| Tuesday, 1st June 2021, 9:10 pm

ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സ്വപന്‍ ദാസ് ഗുപ്തയെ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദേശം ചെയ്ത് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വപന്‍ ദാസ് ഗുപ്തയെ രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദേശം ചെയ്ത് കേന്ദ്രം. രാജ്യസഭയില്‍ നിന്ന് രാജിവെച്ച ഗുപ്ത ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത അംഗമായ സ്വപന്‍ ദാസ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അയോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജി വെച്ചത്.

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ക്കാര്‍ നിര്‍ദേശത്തോട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജയിന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകുമെന്നും സൂചനയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടന്‍ പുറത്തിറങ്ങും.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെയാണ് യോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭ സ്പീക്കര്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഒഴികെയുള്ളവര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു.

ഏറ്റവും കൂടുതല്‍ മനുഷ്യവകാശ ലംഘനങ്ങള്‍ നടക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയാണെന്നും അതിനാല്‍ ആ വിഭാഗത്തില്‍പ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കണമെന്നും മല്ലികാര്‍ജുന ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശത്തോടുള്ള വിയോജിപ്പ് ഖാര്‍ഗെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Swapan Dasgupta Renominated To Rajya Sabha By Centre

We use cookies to give you the best possible experience. Learn more