂഷണം ചെയ്തുകൊണ്ട് നഷ്ടങ്ങളെ നികത്താനാണ് ബാങ്കുകള്‍ ശ്രമിക്കുന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതൃത്വത്തിലുള്ളവര്‍ പറയുന്നത്.
ആത്മാഭിമാനമുള്ള തൊഴില്‍ സംസ്‌കാരത്തിന് പകരം, അടിമകളായ വിധേയത്വ തൊഴിലാളികളെയാണ് ബാങ്കിംഗ് മേഖല ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ബാങ്കുകളെ ലയിപ്പിച്ചും പൊതുമേഖലയില്‍ ഇന്ന് അവശേഷിക്കുന്ന ബാങ്കുകളെ കൂടി സ്വകാര്യവത്കരിക്കാന്‍ ശ്രമിച്ചും മുന്നേറുന്ന സര്‍ക്കാറിന് കീഴില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അടിമകളായി മാറുന്നത്.
അതിഭീകരമായ ടാര്‍ഗറ്റിലും ട്രാന്‍സ്ഫര്‍ ഭീഷണിയിലും മേലുദ്യോഗസ്ഥരുടെ തെറിവിളിയിലും അസഹനീയമായ ജോലിഭാരത്തിലും മനം മടുക്കുന്ന ബാങ്ക് തൊഴിലാളികള്‍ ഇനിയും ജീവനൊടുക്കുന്ന അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Banks as Concentration camps – Swapna – Suicide Kannur – Canera Bank