| Wednesday, 9th October 2013, 1:39 pm

പ്രഭാവര്‍മ്മയുടെ ശ്യാമ മാധവവും വയലാര്‍ അവാര്‍ഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊള്ളരുതാത്ത കൃതികള്‍ ചൂടിന്‍ വിവാദങ്ങളുടെ പിന്‍ബലത്തില്‍ അത്യുത്തമ കൃതികളേക്കാള്‍ പുസ്തകച്ചന്തയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടാറുണ്ട്. വൃത്തമൊപ്പിക്കുവാന്‍ കിണഞ്ഞു ക്ലേശിച്ചതിന്റെ ലക്ഷണ പിശകുകളത്രയും പ്രകടമാക്കുന്ന ഒരു ശ്ലോക സഞ്ചയമാണ് ശ്യാമമാധവം. അതിലപ്പുറം അതില്‍ കവിതയുടെ മണ്ണും വിണ്ണും തേടുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.


എസ്സേയ്‌സ്/ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

മാധ്യമങ്ങള്‍ ആവശ്യത്തിലേറെ ചര്‍ച്ച ചെയ്ത് പൊതുജനങ്ങള്‍ക്ക് മടുപ്പും വെറുപ്പും ഉളവാക്കിയ ഒരു ദാരുണ സംഭവമായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധം.

ടി.പി വധത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട സി.പി.ഐ.എമ്മിനെ നീതികരിച്ച് പ്രഭാവര്‍മ്മ ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനം എഴുതി. അക്കാലയളവില്‍ തന്നെയായിരുന്നു പ്രഭാവര്‍മ്മയുടെ “ശ്യാമമാധവം” എന്ന ഖണ്ഡകാവ്യം സമകാലിക മലയാളം വാരികയില്‍ ഖണ്ഡ:ശയായി പ്രസിദ്ധീകരിച്ചു വന്നിരുന്നത്.

കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന കവിയുടെ കവിത തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് മലയാളം വാരികയുടെ പത്രാധിപരായിരുന്ന ജയചന്ദ്രന്‍ നായര്‍ തീരുമാനമെടുത്തു. ജയചന്ദ്രന്‍ നായരുടെ നടപടി പത്രാധിക ഫാഷിസമാണെന്ന ചൂണ്ടിക്കാണിച്ച് അക്കാലത്ത് ഈ ലേഖകനും ഒരു ലേഖനം എഴുതിയിരുന്നു.

പക്ഷേ ആ ലേഖനം എഴുതുമ്പോഴും പ്രഭാവര്‍മ്മയുടെ “ശ്യാമ മാധവം” എന്ന കൃതി വായിച്ചിടത്തോളം കൊള്ളാവുന്ന കവിതയാണെന്നോ അതിലെ കൃഷ്ണദര്‍ശനം വ്യാസകൃഷ്ണനെ ആഴത്തിലും പരപ്പിലും കണ്ടറിയുവാന്‍ കഴിഞ്ഞ ഒരാളുടേതാണെന്നോയുള്ള അഭിപ്രായം ഈ ലേഖകന് തെല്ലുമേ ഉണ്ടായിരുന്നില്ല.

കൊള്ളരുതാത്ത കൃതികള്‍ ചൂടിന്‍ വിവാദങ്ങളുടെ പിന്‍ബലത്തില്‍ അത്യുത്തമ കൃതികളേക്കാള്‍ പുസ്തകച്ചന്തയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടാറുണ്ട്. “ശ്യാമ മാധവത്തിനും” അത്തരമൊരു വിപണനമൂല്യം ജയചന്ദ്രന്‍ നായര്‍ വഴി കേരളക്കരയില്‍ ഉണ്ടായി. അത്രതന്നെ.

വൃത്തമൊപ്പിക്കുവാന്‍ കിണഞ്ഞു ക്ലേശിച്ചതിന്റെ ലക്ഷണ പിശകുകളത്രയും പ്രകടമാക്കുന്ന ഒരു ശ്ലോക സഞ്ചയമാണ് ശ്യാമമാധവം. അതിലപ്പുറം അതില്‍ കവിതയുടെ മണ്ണും വിണ്ണും തേടുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

അര്‍ഹതയല്ല അവാര്‍ഡ് ലബ്ധിക്ക് വേണ്ടെതെന്ന് തെളിയിക്കുവാന്‍ തക്ക ഒരു ഉദാഹരണം കൂടി ഉണ്ടായി എന്നതൊഴിച്ച് മറ്റൊന്നും പ്രഭാവര്‍മ്മയ്ക്ക് വയലാര്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതിലൂടെ സംഭവിച്ചിട്ടില്ല

ഇത്തരം ഒരു കൃതിക്ക് നല്‍കപ്പെടുക വഴി വയലാര്‍ അവാര്‍ഡിന്റെ മഹിമയും ഗരിമയുമൊക്കെ നന്നേ കുറഞ്ഞുപോയിരിക്കുന്നു. ഇത്തരം കൃതികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ “ഇത്തവണ അവാര്‍ഡിന് അര്‍ഹതപ്പെട്ട കൃതികളൊന്നും കണ്ടെത്തുവാനായില്ലെന്ന്” വയലാര്‍ പുരസ്‌ക്കാര സമിതി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ അവധാനതയും അഭിമാനവും നിറഞ്ഞ സമീപനമാകുമായിരുന്നു.

പാര്‍വ്വതി പവനന്റെ “പവന പര്‍വ്വ”ത്തിനും സഖാവ് എം.വി രാഘവന്റെ ” ഒരു ജന്മ” ത്തിനും സിസ്റ്റര്‍ ജെസ്മിയുടെ ” ആമേനും” ഡോ. ഖദീജാ മുംതാസിന്റെ “ബര്‍സ”യ്ക്കും പ്രൊഫ: ജോണ്‍സണിന്റെ “കുടിയന്റെ കുമ്പസാരത്തിനും” മറ്റുമുള്ള ചരിത്ര പ്രാധാന്യമോ സാമൂഹിക വിമര്‍ശന മൂല്യമോ പൊതുജന സമ്മതിയോ ഉള്ള ഒരു കൃതിയല്ല പ്രഭാവര്‍മ്മയുടെ “ശ്യാമമാധവം”.

മാത്രമല്ല ചെറു കഥാരംഗത്ത് വൈശാഖന്‍, അശോകന്‍ ചരുവില്‍, നോവല്‍ രംഗത്ത് മാടമ്പ് കുഞ്ഞുക്കുട്ടന്‍, ടി.ഡി രാമകൃഷ്ണന്‍, കാവ്യരംഗത്ത് ഏഴാച്ചേരി രാമചന്ദ്രന്‍, രാവുണ്ണി, റഫീക്ക് അഹമ്മദ്, പ്രൊഫ: വി.ജി തമ്പി തുടങ്ങിയവര്‍ വയലാര്‍ അവാര്‍ഡിന് തക്ക യോഗ്യതയുള്ള സാമൂഹിക സാംസ്‌കാരിക നിലപാടുകളോടെ ജീവിച്ചിരിക്കുമ്പോഴാണ് പ്രഭാവര്‍മ്മയ്ക്ക് വയലാര്‍ അവാര്‍ഡ് നല്‍കപ്പെട്ടതെന്നതും പരിചിന്തന അര്‍ഹിക്കുന്ന വിഷയമാണ്.

ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ അര്‍ഹതയല്ല അവാര്‍ഡ് ലബ്ധിക്ക് വേണ്ടെതെന്ന് തെളിയിക്കുവാന്‍ തക്ക ഒരു ഉദാഹരണം കൂടി ഉണ്ടായി എന്നതൊഴിച്ച് മറ്റൊന്നും പ്രഭാവര്‍മ്മയ്ക്ക് വയലാര്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതിലൂടെ സംഭവിച്ചിട്ടില്ലെന്ന് തന്നെ വിലയിരുത്തേണ്ടി വരുന്നു. ഇനി “ശ്യാമമാധവ”മെന്ന പുരസ്‌കൃത കൃതിയെക്കുറിച്ച് ചിലത് ചിന്തിക്കാം.

മഹാഭാരത്തില്‍ വിവരിക്കുന്ന കുരുക്ഷേത്ര യുദ്ധം ഉള്‍പ്പെടെയുള്ള സംഭവങ്ങളെക്കുറിച്ച് വേടന്റെ അമ്പേറ്റ് മരണാസന്നനായി കിടക്കവേ ശ്രീകൃഷ്ണന്‍ ചില വീണ്ടുവിചാരങ്ങള്‍ നടത്തി എന്നും അതിന്റെ ഫലമായുണ്ടായ കുറ്റബോധത്താല്‍ കറുത്ത ആത്മാവോട് കൂടിയാണ് കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞതെന്നുമാണ് പ്രഭാവര്‍മ്മ “ശ്യാമമാധവ”ത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്.

യുദ്ധം ചെയ്യണം എന്ന് പറഞ്ഞ താനല്ല മറിച്ച് യുദ്ധമേ പാപാമെന്ന വാദിച്ച് വിഷാദിച്ച അര്‍ജ്ജുനനായിരുന്നു ശരി എന്ന് ഏറ്റുപറയുന്ന കൃഷ്ണനാണ് “ശ്യാമമാധവ”ത്തിലേത്.


“ശ്യാമമാധവം” അത്തരമൊരു ചോദ്യത്തേയും നേരിടുകയോ സമാധാനം കണ്ടെത്തുവാനുള്ള ഉള്‍താപത്തിന് പാത്രീഭവിക്കുകയോ ചെയ്ത ഒരു കവിയുടെ രചനയാണെന്ന് ആഖ്യാനതലത്തിലോ ഭാവതലത്തിലോ ദാര്‍ശനിക തലത്തിലോ അനുഭവപ്പെടുത്തുകയോ തെളിയിക്കുകയോ ചെയ്യുന്നില്ല.


[]മുലഞെട്ടില്‍ വിഷം പുരട്ടി കൈക്കുഞ്ഞുങ്ങളെ കൊല്ലാന്‍ കംസന്റെ കല്പന പ്രകാരം അമ്മ ചമഞ്ഞെത്തിയ പൂതനയെ കൊന്നത്; കാളിന്ദി എന്ന ജീവദായിനിയായ നദിയില്‍ വിഷംകലക്കിയ കാളിയനെ മര്‍ദ്ദിച്ചുകൊന്നത്, ഇന്ദ്രനുള്ള യജ്ഞകര്‍മ്മം മുടക്കിയത്, കംസന്‍, ജരാസന്ധന്‍ തുടങ്ങിയ ഏകാധിപതികളെ കൊന്നും കൊല്ലിച്ചും വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള അനേകായിരങ്ങള്‍ക്ക് അടിമത്തത്തില്‍ നിന്ന് വിമോചനം നേടിക്കൊടുത്തത്, കുചേലന്‍ എന്ന പണ്ഡിതന്റെ അറുതിയും വറുതിയം പാടെ മാറ്റിയത്, രുഗ്മിണി എന്നൊരു യുവതി തന്നെ മനസാ ഭര്‍ത്താവായി വരിച്ചു എന്നറിഞ്ഞപ്പോള്‍ എല്ലാ എതിര്‍പ്പുകളേയും ചെറുത്ത് അവളെ സ്വവധുവാക്കി കൂടെ പൊറുപ്പിക്കുവാന്‍ തുനിഞ്ഞത്, ഋതുമതിയായൊരു പെണ്ണിനെ രാജ്യസഭയിലേക്ക് വലിച്ചുകൊണ്ടുവന്ന് അവളെ വസ്ത്രാക്ഷേപം ചെയ്യാന്‍ ബലം പ്രയോഗിച്ചു രസിച്ച ഭരണകൂട ദുശ്ശാസനങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാന്‍  തീരുമാനമെടുത്തത്, ധര്‍മ്മപുത്രരുള്‍പ്പെടെയുള്ള സുഹൃദ് ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി അപമാനിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ദുര്യോധന സഭയിലേക്ക് ദൂതനായി പോയത്, സമൂഹം രണ്ടാംതരമായി കണക്കാക്കിയിരുന്ന തേരാളിപ്പണി ചെയ്തും പാണ്ഡവരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നതും സര്‍വോപരി ഒരുപാട് ഭരണകൂടങ്ങളെ മാറ്റിമറിച്ചിടുവാന്‍ കാരണപുരുഷനാവേണ്ടി വന്നിട്ടും ഒരു ഭരണാധികാര പദവിയിലും സ്വയം അവരോധിതകാവാതെ വെറും നിരീക്ഷകനായി മാറി നിന്നത്- ഇതൊക്കെയാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ രാസപ്രതിഭയിലൂടെ അവതീര്‍ണ്ണമാകുന്ന ഇതിഹാസനായകനായ ശ്രീകൃഷ്ണന്‍ ചെയ്ത കര്‍മ്മങ്ങള്‍.

ഇതിലേതുകര്‍മ്മമാണ് മരണശയ്യയില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അരുതാത്തത് എന്ന് കണ്ടെത്തി പശ്ചാത്തപവിവശനാകാന്‍ മാത്രം പാപകരമായിട്ടുള്ളത് അഥവാ സത്യ ധര്‍മ വിരുദ്ധമായിട്ടുള്ളത്..? വ്യാസന്റെ കൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി എന്തെങ്കിലും എഴുതുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ഏതൊരു കവിയും ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടതുണ്ട്.

“ശ്യാമമാധവം” അത്തരമൊരു ചോദ്യത്തേയും നേരിടുകയോ സമാധാനം കണ്ടെത്തുവാന്‍ വേണ്ടുന്ന ഉള്‍താപത്തിന് പാത്രീഭവിക്കുകയോ ചെയ്ത ഒരു കവിയുടെ രചനയാണെന്ന് ആഖ്യാനതലത്തിലോ ഭാവതലത്തിലോ ദാര്‍ശനിക തലത്തിലോ അനുഭവപ്പെടുത്തുകയോ തെളിയിക്കുകയോ ചെയ്യുന്നില്ല.

യേശുക്രിസ്തു എന്ന നീതിമാനെ ഒറ്റിക്കൊടുത്തതില്‍ കുറ്റബോധമനുഭവിച്ച് യൂദാസ് ഒടുവില്‍ സ്വയം കെട്ടിത്തൂങ്ങിച്ചത്തതായി ക്രൈസ്തവ പുരാവൃത്തങ്ങളില്‍
വായിക്കാം.

യൂദാസിനെ വേട്ടയാടിയ തരത്തിലുള്ള മനസാക്ഷിക്കുത്ത് ശ്രീരാമനുണ്ടാകണമെങ്കില്‍ കൃഷ്ണന്‍ കൊന്നവരും കൃഷ്ണനാല്‍ കൊല്ലപ്പെട്ടവരുമായ കംസനും ജരാസന്ധനും ദുര്യോധനാദികളായ കൗരവവ്യക്തിത്വങ്ങളും യേശുക്രിസ്തുവിനെ പോലെ നീതിമാന്‍മാരായിരുന്നു എന്ന് വരണം.

വ്യാസന്റെ കൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി എന്തെങ്കിലും എഴുതുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ഏതൊരു കവിയും കുറേ ചോദ്യങ്ങളെ നേരിടേണ്ടതുണ്ട്.

അത്തരത്തിലൊരഭിപ്രായം ഒ.എന്‍.വിക്ക് ശേഷം ജ്ഞാനപീഠമേറാന്‍ പോകുന്ന ഇടതുപക്ഷ കവിയായി പലരും ഇതിനോടകം വിലയിരുത്തിക്കഴിഞ്ഞ ശ്രീമാന്‍ പ്രഭാവര്‍മ്മയ്ക്കുണ്ടെങ്കില്‍ വ്യാസ മഹാഭാരതത്തെ മുന്‍നിര്‍ത്തി പ്രസ്തുത അഭിപ്രായം സയുക്തികം സമര്‍ത്ഥിക്കുവാന്‍ “ശ്യാമമാധവ”ത്തിന്റെ രചയിതാവിനെ ഈ ലേഖകന്‍ വെല്ലുവിളിക്കുന്നു.

ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രഭാവര്‍മ്മയും അദ്ദേഹത്തിന്റെ സ്തുതിപാഠകരും സംവാദത്തിന് രംഗത്ത് വന്നാല്‍ മുഴുവന്‍ മലയാളികള്‍ക്കും ഒരു കാര്യം തീര്‍ത്തും ബോധ്യമാകും.

പ്രഭാവര്‍മ്മ വ്യാസ സാഹിത്യം എന്ന അപരമായ കാവ്യസംസാരത്തിലേക്ക് ഊളയിട്ട് ഇറങ്ങി മുത്തുകള്‍ വാരിയിട്ടില്ലെന്നും തിരയടിച്ച് കരയ്ക്ക് തള്ളുന്ന കക്കകള്‍ മാത്രമേ അദ്ദേഹം പെറുക്കിയെടുത്തിട്ടുള്ളൂ എന്നതുമായിരിക്കും ആ കാര്യം.

“നത്തോലി അത്ര ചെറിയ മീനല്ല” എന്ന് ന്യൂജനറേഷന്‍ സിനിമ പറയുന്ന ശൈലിയില്‍ കടല്‍ത്തീരത്തെ കക്ക പെറുക്കലും കടലിനെ അറിയലാണെന്ന് വാദിച്ച് വേണമെങ്കില്‍ സമാശ്വസിക്കാം. പക്ഷേ ഇത്തരം ഇത്തിരിക്കുഞ്ഞന്‍ സമാശ്വാസങ്ങളെ വ്യാസമൗനങ്ങള്‍ക്ക് ഭാഷ്യമെഴുതലായി പെരുപ്പിച്ച് പറയരുത്.


കാരുണ്യത്തിന്റെ കാവ്യങ്ങള്‍ എഴുതി കരിവള്ളൂരിലും കാവുമ്പായിലും മുനയന്‍കുന്നിലും നടന്ന ജനകീയ പോരാട്ടങ്ങളില്‍ ഒഴുകിയ ചോര കമ്മ്യൂണിസ്റ്റ് കാട്ടാളത്തിന്റെ “ക്രൂരവൃത്തി” കളുടേതായിരുന്നെന്ന് പ്രഖ്യാപിച്ച അക്കിത്തത്തിന്റെ “ഇതിഹാസ വഴിയേ” പ്രഭാവര്‍മ്മയും സഞ്ചരിക്കുമോ?


വ്യാസഭാരതത്തിലെ ഗീതോപദേശം “കൊല്ലുന്നത് പാപമല്ല ധര്‍മ്മയുദ്ധം ക്ഷത്രിയ ധര്‍മ്മമാണ്” എന്നാക്കെ ന്യായീകരിക്കുന്നു എന്നാണ് പ്രഭാവര്‍മ്മ മനസിലാക്കുന്നത്. ഗീതോപദേഷ്ടാവായ കൃഷ്ണനാണ് മരണാസന്നവേളയില്‍ പശ്ചാത്താപ വിവശനായി” യുദ്ധം വേണ്ടെന്ന്” വാദിച്ച അര്‍ജ്ജുനനാണ് ശരിയെന്ന് കുറ്റസമ്മതം നടത്തുന്നതായി ശ്യാമമാധവത്തില്‍ ചിത്രീകരിക്കുന്നത്.

ഇതേ യുക്തിയില്‍ ചിന്തിച്ചാല്‍ ടി.പി വധത്തെ ന്യായീകരിച്ച് പ്രബന്ധങ്ങള്‍ എഴുതിയ ഞാനല്ല വെട്ടുവഴി കവികളായിരുന്നു ശരിയെന്ന് വരും നാളുകളില്‍ പ്രഭാവര്‍മ്മയും ചിന്തിച്ച് പശ്ചാത്താപ പരവശനായി, “പ്രഭ”യില്ലാത്ത വെറും “വര്‍മ”യായി തീര്‍ന്നേക്കുമെന്നും പറയേണ്ടി വരും.

രക്തരൂക്ഷിതമായ സായുധസമരം ചെയ്തിട്ടായാലും സമത്വസുന്ദരമായ ലോകം പടുത്തുയര്‍ത്തണമെന്ന് മര്‍ദ്ദിത പക്ഷത്തോടുള്ള അകം നിറഞ്ഞ കരുണയാല്‍ സയുക്തികം സിദ്ധാന്തിച്ച കാറല്‍ മാര്‍ക്‌സിനെ ഹൃദയത്തില്‍ ആവാഹിച്ചുകൊണ്ട്, വി.ഐ ലെനിനും സഖാക്കളും നടത്തിയ റഷ്യന്‍ വിപ്ലവത്തില്‍ സര്‍ ചക്രവര്‍ത്തിയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി പേരെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാസന്റെ പ്രതിഭയിലൂടെ അവതരിക്കപ്പെട്ട ശ്രീകൃഷ്ണന്റെ മൗനങ്ങള്‍ക്ക് പോലും ശബ്ദരൂപം നല്‍കാന്‍ കഴിവുണ്ടെന്ന് കരുതുന്ന പ്രഭാവര്‍മ ഭാവിയില്‍ ലെനിനിന്റെ മൗനങ്ങള്‍ക്കും ശബ്ദം നല്‍കി സര്‍ കുടുംബാംഗങ്ങളെ കൊന്നത് ശരിയായില്ലെന്ന് ആത്മഗതം ചെയ്യിപ്പിക്കുമോ?

അത്തരം കാരുണ്യത്തിന്റെ കാവ്യങ്ങള്‍ എഴുതി കരിവള്ളൂരിലും കാവുമ്പായിലും മുനയന്‍കുന്നിലും നടന്ന ജനകീയ പോരാട്ടങ്ങളില്‍ ഒഴുകിയ ചോര കമ്മ്യൂണിസ്റ്റ് കാട്ടാളത്തിന്റെ “ക്രൂരവൃത്തി” കളുടേതായിരുന്നെന്ന് പ്രഖ്യാപിച്ച അക്കിത്തത്തിന്റെ “ഇതിഹാസ വഴിയേ” പ്രഭാവര്‍മ്മയും സഞ്ചരിക്കുമോ?

ചില ചോദ്യങ്ങള്‍ ചോദിച്ചുവെക്കുന്നേയുള്ളു. പക്ഷേ അക്കിത്തത്തിന്റേതുള്‍പ്പെടെയുള്ള സഞ്ചാരപഥങ്ങളെ ചോരകണ്ടാലുടനെ ബോധം മറിഞ്ഞ് കുഴഞ്ഞ് വീഴുന്നതാണ് അന്തരംഗം കാരുണ്യപൂരിതമാണെന്നതിന് തെളിവെന്ന് കരുതുന്ന ദുര്‍ബല ചിത്തര്‍ക്ക് മാത്രമേ കാരുണ്യേതിഹാസത്തിലെ മഹാപ്രസ്ഥാനമെന്നൊക്കെ വിശേഷിപ്പിക്കുവാനാകൂ.

ഈ ഗണത്തില്‍പ്പടെത്താവുന്ന ദുര്‍ബലചിത്തരാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലുണ്ടായിരുന്നത് എന്നതായിരിക്കണം യുദ്ധം ചെയിപ്പിച്ച കൃഷ്ണനല്ല യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പിടിവാശിപിടിച്ച അര്‍ജ്ജുനനായിരുന്നു ശരിയെന്ന് കൃഷ്ണനെക്കൊണ്ട് തന്നെ പറയിപ്പിക്കുന്ന “ശ്യാമ മാധവ”ത്തിന് വയലാര്‍ അവാര്‍ഡ് ഉറപ്പാക്കിയത്.

യഥാര്‍ത്ഥ ചരിത്രപുരുഷന്‍മാരെല്ലാം കൊല്ലന്മാരാണ്. അവര്‍ കാരിരുമ്പിനേയും പഴുപ്പിച്ച് യഥേഷ്ടം വെട്ടിനുറുക്കി കഷ്ണങ്ങളാക്കും. പിന്നീടതിനെ കൂട്ടിച്ചേര്‍ത്ത് ഉപകാരപ്രദങ്ങളായ ഉപകരണങ്ങള്‍ തീര്‍ക്കുകയും ചെയ്യും.

വെട്ടിനുറുക്കലിന്റെ ക്രൂരതയും വിളക്കിച്ചേര്‍ക്കലിന്റെ കലാവിരുതും ഒത്തിണങ്ങിയ വ്യക്തിത്വങ്ങളിലൂടെ മാത്രമേ മാനവ ചരിത്രം മുന്നേറിയിട്ടുള്ളൂ. അത്തരം ചരിത്രപുരുഷന്‍മാരാണ് മുഹമ്മദ് നബിയും ലെനിനും ഉള്‍പ്പെടെയുള്ളവര്‍.

വ്യാസന്റെ കൃഷ്ണനും വെട്ടിനുറുക്കലിന്റേയും വിളക്കിച്ചേര്‍ക്കലിന്റേയും കലയും ശാസ്ത്രവും സുന്ദരമായി ആവിഷ്‌ക്കരിച്ച ഇതിഹാസ നായകനാണ് അത്തരമൊരു കഥാപാത്രം,  ദുര്യോദനനെപ്പോലുള്ളവരെ കൊല്ലിച്ചതിനും കംസനെപ്പോലുള്ളവരെ കൊന്നതിനും സ്വയം കുറ്റപ്പെടുത്തി മരണം വരിച്ചതായി ചിത്രീകരിക്കുന്ന “ശ്യാമമാധവം” പോലൊരു കൃതി എഴുതുവാന്‍ ലെനിനെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റിനോ ധര്‍മ്മയുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുമ്മദ് നബിയെ ആദരിക്കുന്ന മുസ്‌ലീമിനോ കഴിയില്ല- ബുദ്ധനെ ആദരിച്ച അംബേദ്ക്കറെപ്പോലുള്ളവര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. കൊള്ളപ്പലിശക്കാരെ ചാട്ടയ്ക്കടിച്ച യേശുക്രിസ്തുവിനെ ആദരിക്കുന്നവര്‍ക്കും കഴിയുകയില്ല.

അതിനാല്‍ ചോദിക്കട്ടെ, ശ്യാമമാധവമെഴുതിയ പ്രഭാവര്‍മ്മയുടെ മാതൃകാ പുരുഷന്‍ ആരാണ്? മട്ടും ഭാവവും വെച്ച് ഈ ലേഖകന് തോന്നുന്നത് പ്രഭാവര്‍മ്മയുടെ മാതൃകാ പുരുഷന്‍മാര്‍ “മഹാകവി”കളായ അക്കിത്തവും ഒ.എന്‍.വിയും ആണെന്നാണ്. എന്തെഴുതിയാലും അതിനൊക്കെ അവാര്‍ഡ് കിട്ടുവാന്‍ പ്രഭാവര്‍മ്മ മാതൃകയാക്കേണ്ടത് മേല്‍പ്പറഞ്ഞ കവികളെയാണെന്ന കാര്യത്തിലും ഈ ലേഖകന് സംശയമില്ല.

പക്ഷേ ചരിത്രഗതിയെ നിര്‍ണയിക്കുന്നതും അതുവഴി ഭൂമിമലയാളം നിലനില്‍ക്കുവോളം സഹൃദയരില്‍ ജീവിക്കുന്നതുമായ വല്ലതും എഴുതുവാനോ പറയുവാനോ ചെയ്യുവാനോ ഒ.എന്‍.വിയേയും അക്കിത്തത്തേയുമല്ല മറിച്ച് മുഹമ്മദ് നബിയേയും ലെനിനേയും പോലുള്ള ചരിത്രപുരുഷന്‍മാരുടെ ജീവിതങ്ങളേയും വ്യാസ പ്രതിഭയിലൂടെ ധര്‍മ്മ യുദ്ധത്തിനുള്ള പാഞ്ചജന്യം മുഴക്കിയ കൃഷ്ണനേയും വാല്‍മീകി പ്രതിഭയിലൂടെ ഭോഗരാവണനെതിരെ വില്ലുകുലച്ച ത്യാഗ രാമന്റെ ധര്‍മ്മ വീര്യത്തേയും മറ്റും മാതൃകയാക്കുന്നതായിരിക്കും നന്നാവുക.

അത്തരം ഒരു മാതൃക പ്രഭാവര്‍മ്മ സ്വീകരിച്ചിരുന്നെങ്കില്‍ “ശ്യാമമാധവ”ത്തിലെ കുറ്റബോധത്താല്‍ കറുത്ത കൃഷ്ണനെ അദ്ദേഹത്തിന് വരയ്ക്കാനാവുമായിരുന്നില്ല. അത്രയൊന്നും വേണ്ട, ഓഷോ രജനീഷിന്റെ “krishnan; man and his philosophy” എന്ന ഗ്രന്ഥം മറിച്ചു നോക്കുവാനെങ്കിലും പ്രഭാവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍, ആശയ ദാരിദ്ര്യത്തിന്റെ ഇരുള്‍ മൂടിയ “ശ്യാമമാധവം” സംഭവിക്കുമായിരുന്നില്ല.

We use cookies to give you the best possible experience. Learn more