[share]
[]തിരൂര്‍: സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകന്‍ സ്വാമി സന്ദീപാനന്ദ ഗിരിയ്ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തിരൂര്‍ തുഞ്ചന്‍പമ്പറില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുന്നതിനിടെയാണ് ആക്രമണം. പ്രഭാഷണം ആരംഭിച്ചയുടന്‍ വേദിയില്‍ കയറിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിയ്ക്കുകായിരുന്നു. പുറത്തേയ്‌ക്കോടിയ അദ്ദേഹത്തെ പിന്തുടര്‍ന്ന് അവര്‍ കല്ലെറിയുകയായിരുന്നു.
സംഭവസ്ഥലത്ത് പോലീസെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. പരിക്കേറ്റ സന്ദീപാനന്ദയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്ദീപാനന്ദ സ്ഥാപിച്ച വോയ്‌സ് ഓഫ് ഭഗവദ്ഗീതയുടെ പേരില്‍ സംഘടിപ്പിച്ച ക്ലാസിനിടയിലാണ് സന്ദീപാനന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്. ക്ലാസ് ആരംഭിച്ച ഉടനെ ഇരുപതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബഹളം വെയ്ക്കുകയും ക്ലാസ് തടസപ്പെടുത്താന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ ക്ലാസ് തുടര്‍ന്ന സന്ദീപാനന്ദയെ വേദിയില്‍ കയറി ആക്രമിയ്ക്കുകയായിരുന്നു.
ആധുനിക മലയാളിയുടെ പൂജാമുറി ആള്‍ദൈവങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുകയാണെന്നും സ്വന്തം അമ്മയെ തള്ളേയെന്ന് വിളിയ്ക്കുന്നവര്‍ ആശ്രമങ്ങളില്‍ പോയി അമ്മേയെന്ന് വിളിച്ച് വരി നില്‍ക്കുകയാണെന്നും താന്‍ അഭിപ്രായപ്പെട്ടിരുന്നെന്നും ഇതില്‍ പ്രകോപിതാരായാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നെന്നും സന്ദീപാനന്ദ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ അമൃതാനന്ദമയിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സന്ദീപാനന്ദ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സന്ദീപാനന്ദയുടെ പ്രഭാഷണം പലതവണ അമ്മഭക്തര്‍ തടയാന്‍ ശ്രമിച്ചിരുന്നു.
മുമ്പ് കോഴിക്കോട്ട് ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദയുടെ പരിപാടി അമൃതാനന്ദമയിയുടെ അനുയായികള്‍ തടഞ്ഞിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാടിലെ സന്ദീപാനന്ദയുടെ പ്രഭാഷണ വേദി അമ്മ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.