ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയേക്കാവുന്ന നീക്കങ്ങളെ വിലയിരുത്തി പ്രമുഖ കോളമിസ്റ്റ് സ്വാമിനാഥന്‍ എസ്.എ അയ്യര്‍ ഫെബ്രുവരി 24ന്, അതായത് ബാലാക്കോട്ട് ആക്രമണത്തിന്റെ 40 മണിക്കൂര്‍ മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു.
ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന അവകാശവാദങ്ങളെ റോയിട്ടേഴ്‌സ്, ബി.ബി.സി അടക്കമുള്ള ലോകമാധ്യമങ്ങള്‍ ഖണ്ഡിക്കുമ്പോള്‍ നിലവിലത്തെ സാഹചര്യം എസ്.എ അയ്യര്‍ പ്രവചിച്ചത് പോലെയാണ് എന്നാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുന്നത്.
രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് വിദ്ഗധനും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മലയാള പത്രങ്ങളിലടക്കം കോളമിസ്റ്റുമായ യോഗേന്ദ്ര യാദവാണ് ട്വിറ്ററില്‍ ഈ സാമ്യം ആദ്യം പങ്കുവെച്ചത്.
Stick to political theatre, it is safer than risking war with Pak എന്ന തലക്കെട്ടിലാണ് ടൈംസ് ഓഫ് ഇന്ത്യയിലെ ആക്ഷേപഹാസ്യ രൂപത്തിലുള്ള എസ്. അയ്യരുടെ ലേഖനം. 1999ലെ കാര്‍ഗില്‍ യുദ്ധം വാജ്‌പേയിയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു യുദ്ധത്തിലേക്ക് പോകാതെ 2016ല്‍ നടത്തിയ രീതിയില്‍ ഒരു “സര്‍ജിക്കല്‍ സ്‌ട്രൈക്ക്” നടത്തുകയാണ് മോദിയുടെ മുന്നിലുള്ള മാര്‍ഗമെന്ന് ലേഖനത്തില്‍ പറയുന്നു.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ അവിടത്തെ നമ്മുടെ ആളുകളെ വെച്ച് രഹസ്യമായി ആക്രമിക്കുകയാണ് ഒരു മാര്‍ഗമെന്ന് അയ്യര്‍ പറയുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ ഭീകരകേന്ദ്രങ്ങള്‍ ജാഗരൂകരാവുമെന്നിരിക്കെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന നവീനമായ രാഷ്ട്രീയ നാടകമാണ് അവശേഷിക്കുന്നതെന്ന് അയ്യര്‍ പറയുന്നു.
“”പഴയ പല ഭീകര ക്യാമ്പുകളോ നേതാക്കളോ വേണ്ടത്ര സുരക്ഷ പോലുമില്ലാതെ നിഷ്‌ക്രിയമായി കിടക്കുകയായിരിക്കും. ഇവയെ തകര്‍ക്കാന്‍ ഒരു രഹസ്യ നീക്കം എന്തുകൊണ്ട് നടത്തിക്കൂടാ. എന്നിട്ട് ഉണ്ടാക്കിയ നാശനഷ്ടത്തെ കുറിച്ച് പെരുപ്പിച്ച് പറയുക, വിജയം ഉണ്ടായെന്ന് ചിത്രീകരിക്കാന്‍ കൃത്രിമ വീഡിയോ ഇറക്കുക. മാധ്യമങ്ങള്‍ ഈ വിജയ കഥകള്‍ എടുത്ത് ആഘോഷിക്കും. ഇതിനെ എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.”” എസ്. അയ്യരുടെ ലേഖനത്തിന്റെ അവസാന ഖണ്ഡികയുടെ ഏകദേശ അര്‍ത്ഥമിങ്ങനെയാണ്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ യുദ്ധമൊഴിവാക്കി പൊതുജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ നാടകമായാണ് ലേഖനത്തില്‍ അയ്യര്‍ വിശേഷിപ്പിക്കുന്നത്. 2016ല്‍ നടന്ന മാധ്യമങ്ങളും മോദിയും വാഴ്ത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും നാടകമായാണ് അദ്ദേഹം വിലയിരുത്തുന്നത്.