| Thursday, 6th December 2012, 4:09 pm

മഅദനി: അനുഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥങ്ങളോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വാമി വിവേകാനന്ദനും മഹര്‍ഷി അരബിന്ദോയും മഹാത്മാഗാന്ധിയും ഒക്കെ ഹിന്ദുക്കളായി ജനിച്ച് ലോകാരാധ്യരായ ഹിന്ദുക്കളായി വിശ്വത്തോളം വലുതായ നാട്ടില്‍ ബാല്‍താക്കറെയെപ്പോലൊരു ഗുണ്ടാസേനത്തലവനെ ഹിന്ദു ഹൃദയ സാമ്രാട്ടെന്ന് വിളിക്കുവാന്‍ ഇടയായതില്‍ മാനഹാനി അനുഭവിക്കുന്ന ഏതൊരു ഭാരതീയനും മഅദനി അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ മഅദനിയുടെ സ്വയം കൃതാനര്‍ത്ഥമായി മാത്രം കരുതനാവില്ല


എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

അബ്ദുള്‍ നാസര്‍ മഅദനി കോയമ്പത്തൂര്‍ ജയിലില്‍ അനുഭവിച്ചതും ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ അനുഭവിച്ചുവരുന്നതുമായ അന്യായത്തടങ്കല്‍ മഅദനിയുടെ സ്വയം കൃതാനര്‍ത്ഥം മാത്രമാണെന്ന് ആര്‍.എസ്.എസ് ചിന്തകനായ ടി.ജി മോഹന്‍ദാസിന്റെ വാദ പ്രകാരം ചിന്തിച്ചാല്‍, സംഘപരിവാരം ഭാരതീയ സ്ത്രീത്വത്തിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കുന്ന ശ്രീരാമ പത്‌നിയായ സീത, രാവണനാല്‍ അപഹരിക്കപ്പെട്ടതിന് കാരണം സീതാദേവിക്ക് പൊന്മാനോട് തോന്നിയ മോഹമാണെന്നും അതിനാല്‍ സീത അശോകവനിയില്‍ അനുഭവിച്ച തടവ് സീതയുടെ സ്വയം കൃതാനര്‍ത്ഥമാണെന്നും ഒക്കെ പറയേണ്ടി വരും! രാവണന്‍ വെറും പാവമായി തീരുകയും ചെയ്യും !

മോഹന്‍ ദാസ്, സീത അനുഭവിച്ച രാവണ രാജ്യത്തെ തടങ്കല്‍ സീതയുടെ സ്വയം കൃതാനര്‍ത്ഥമാണെന്ന് പറയുവാന്‍ തയ്യാറാണ്ടോ ? ഉണ്ടെങ്കില്‍ മാത്രമേ മഅദനി അനുഭവിക്കുന്ന അന്യായത്തടങ്കലും മഅദനിയുടെ മാത്രം സ്വയം കൃതാനര്‍ത്ഥമാണെന്ന് പറയാനാകൂ ![]

സ്ത്രീ പീഢനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും ആണ് കയ്യും കണ്ണും കാട്ടി ക്ഷണിച്ചാലുടനെ കൂടെ ഇറങ്ങിപ്പുറപ്പെടുന്ന പെണ്ണുങ്ങളുടെ ദൗര്‍ബല്ല്യമാണ് സ്ത്രീ പീഢനത്തിന് കാരണം എന്ന് സിദ്ധാന്തിക്കുന്ന ചില പുരുഷ കേസരികളെ കാണാറുണ്ട്. ആ ഗണത്തില്‍ പെടുത്താവുന്ന വാദങ്ങളാണ്  മഅദനി വിഷയത്തില്‍ ടി.ജി മോഹന്‍ദാസ് നിരത്തുന്നത്. അതിലപ്പുറം കാമ്പൊന്നും ടി.ജി മോഹന്‍ദാസിന്റെ സ്വയം കൃതാനര്‍ത്ഥ വാദത്തിനില്ല !

സൂക്ഷിച്ച് ചിന്തിച്ചാല്‍ ടി.ജി മോഹന്‍ ദാസ് മഅദനി വിഷയത്തില്‍ മഅദനിയേയും പാര്‍ശ്വവര്‍ത്തികളേയും ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ലേഖനം എഴുതുവാന്‍ ഇടയായതുതന്നെ മോഹന്‍ദാസിന്റെ മറ്റൊരു സ്വയം കൃതാനര്‍ത്ഥത്തില്‍ നിന്ന് സ്വന്തം തടി രക്ഷിച്ചെടുക്കാനാണെന്ന് വ്യക്തമാവും. ആര്‍.എസ്.എസും സി.പി.ഐ.എമ്മും ഒന്നിക്കണമെന്ന ആശയത്തിലൂന്നി ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാരികയില്‍ എഴുതിയ ലേഖനമാണ് മോഹന്‍ദാസിന്റെ സ്വയം കൃതാനര്‍ത്ഥം.

മോഹന്‍ദാസിന്റെ സ്വയം കൃതാനര്‍ത്ഥം കേസരിയുടെ പത്രാധിപരുടെ പണി കളഞ്ഞു. മോഹന്‍ദാസിനാകട്ടെ ഉണ്ടായിരുന്ന ഒരേയൊരു വേദിയായ സംഘപരിവാര വേദി നഷ്ടപ്പെടുകയും ചെയ്തു. ഇത്തരുണത്തില്‍ ഒരു മുഖം മിനുക്കല്‍ മോഹന്‍ദാസിന് അത്യാവശ്യമാണ്. അതിന് അദ്ദേഹം കണ്ടെത്തിയ എളുപ്പമാര്‍ഗമാണ് മഅദനിയേയും കൂട്ടരേയും നാല് ഭള്ള് പറഞ്ഞ് കര്‍ണ്ണാടകയിലെ താമര സര്‍ക്കാരിനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള മഅദനിയുടെ സ്വയം കൃതാനര്‍ത്ഥമെന്ന ലേഖനമെഴുത്ത്.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് ഹിന്ദുമതഭ്രാന്തന്‍മാര്‍ വിളിക്കുന്ന ബാല്‍ താക്കറെ എന്ന കാവിഭീകരനോളം ഭീകരനല്ലായിരുന്നു ഐ.എസ്സ്.എസ്സ് കാലത്തെ അബ്ദുള്‍ നാസര്‍ മഅദനി പോലും

തീര്‍ച്ചയായും പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന മനോഭാവക്കാര്‍ എവിടേയും ഉണ്ടാകും. അത്തരക്കാര്‍ മഅദനിയ്‌ക്കൊപ്പവും ഉണ്ടായിരിക്കാം. അവര്‍ മഅദനി എന്ന ജീവിക്കുന്ന രക്തസാക്ഷിയെ വെച്ച് പണപ്പിരിവും രാഷ്ട്രീയവിലപേശലും ഒക്കെ ചെയ്യുന്നുമുണ്ടാകാം. പക്ഷേ ഇത്തരം വേലത്തരങ്ങള്‍ മഅദനി വിഷയത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്.

മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ശവം ഘോഷയാത്രയാക്കി എഴുന്നള്ളിച്ച് മുതലെടുപ്പ് നടത്തുവാന്‍ സംഘപരിവാരവും ശ്രമിച്ചിട്ടുണ്ടല്ലോ. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അബ്ദുള്‍ നാസര്‍ മഅദനിയ്‌ക്കൊപ്പവും മുതലക്കണ്ണീരൊഴുക്കി നിലകൊള്ളുന്നുണ്ടാവാം. അത്തരക്കാര്‍ക്ക് മഅദനി ജയിലില്‍ കഴിയുന്നതാണ് കൂടുതല്‍ ലാഭകരമാവുക എന്നതും തീര്‍ച്ചയാണ്.

എന്നുകരുതി മഅദനി അനുഭവിച്ച ദാരുണമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അദ്ദേഹം മാത്രമാണ് ഉത്തരവാദി എന്ന് വിധി കല്‍പ്പിക്കാനാവില്ല. നമ്മുടെ ഭരണകൂടത്തിന്റേയും നീതിന്യായ വ്യവസ്ഥയുടേയും പക്ഷപാത പരമായ സമീപനങ്ങള്‍ക്ക് മഅദനി എന്ന ഇന്ത്യന്‍ പൗരനായ മനുഷ്യന്റെ ജീവിതം അകപ്പെട്ട വന്‍ ചുഴികള്‍ നിറഞ്ഞ സങ്കടക്കടലിന് കാരണമായിട്ടുണ്ട്. ഇക്കാര്യം ഉറക്കെ ചര്‍ച്ച ചെയ്യണം.

അതാണ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും ഡോ സെബാസ്റ്റിയന്‍ പോളും ഭാസുരേന്ദ്ര ബാബുവും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മഅദനിക്ക് വേണ്ടി ചെയ്ത് വരുന്നത് ! ജസ്റ്റിസ് കൃഷ്ണയ്യരും സെബാസ്റ്റിയന്‍ പോളുമൊക്കെ ടി.ജി മോഹന്‍ദാസിനോളം ശരിയായ നിയമോപദേശം നല്‍കാന്‍ കഴിവുളളവരല്ല എന്ന് കേരളത്തില്‍ മോഹന്‍ദാസ് മാത്രമേ കരുതുന്നുണ്ടാവൂ !

മഅദനി വിഷയം പഠിക്കുമ്പോള്‍ ഏതൊരു നിഷ്പക്ഷമതിയായ മനുഷ്യനും ബോധ്യമാവുന്നത് നമ്മുടെ നടപ്പിലുള്ള നീതിന്യായ വ്യവസ്ഥ ഇന്നാട്ടില്‍ ജനിച്ചുവളരുന്ന മുസ്‌ലീങ്ങളായ മനുഷ്യരെ നോക്കിക്കാണുന്നത് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ കണ്ണുകള്‍ കൊണ്ടെന്നതിനേക്കാള്‍ ഗാന്ധി ഘാതകനും ഹിന്ദു രാഷ്ട്ര വാദിയുമായ ഗോഡ് സേയുടെ കണ്ണുകള്‍ കൊണ്ടാണെന്നാണ്.

ഇതിന് ഉപോല്‍ബലകമായി ധാരാളം തെളിവുകള്‍ നിരത്താം. അതിലൊന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെയുടേതാണ്. അനേകം വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും വഴിവെയ്ക്കാവുന്ന വിധത്തില്‍ ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ആളാണ് ബാല്‍ താക്കറെ! എന്നിട്ടും ഭീകരവാദ നിയമ പ്രകാരമോ അല്ലാതെയോ അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് ദിവസം പോലും ജയില്‍ ശിക്ഷ അനുഭവിക്കാതെയാണ് ബാല്‍ താക്കറെ കാലപുരി പൂകിയത്.

എന്നാല്‍ ബാല്‍ താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കില്‍ രണ്ട് വരി എഴുതിയപ്പോള്‍ ഷഹീന്‍ദാദ എന്ന പെണ്‍കുട്ടിക്കെതിരെ കേസുകളും പുകിലുകളും ഒട്ടേറെയുണ്ടായി. വര്‍ഗീയ വാദിയും കലാപകാരിയുമായ താക്കറെയ്‌ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും മുതിരാത്ത നിയമസംവിധാനം താക്കറെയുടെ മരണത്തില്‍ അനുശോചിക്കത്തക്കതായ യാതൊന്നും ഇല്ലെന്ന് എഴുതുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ചാടി വീഴുന്നത് കാണുമ്പോള്‍ നമ്മുടെ നിയമസംവിധാനം പക്ഷപാതപരമായല്ല പ്രയോഗത്തിലിരിക്കുന്നതെന്ന് പറയുവാന്‍ കാവിഭീകരന്‍മാരൊഴിച്ച് മറ്റെല്ലാ മനുഷ്യരും നിര്‍ബന്ധിതരാകും.

ഏത് അളവ് കോല് വെച്ച് അളന്നാലും ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് ഹിന്ദുമതഭ്രാന്തന്‍മാര്‍ വിളിക്കുന്ന ബാല്‍ താക്കറെ എന്ന കാവിഭീകരനോളം ഭീകരനല്ലായിരുന്നു ഐ.എസ്സ്.എസ്സ് കാലത്തെ അബ്ദുള്‍ നാസര്‍ മഅദനി പോലും എന്ന് വ്യക്തമാവും. എന്നിട്ടും മഅദനി ഭീകരനായി മുദ്രകുത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ താക്കറെയുടെ ഒരു രോമത്തെ പോലും നമ്മുടെ നീതിന്യായ വ്യവസ്ഥ സ്പര്‍ശിച്ചതുപോലുമില്ല. ഇങ്ങനെ താക്കറേയും മഅദനിയേയും കൂട്ടി നിര്‍ത്തി പരിശോധിക്കുമ്പോഴാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രായോഗത്തില്‍ ഹിന്ദു രാഷ്ട്രവാദപരമായ കാവി ഭീകരതയുടെ നിയന്ത്രണത്തിലാണെന്ന് പറയേണ്ടി വരുന്നത്.

ഇത് കേള്‍ക്കാന്‍ ന്യായാധിപന്‍മാര്‍ക്ക് ഗോഡ്‌സേയുടെ കാത് പോര; ഗാന്ധിജിയുടെ കാതുകള്‍ വേണം

ഗാന്ധിജി രാഷ്ട്ര പിതാവായ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ ഗാന്ധി ഘാതകനായ ഗോഡ്‌സേയുടെ ദൃഷ്ടിയോടെ മുസ്‌ലീങ്ങളായ പൗരന്മാരെ നോക്കി കാണുന്നതായിരിക്കരുത്. ഇതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ മഅദനിയുടെ അന്യായത്തടങ്കല്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി നടത്തിവരുന്ന ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ വിരല്‍ച്ചൂണ്ടുന്ന പ്രധാന വിഷയം.

ഗോഡ്‌സേയുടെ ഇന്ത്യയ്ക്ക് വേണ്ടിയല്ല മറിച്ച് മഹാത്മാഗാന്ധിയുടെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് മഅദനിയെ മുന്‍ നിര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തി വരുന്നത്. ഈ വസ്തുത ടി.ജി മോഹന്‍ദാസിനെപ്പോലുള്ളവര്‍ക്ക് കാണാനാവില്ല. ഇനി എങ്ങാനും കാണാന്‍ കഴിഞ്ഞാല്‍ തന്നെ അത് അവര്‍ക്ക് തുറന്ന് പറയാനും കഴിയില്ല. എന്തെന്നാല്‍ അവര്‍ കാവിഭീകരത എന്ന രാവണന്റെ അടിമകളാണ്.

തെറ്റ് എന്നറിഞ്ഞിട്ടും തെറ്റ് തന്നെ ചെയ്യേണ്ടി വരുന്ന മാരീചന്റെ ആത്മാവോടു കൂടി മാത്രമേ ടി.ജി മോഹന്‍ദാസിനെപ്പോലുള്ളവര്‍ക്ക് ഏതു വിഷയത്തിലും പ്രതികരിക്കാനാവൂ. അക്കാര്യമാണ് മോഹന്‍ദാസ് മഅദനി വിഷയത്തില്‍ തെളിയിച്ചതും.

അബ്ദുള്‍ നാസര്‍ മഅദനിയെ തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരളത്തില്‍ ഇല്ല. ഇടതുപക്ഷവും വലതുപക്ഷവും മഅദനിയെ കറിവേപ്പില പോലെ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇവരൊന്നും ഇപ്പോള്‍ മഅദനിക്ക് വേണ്ടി ഒരു ചെറിയ ഒച്ച പോലും ഉണ്ടാക്കുന്നുമില്ല.

എല്‍.കെ അദ്വാനിയെ വധിക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതെന്ന് പറയപ്പെടുന്ന കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം അന്യായമായി ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കോടതി മഅദനിയെ കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ച് പുറത്ത് വിടുന്നത്. മഅദനി എന്ന വികലാംഗന്‍ പ്രസ്തുത ഒമ്പത് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഷുഗര്‍ ഉള്‍പ്പെടെയുള്ള നാനാവ്യാധികളാല്‍ തീര്‍ത്തും അവശനായി കഴിഞ്ഞിരിക്കുന്നു.

ഇങ്ങനെയൊരാള്‍ക്ക് സഹായികളില്ലാതെ ദൈംനംദിന കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാനാവില്ല. എന്നിരിക്കേ കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ മഅദനി കുടകില്‍ പോയി ബാംഗ്ലൂര്‍ ബോംബുസ്‌ഫോടനത്തിന് വേണ്ടതായ ഒത്താശ നല്‍കി എന്നൊക്കെ ആരോപിക്കുന്നത് സാമാന്യ യുക്തിക്ക് പോലും നിരക്കാത്ത കാര്യമാണ്.

ഇനി മഅദനി കുടകില്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ചാല്‍ പോലും അദ്ദേഹത്തിന് ഒറ്റയ്ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ല. പലരും കൂടെ പോയിരിക്കും. അങ്ങനെ കൂടെ പോകാന്‍ ഇടയുള്ളവരില്‍ കേരള പോലീസ് നിയോഗിച്ച ഗണ്‍മാന്‍ വരെ ഉണ്ടായേക്കാം. ഇതൊക്കെ ചേര്‍ത്ത് വെച്ച് ചിന്തിച്ചാല്‍ മഅദനിയെ മാത്രമല്ല കൂടെപ്പോയവരേയും  അറസ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു.

എന്തുകൊണ്ട് അത് ചെയ്തില്ല. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് മഅദനിയുടെ അറസ്റ്റിന് പിന്നില്‍ കാവി ഭീകരതയുടെ ഗൂഢാലോചനയുണ്ടെന്ന് പറയേണ്ടി വരുന്നതും മഅദനി അനുഭവിക്കുന്ന അന്യായത്തടവ് സ്വയം കൃതാനര്‍ത്ഥമല്ലെന്ന് തറപ്പിച്ച് പറയുന്നത് നീതിക്ക് വേണ്ടിയുള്ള നിലവിളിയാകുന്നതും!

ഇത് കേള്‍ക്കാന്‍ ന്യായാധിപന്‍മാര്‍ക്ക് ഗോഡ്‌സേയുടെ കാത് പോര; ഗാന്ധിജിയുടെ കാതുകള്‍ വേണം. സ്വാമി വിവേകാനന്ദനും മഹര്‍ഷി അരബിന്ദോയും മഹാത്മാഗാന്ധിയും ഒക്കെ ഹിന്ദുക്കളായി ജനിച്ച് ലോകാരാധ്യരായ ഹിന്ദുക്കളായി വിശ്വത്തോളം വലുതായ നാട്ടില്‍ ബാല്‍താക്കറെയെപ്പോലൊരു ഗുണ്ടാസേനത്തലവനെ ഹിന്ദു ഹൃദയ സാമ്രാട്ടെന്ന് വിളിക്കുവാന്‍ ഇടയായതില്‍ മാനഹാനി അനുഭവിക്കുന്ന ഏതൊരു ഭാരതീയനും മഅദനി അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ മഅദനിയുടെ സ്വയം കൃതാനര്‍ത്ഥമായി മാത്രം കരുതനാവില്ല.

കരുതാനാകണമെങ്കില്‍ മലാല യൂസുഫ്‌സായ് എന്ന പതിനാലുകാരി പെണ്‍കുട്ടി പാക്കിസ്ഥാനില്‍ അനുഭവിച്ചതും തസ്ലീമാ നസ്‌റിന്‍ ബംഗ്ലാദേശില്‍ അനുഭവിച്ചതും മീരാനായര്‍ എന്ന സംവിധായക ഇന്ത്യയില്‍ അനുഭവിച്ചതും രാഷ്ട്രപിതാവായ ഗാന്ധിജി ഗോഡ്‌സെയുടെ നിറത്തോക്കിലൂടെ അനുഭവിച്ചതും മറ്റും സ്വയം കൃതാനര്‍ത്ഥങ്ങളുടെ പട്ടികയില്‍പ്പെടുത്തേണ്ടിവരും. എന്തിന് യേശുക്രിസ്തു കുരിശില്‍ കയറിയത് പോലും സ്വയം കൃതാനര്‍ത്ഥമായി കരുതേണ്ടി വരും. മോഹന്‍ദാസിന്റെ സ്വയം കൃതാനര്‍ത്ഥ വിചാരപദ്ധതി ഈ വഴിയ്‌ക്കൊക്കെ ചിന്തിക്കാന്‍ തയ്യാറുണ്ടോ.

മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:

മഅദനി: ’9.5+2′

Related Article

മഅദനിയുടെ സ്വയംകൃതാനര്‍ത്ഥം

തീവ്രവാദത്തിന്റെ പേരിലുള്ള അറസ്റ്റിന് പിന്നില്‍ ഐ.ബിയുടെ കരങ്ങള്‍: ബി.ആര്‍.പി ഭാസ്‌ക്കര്‍

We use cookies to give you the best possible experience. Learn more