തിരുവനന്തപുരം: ബലാത്സംഗത്തിന് പ്രതികാരമായി പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച ശ്രീഹരി സ്വാമി ആളുകളെ സ്വാധീനിച്ചത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കികൊണ്ട്.
2010ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നടന്ന സമരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം ഇദ്ദേഹവും പങ്കെടുത്തിരുന്നു. മലബാറിലെ 120ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെയായിരുന്നു സമരം. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കണ്ട് നിവേദനം നല്‍കിയവരില്‍ കുമ്മനത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു.
Must Read: ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി ശ്രീഹരി
ഇതിനു പുറമേ 2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഇദ്ദേഹമായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ഹിന്ദുമത സ്ഥാപനങ്ങളിലെ പരിപാടികളില്‍ മുഖ്യ പ്രഭാഷകന്‍ കൂടിയാണ് സ്വാമി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാമി പരിചയപ്പെടുന്നതും ഇത്തരമൊരു സമരപരിപാടിക്കിടെയായിരുന്നു. തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിനിടെയാണ് സ്വാമി പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാവുന്നത്. സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് ശ്രീഹരി സ്വാമിയായിരുന്നു.
നേരത്തെ കോലഞ്ചേരിയില്‍ “ദൈവസഹായം” എന്ന പേരില്‍ ഹോട്ടലുകള്‍ നടത്തിയ വ്യക്തിയാണ് ഇയാള്‍. നാട്ടില്‍ പൂജയും ആത്മീയ പരിപാടികളുമായി ജീവിച്ച ഹരി സ്വാമി 15 വര്‍ഷം മുന്‍പാണ് നാട്ടുവിട്ടത്. ദൈവസഹായം എന്ന പേരിലുള്ള ഹോട്ടലുകള്‍ ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹരി, ഹരി സ്വാമിയായി രൂപമെടുത്തത്. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ ബുള്ളറ്റ് സ്വാമിയെന്നാണ് ഇയാള്‍ അറിയപ്പെട്ടത്. കൊല്ലത്തെ ആശ്രമത്തില്‍ എത്തിയ ശേഷമാണ് ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചത്.