തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് മന്നത്ത് പത്മനാഭന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ശിവഗിരിയിലെ സന്യാസിമാരെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. വൈക്കം സത്യാഗ്രഹം നടന്ന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം പ്രവണതകള്‍ ഉയര്‍ന്നു വരുന്നത് ശരിയായ ഒരു നടപടിയാണോ എന്നും നമ്മള്‍ വളരുകയാണോ തളരുകയാണോ ചെയ്തത് എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഈ ശതാബ്ദി ആഘോഷ വേളയെന്നും ശുഭാംഗാനന്ദ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹത്തില്‍ പങ്കാളികളായ നേതാക്കളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്നത്ത് പത്മനാഭന്റെ പ്രതിമക്ക് മുന്നിലെത്തിയപ്പോള്‍, അവിടെയുണ്ടായിരുന്ന ആളുകള്‍ പുഷ്പാര്‍ച്ചന നടത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് വളരെ ധിക്കാരപൂര്‍വം തങ്ങളോട് പറഞ്ഞതായും, ഇത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജാതിതിരിച്ചുള്ള താലപ്പൊലി ഘോഷയാത്രകള്‍ നടത്തുന്നതിലൂടെ വൈക്കം ക്ഷേത്രോത്സവം അധ:പതിച്ചിരിക്കുകയാണെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി.
എന്‍.എസ്.എസിന്റെ താലൂക്ക് ആസ്ഥാന മന്ദിരത്തിന് കീഴിലാണ് മന്നത്ത് പത്മനാഭന്റെ പ്രതിമയെന്നാണ് തനിക്ക് മനസിലായതെന്ന് പറഞ്ഞ അദ്ദേഹം എന്‍.എസ്.എസ് നേതൃത്വത്തില്‍ നിന്ന് ആരും തന്നോട് നേരിട്ട് സംസാരിച്ചില്ലെന്നും എന്നാല്‍ ശിവഗിരിയിലെ തന്റെ ഓഫീസുമായി വൈക്കത്തെ എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികള്‍ ബന്ധപ്പെട്ടതായും അറിയിച്ചു.
‘വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഞങ്ങള്‍ നേരത്തെ തന്നെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. സമരനായകന്‍ ടി.കെ മാധവന്റെ പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് സമൂഹ പ്രാര്‍ഥനയോടെയാണ് ഞങ്ങളുടെ ചടങ്ങുകള്‍ ആരംഭിക്കുക എന്ന് പറഞ്ഞിരുന്നു. അതിനു ശേഷം രാമസ്വാമി നായ്ക്കരുടെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. മന്നത്ത് പത്മനാഭന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം നമുക്ക് അറിയാമല്ലോ, വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണ ജാഥ നടത്തിയ ആളാണ് അദ്ദേഹം. വൈക്കം സത്യാഗ്രഹത്തോട് വളരെ അനുഭാവ പൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് മന്നത്ത് പത്മനാഭന്‍ നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രതിമക്ക് മുന്നില്‍ ഞങ്ങള്‍ പുഷ്പാര്‍ച്ചന നടത്താനായി ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഞങ്ങളെ വിലക്കി. അവിടെ പുഷ്പാര്‍ച്ചന നടത്തുന്നതിന് അനുമതി വേണമെന്നാണ് ഞങ്ങളോട് പറഞ്ഞത്. വളരെ ധിക്കാരപൂര്‍വമാണ് അദ്ദേഹമത് പറഞ്ഞത്, ആ വാക്ക് മാനിച്ച് കൊണ്ട് ഞങ്ങള്‍ അപ്പോള്‍ തന്നെ തിരിച്ച് പോന്നു. ഇത് സാംസ്‌കാരിക കേരളത്തിനും പ്രബുദ്ധ കേരളത്തിനും അപമാനമാണ്,’ ശുഭാംഗാനന്ദ പറഞ്ഞു.
‘എന്‍.എസ്.എസിന്റെ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ കീഴിലാണ് ആ പ്രതിമ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അതിനുശേഷം എന്‍.എസ്.എസിന്റെ ഭാരവാഹികള്‍ ആരും തന്നെ എന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ വൈക്കത്തുള്ള എന്‍.എസ്.എസ് യൂണിയന്‍ ഭാരവാഹികള്‍ ശിവഗിരിയിലെ എന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. തങ്ങളറിയാതെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്നും തങ്ങളിതില്‍ ഉത്തരവാദികളല്ല എന്നുമാണ് അവര്‍ പറഞ്ഞത്. ആരാണിത് ചെയ്തതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ആരാഞ്ഞിരുന്നെങ്കിലും പിന്നീട് മറുപടിയൊന്നും അവര്‍ നല്‍കിയിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കം സത്യാഗ്രഹം നടന്ന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം പ്രവണതകള്‍ ഉയര്‍ന്നു വരുന്നത് ശരിയായ ഒരു നടപടിയാണോ എന്നും നമ്മുടെ സമൂഹം വളരുകയാണോ തളരുകയാണോ ചെയ്തത് എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഈ ശതാബ്ദി ആഘോഷ വേളയെന്നും ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ശ്രീനാരായണ ഗുരുവിനെ വഴിതിരിച്ചു വിട്ട വൈക്കത്ത് ഗുരുശിഷ്യര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം സാമൂഹ്യസാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജാതിനശീകരണത്തിനുള്ള ക്രിയാത്മകമായ ഇടപെടലുകളല്ലേ ശ്രീനാരയണീയ പ്രസ്ഥാനങ്ങളില്‍ നിന്നും ഗുരുശിഷ്യരില്‍ നിന്നുമുണ്ടാകേണ്ടത്, മറിച്ച് ജാതികളുടെ ഐക്യമെന്ന രീതിയില്‍ അത് ന്യൂനീകരിക്കപ്പെടുന്നുണ്ടോ
എന്ന ചോദ്യത്തിന് ജാതിനശീകരണമെന്ന പ്രഖ്യാപിത ലക്ഷ്യമാണ് ഗുരുദേവന്റെ ശിഷ്യപരമ്പരയായ സന്യാസി സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അതില്‍ മായം ചേര്‍ക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ശുഭാംഗാനന്ദ പറഞ്ഞു.
മന്നത്ത് പത്മനാഭനെപ്പോലുള്ള ഒരു നവോത്ഥാന നായകനെ ആരുടെയെങ്കിലും സ്വകാര്യസ്വത്തായി വെക്കുന്നത് ശരിയല്ലാത്ത ഒരു പ്രവണതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്നത്ത് പത്മനാഭന്റെ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നത്, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത മഹാത്മാക്കളുടെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമാണെന്നും, വൈക്കം സത്യാഗ്രഹം ജാതി തിരിച്ചുള്ള ഒരു സമരമായിരുന്നില്ലെന്നും അവര്‍ണരും സവര്‍ണരുമുള്‍പ്പെടെ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും അതിലുണ്ടായിരുന്നുവെന്നും, മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള സമരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പാര്‍ച്ചനയുമായ ബന്ധപ്പെട്ട വിഷയം ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമൂഹത്തില്‍ ഒരു അനൈക്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി.
‘ജാതി സങ്കല്‍പങ്ങള്‍ അശാസ്ത്രീയമാണെന്നും ശാസ്ത്രീയമായ ജാതി എന്നു പറയുന്നത് മനുഷ്യജാതിയാണെന്നും സമര്‍ത്ഥിക്കുകയാണ് ഗുരു ചെയ്തത്. യഥാര്‍ഥ മതം ആത്മമതമാണെന്നാണ് ഗുരു പഠിപ്പിച്ചത്. സങ്കുചിത, വിഭാഗീയ ചിന്തകള്‍ക്കതീതമായി ഏവര്‍ക്കും സ്വീകാര്യമായ ഒരു ജാതി,മത,ദൈവ സങ്കല്‍പമായിരുന്നു ശ്രീനാരായണ ഗുരുദേവനുണ്ടായിരുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള താലപ്പൊലി ഘോഷയാത്ര നടത്തുന്നത് ശരിയായ കാര്യമല്ലെന്നും സാമൂഹ്യബോധമുണ്ടെങ്കില്‍ ഒരു സംഘടനകളും ഇത്തരം പ്രവണതകളുമായി മുന്നോട്ട് പോകില്ലെന്നും ശുഭാംഗാനന്ദ പറഞ്ഞു.
‘വൈക്കം സത്യാഗ്രഹമെന്നു പറയുന്നത് വൈക്കം ക്ഷേത്രത്തിന് മുന്നിലുള്ള വഴികളിലൂടെ പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടിയുള്ള ഒരു സമരമായിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വൈക്കം ക്ഷേത്രം തികച്ചും വിവേചനം കാണിച്ചു കൊണ്ടുള്ള ഒരു ശൈലിയിലേക്കാണ് പോകുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് നടക്കുന്ന താലപ്പൊലി ഘോഷയാത്ര മുന്‍കാലങ്ങളില്‍ ദേശങ്ങളില്‍ നിന്നുള്ള ഘോഷയാത്രയായിരുന്നെങ്കില്‍ ഇന്ന്, ഏതാനും വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് ജാതിയുടെ പേരിലുള്ള ഘോഷയാത്രകളാണ്. പുലയ സമുദായത്തിന്റെ പേരില്‍ ഘോഷയാത്ര നടക്കുന്നു, ഈഴവ സമുദായത്തിന്റെ പേരില്‍ ഘോഷയാത്ര നടക്കുന്നു, നായര്‍ സമുദായത്തിന്റെ പേരില്‍ ഘോഷയാത്ര നടക്കുന്നു. ഇങ്ങനെ വിവേചനപരമായി ജാതിതിരിച്ചുള്ള താലപ്പൊലി ഘോഷയാത്രയായി വൈക്കം ക്ഷേത്രോത്സവം അധ:പതിച്ചിരിക്കുന്നുവെന്ന് ദു:ഖത്തോടെ പറയാതെ വയ്യ,’ ശുഭാംഗാനന്ദ പറഞ്ഞു.
ഉയര്‍ന്ന സാമൂഹ്യബോധം ആ ഭരണ തലങ്ങളിലും സംഘടനാ തലങ്ങളിലും ക്ഷേത്രഭരണ സംവിധാനത്തിലുമെല്ലാം ഉണ്ടായാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഹരിക്കപ്പെടൂ. പണ്ട് ഇത്തരത്തിലുളള വിവേചനം പ്രകടമായിരുന്നെങ്കില്‍, ഇന്ന് ആളുകളുടെ മനസിലും ചിന്തയിലും ഒതുങ്ങി നിന്ന് കൊണ്ട് അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയാണ്. അതിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്നത്. സാമൂഹ്യബോധമുണ്ടെങ്കില്‍ ഒരു സംഘടനകളും ജാതീയപരമായ താലപ്പൊലി ഘോഷയാത്ര പോലെയുള്ള പ്രവണതകളുമായി മുന്നോട്ട് പോകില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.
Content Highlights: Swamy subhangananda about vaikom sathyagraha controversy