| Saturday, 15th January 2022, 12:04 pm

80-20 അല്ല, ഇനി മുതല്‍ 85-15; 85 ഞങ്ങളുടെത്, ബി.ജെ.പിക്ക് ബാക്കി വരുന്ന 15ഉം ചിതറിക്കും; യോഗിയോട് സ്വാമി പ്രസാദ് മൗര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദമായ 80-20 പരാമര്‍ശത്തിന്മേല്‍ മറുപടിയുമായി ബി.ജെ.പി വിട്ട് ബി.എസ്.പിയിലെത്തിയ ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ.

80-20 ആയിരിക്കില്ല, 85-15 ആയിരിക്കും ഇനി മുതലുള്ള സമവാക്യമെന്നും മൗര്യ പറഞ്ഞു. ബി.ജെ.പിക്ക് കിട്ടുക 15 ശതമാനം മാത്രം വോട്ടുകളായിരിക്കും എന്നാല്‍ ആ 15 ശതമാനത്തിലും വിഭജനം വരും എന്ന ധ്വനിയോടെയായിരുന്നു മൗര്യയുടെ പ്രതികരണം.

”നിങ്ങള്‍ നല്‍കുന്ന മുദ്രാവാക്യം 80, 20 ശതമാനത്തിന്റെതാണ്. എന്നാല്‍, ഞാന്‍ പറയുന്നു, ഇനി മുതല്‍ അത് 85 നും 15 നും ഇടയിലായിരിക്കും.

85 ഞങ്ങളുടെതാണ്. ബാക്കി വരുന്ന 15ല്‍ തന്നെ പിന്നെയും ചിതറിക്കും,” മൗര്യ പറഞ്ഞു.

ബി.ജെ.പിയുടെ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയെക്കുറിച്ചുള്ള ചോദ്യത്തിന്,
ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും എന്നാല്‍ അതിന്റെ തലപ്പത്തിരിക്കുന്നത് അഞ്ച് ശതമാനം മാത്രം വരുന്ന സവര്‍ണ, മുന്നോക്കക്കാരാണെന്ന് മൗര്യ പറഞ്ഞു.

യു.പിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ലഖ്നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് യോഗി പറഞ്ഞത്.

സംസ്ഥാനത്തെ ഹിന്ദു-മുസ്ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80,20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.

യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്ലിം മതവിശ്വാസികളുമാണുള്ളത്.

ഈ കണക്കിനെ എടുത്തുപറഞ്ഞ്, തെരഞ്ഞെടുപ്പിനെ ബി.ജെ.പി വര്‍ഗീയത ഉപയോഗിച്ച് നേരിടുമെന്ന കൃത്യമായ സൂചനയാണ് യോഗിയുടെ കമന്റിലുള്ളത്.

”മത്സരം ഇപ്പോള്‍ 80ഉം 20ഉം തമ്മിലാണ്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് ഇതിലെ 80. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും.

വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20. അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ്.

അതുകൊണ്ട് ഈ 80-20 ഫൈറ്റില്‍ താമരയായിരിക്കും വഴി തെളിക്കുക,” എന്നായിരുന്നു ബി.ജെ.പി മുഖ്യമന്ത്രി പറഞ്ഞത്.

80-20 പരാമര്‍ശത്തെ കളിയാക്കിക്കൊണ്ട് യോഗിക്കെതിരെ അഖിലേഷ് യാദവും രംഗത്ത് വന്നിരുന്നു.

തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 80 ശതമാനം സീറ്റുകളും ബി.ജെ.പിക്ക് 20 ശതമാനം സീറ്റുകളും ലഭിക്കുമെന്നാണ് യോഗി പറഞ്ഞത് എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് എസ്.പിയില്‍ ചേര്‍ന്ന നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി കണക്ക് പഠിക്കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു.

യോഗി മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും
ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയുമടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും കഴിഞ്ഞ ദിവസങ്ങളിലായി ബി.ജെ.പി വിട്ടിരുന്നു. പിന്നാക്ക വിഭാഗങ്ങളോടുള്ള ബി.ജെ.പി അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

ബി.ജെ.പി വിട്ട നേതാക്കള്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യു.പിയില്‍ അപ്രതീക്ഷിതമായ അടിയാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്.

സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടകൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Swamy Prasad Maurya reply to BJP’s Yogi Adityanath on 80-20 comment

We use cookies to give you the best possible experience. Learn more