ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രലായം പരാജയപ്പെട്ടെന്ന് സ്വാമി കുറ്റപ്പെടുത്തി. നടപടി 50 ദിവസം പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവില്ല. ഇത് നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ധനമന്ത്രാലയത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.
നോട്ട് നിരോധനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് രാജിവെയ്ക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. നോട്ട് പ്രതിസന്ധിക്കെതിരെ കൃത്രിമ പ്രതിഷേധങ്ങളാണ് കേരളത്തില്‍ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഏറ്റവും കുറവ് ബുദ്ധിമുട്ട് അനുഭവിച്ച സംസ്ഥാനമാണ് കേരളമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മതിയായ തയാറെടുപ്പില്ലാതെയാണെന്ന് സ്വാമി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഉയര്‍ന്ന മൂല്യമുള്ള രണ്ട് നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന് പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.