| Thursday, 12th July 2018, 2:55 pm

'പാക്കിസ്ഥാനെ പ്രീണിപ്പിച്ചുകൊണ്ടിരുന്നയാള്‍ അവര്‍ക്കെതിരായോ?': തരൂരിനാവശ്യം വൈദ്യസഹായമെന്നും സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശശി തരൂരിന് വൈദ്യസഹായം ആവശ്യമുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് തരൂരിനാവശ്യമായ വൈദ്യസഹായമെത്തിക്കണമെന്നാണ് സ്വാമിയുടെ പ്രസ്താവന. ബി.ജെ.പി അധികാരത്തിലേറിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“തരൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി അനുകമ്പ കാണിക്കണം. അദ്ദേഹത്തിന് വൈദ്യസഹായം ആവശ്യമുണ്ടോയെന്ന് പരിശോധിച്ച് കണ്ടെത്തണം. ആവശ്യമെങ്കില്‍ മനോരോഗാശുപത്രിയിലേക്ക് മാറ്റുകയും വേണം.” സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

“ഏതെങ്കിലും മരുന്നിന്റെ ഓവര്‍ഡോസിലാണോ അദ്ദേഹമെന്നറിയില്ല. വ്യക്തമായ നിരാശയും ബുദ്ധിമുട്ടും അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. ഹിന്ദു പാക്കിസ്ഥാന്‍ എന്നതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? അദ്ദേഹം പാക്കിസ്ഥാനെതിരാണോ? പാക്കിസ്ഥാനികളെ പ്രീണിപ്പിക്കുന്നയാളാണദ്ദേഹം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ ആവശ്യപ്പെടുന്നയാളാണ്. അദ്ദേഹത്തിന് പാക്കിസ്ഥാനികളായ ഗേള്‍ഫ്രണ്ടുകളുമുണ്ട്. ഇവരെല്ലാം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആളുകളാണ്.” തരൂരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


Also Read: പീഡന വിവരം പുറത്ത് പറയുമെന്ന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ; ബിഷപ്പ് കൊന്നുകളഞ്ഞേനെയെന്നും കന്യാസ്ത്രീയുടെ സഹോദരി


തരൂരിന്റെ പരാമര്‍ശത്തിന്മേലുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടും അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു തീവ്രവാദത്തെപ്പറ്റി കോണ്‍ഗ്രസ്സ് മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു വലിയ പരാജയമായിപ്പോയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം തരൂരിന്റെ പ്രസ്താവന തള്ളിക്കളയണം. അല്ലാത്ത പക്ഷം അവരും വലിയ നിരാശയിലാണെന്നാണര്‍ത്ഥമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ബി.ജെ.പി 2019ല്‍ അധികാരത്തിലേറിയാല്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞത്. ഇത് ഇന്ത്യയെ പാക്കിസ്ഥാനെപ്പോലെയാക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ വിലവയ്ക്കാത്ത അവസ്ഥ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more