തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്നു ജീവിച്ചിരുന്നിരുന്നെങ്കില്‍ കരി ഓയില്‍ അക്രമങ്ങള്‍ അനുഭവിക്കേണ്ടിവന്നേനെയെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്നത്തെ ഇന്ത്യയില്‍ മനുഷ്യത്വം ഊട്ടിയുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയേനെ എന്നും അതിനുള്ള പ്രതികരണമായി ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നേനെയെന്നുമാണ് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കവെ തരൂര്‍ അഭിപ്രായപ്പെട്ടത്.
സ്വാമി അഗ്നിവേശ് സംബന്ധിച്ച “വെറുപ്പിന്റെ അസഹിഷ്ണുതയും അക്രമവും” എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ വച്ച് സ്വാമി അഗ്നിവേശിനെതിരെ നടന്ന സംഘപരിവാര്‍ അക്രമത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രസ്താവന.
“സ്വാമി വിവേകാനന്ദന്‍ ഇപ്പോഴത്തെ ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വാമി അഗ്നിവേശിനെ ആക്രമിച്ച ഗുണ്ടാസംഘം അദ്ദേഹത്തെയും ലക്ഷ്യമിട്ടേനെ. സ്വാമി വിവേകാനന്ദന്‍ എല്ലാ കാലത്തും എല്ലാവരെയും ബഹുമാനിക്കാന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ. അതു കൊണ്ടുതന്നെ ഉറപ്പിച്ചു പറയാം, അവര്‍ അദ്ദേഹത്തിന്റെ മുഖത്ത് കരി ഓയില്‍ എറിയും. അദ്ദേഹത്തെ തെരുവില്‍ അടിച്ചുവീഴ്ത്തും. സ്വാമി വിവേകാനന്ദന്‍ എല്ലായ്‌പ്പോഴും മാനുഷികതയ്ക്കാണ് വില കല്പിച്ചിരുന്നത്.” തരൂര്‍ പറയുന്നു.
ഹിന്ദുധര്‍മത്തെ പ്രോത്സാഹിപ്പിക്കുന്നെന്നു പറയുന്ന ആര്‍.എസ്.എസ് താനുമായി വസുധൈവ കുടുംബകത്തെപ്പറ്റി തുറന്ന സംവാദത്തിനുണ്ടോയെന്ന് ചടങ്ങില്‍ സ്വാമി അഗ്നിവേശ് വെല്ലുവിളിച്ചിരുന്നു. മോദി ഹിറ്റലറെപ്പോലെ തികഞ്ഞൊരു ഏകാധിപതിയായി മാറിയിരിക്കുന്നുവെന്നും തനിക്കെതിരെയുണ്ടായ അക്രമം സ്റ്റേറ്റ് സ്‌പോണ്‍സേഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലായ് 17നാണ് ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ച് സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചത്. ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
തരൂരും സംഘപരിവാര്‍ അക്രമങ്ങള്‍ നേരിട്ട ചരിത്രമുള്ളയാളാണ്. ബി.ജെ.പി 2019 തെരഞ്ഞെടുപ്പു ജയിച്ചാല്‍ ഇന്ത്യ “ഹിന്ദു പാകിസ്ഥാ”നാകും എന്ന പരമര്‍ശത്തെത്തുടര്‍ന്ന് വലിയ അതിക്രമങ്ങളാണ് അദ്ദേഹത്തിനു നേരെ ഉണ്ടായത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 2,920 വര്‍ഗ്ഗീയ അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 70 എണ്ണം പശുക്കടത്തുമായി ബന്ധപ്പെട്ട അതിക്രമങ്ങളാണെന്നും തരൂര്‍ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.