| Saturday, 15th February 2014, 6:45 pm

കേരളം യാഗശാലകളുടേയും മദ്യശാലകളുടേയും നാടാകേണ്ടതുണ്ടോ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണ്‍ചിരാതില്‍ വിളക്ക് കൊളുത്തുന്നതിനേക്കാള്‍ നിലവിളക്കില്‍ തിരി തെളിയിക്കുന്നത് കൂടുതല്‍ മഹത്തരമായി എണ്ണപ്പെട്ടു. ഈ ഉപഭോഗ ഭ്രാന്തിന്റെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ കര്‍ഷകന് എട്ട് രൂപ കിട്ടാത്ത നാളികേരം ഒന്നിന് നൂറ്റെട്ട് രൂപ വിലയീടാക്കുന്ന യജ്ഞ വേദികളില്‍, ക്യൂ നിന്ന് ശീട്ട് മുറിക്കുന്ന അധ്യാത്മിക സംരംഭങ്ങള്‍ ശക്തിപ്പെട്ടത്.സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എഴുതുന്നു


[share]

എസ്സേയസ്/ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

യാഗയജ്ഞങ്ങള്‍ക്കെതിരായ ആശയതലത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഉപനിഷത്തുകളോളമെങ്കിലും പഴക്കമുണ്ട്. എന്നാല്‍ ആശയ തലത്തില്‍ മാത്രമല്ല പ്രായോഗിക തലത്തിലും യാഗയജ്ഞങ്ങള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകുന്നത് ശ്രീബുദ്ധനിലൂടെയാണ്.

ബുദ്ധന് ശേഷം ഭാരതത്തിലൊരിക്കലും യാഗ-യജ്ഞങ്ങള്‍ക്ക് ബ്രാഹ്മണങ്ങളിലെ കെട്ടിലും മട്ടിലും നിലനില്‍ക്കാനാവുന്ന സാഹചര്യമുണ്ടായിട്ടേയില്ല. പശു, ആട്, കുതിര എന്നീ നാല്‍ക്കാലികളേയും ഋഗ്വേദത്തിലെ ശൂനശേഫോ പാഖ്യാന പ്രകാരം മനുഷ്യരേയും വരെ അറുത്തു ഹോമിച്ചിരുന്ന യാഗയജ്ഞങ്ങള്‍ തീര്‍ത്തും നടപ്പിലാകാത്ത സ്ഥിതി ബുദ്ധനുശേഷം നിലവില്‍ വന്നു.

ഉപനിഷത്തുക്കള്‍ തുടങ്ങിവെച്ചതും ബുദ്ധനിലൂടെ മൂര്‍ത്ത രൂപം പൂണ്ടതുമായ യാഗയജ്ഞങ്ങള്‍ക്കെതിരായ നടപടികള്‍ പിന്നീട് പുരാണങ്ങളും ഏറ്റെടുത്തു. ഇന്ത്യയിലെ ജനപ്രിയ ദൈവതമായ ശ്രീകൃഷ്ണന്‍ ഭാഗവത മഹാപുരാണത്തില്‍ ഇന്ദ്രയജ്ഞം മുടക്കുന്നുണ്ട്.

മാത്രമല്ല യജ്ഞങ്ങളില്‍ ഞാന്‍ അതിരാത്രമാണെന്നോ വാജപേയമാണെന്നോ ഒന്നും പ്രസ്താവിക്കാതെ “യാഗയജ്ഞങ്ങളില്‍ ഞാന്‍ ജപയജ്ഞ” മാണെന്ന് പ്രഖ്യാപിക്കുവാന്‍ ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ തയ്യാറാകുന്നു.

” യജ്ഞാനാം യപയജ്ഞോസ്മി” എന്ന ഭഗവത് ഗീതയിലെ വിഭൂതിയോഗത്തിലെ പ്രസ്താവന ഓര്‍മ്മിക്കുക. ഋഗ്വേദാദി വേദങ്ങളേക്കാള്‍ പഴക്കമുള്ള സൈദ്ധവ നദീതട സംസ്‌ക്കാരത്തില്‍ പോലും ആരാധ്യനായിരുന്ന ദേവനെന്ന് ചില ചരിത്രകാരെങ്കിലും സമ്മതിച്ചിട്ടുള്ള പശുപതി ശിവനെ കേന്ദ്രമാക്കി ഇന്ത്യയില്‍ വളര്‍ന്നുവന്ന ശൈവപുരാവൃത്തങ്ങളും യാഗയജ്ഞങ്ങള്‍ക്ക് എതിരാണ്.

ബ്രഹ്മാവിന്റെ പുത്രനായ ദക്ഷപ്രജാപതി ഇന്ദ്രനും വിഷ്ണുവും ഉള്‍പ്പെടെയുള്ള വൈദിക ദേവഗണങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ യാഗത്തെ വീരഭദ്രനേയും കാളിയേയും അയച്ചുതകര്‍ത്ത് തരിപ്പണമാക്കുന്ന ഭൂതനാഥനാണ് ശൈവമതത്തിലെ പരമശിവന്‍ എന്ന് പ്രസിദ്ധമാണല്ലോ.

[] തീര്‍ന്നില്ല, വൈദിക ബ്രാഹ്മണ മതത്തിന്റെ നിയമസംഹിതയായി അംഗീകരിച്ചു തരുന്ന മനുസ്മൃതിയിലും യാഗയജ്ഞ പ്രശംസ നന്നേ കുറവാണ്. പാകയജ്ഞങ്ങളേക്കാള്‍ പല മടങ്ങ് ഫലപ്രദമാണ് ജപ യജ്ഞം എന്ന് മനുസ്മൃതി ഭഗവത്ഗീതയെ അനുസ്മരിക്കും വിധം പ്രസ്താവിക്കുന്നു.

യേ പാക യജ്ഞാശ്ചത്വാരോ
വിധി യജ്ഞ സമന്വിത:
സര്‍വേതേ ജപയജ്ഞേസ്യ
കലാം നാര്‍ഹതി ഷോധശീം

(മനുസ്മൃതി അദ്ധ്യായം2 ശ്ലോകം 86)

“”വിധിയജ്ഞത്തോടുകൂടി നാലുപാകയജ്ഞങ്ങളെല്ലാം ചേര്‍ന്നാലും അവയെല്ലാം കൂടി ജപയജ്ഞത്തിന്റെ പതിനാറിലൊരംശത്തിന് സമമാവുകയില്ല “”എന്നാണ് മേലുദ്ധരിച്ച സ്മൃതിവാക്യത്തിനര്‍ത്ഥം
അടുത്തപേജില്‍ തുടരുന്നു

വിശ്വാസത്തെ വിപ്ലവവുമായി കണ്ണിചേര്‍ക്കുവാനുള്ള ഹ്യൂഗോ ഷാവേഷിന്റെ മാതൃക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രായോഗികവത്ക്കരിക്കുവാന്‍ ഇടതുപക്ഷം ഇനിയും വിമുഖത കാണിച്ചാല്‍ അയ്യങ്കാളിയുടേയും നാരായണ ഗുരുവിന്റേയും അനന്തരാവകാശികളായി നരേന്ദ്ര മോഡിമാര്‍ മാറും.

ജപയജ്ഞം ചെയ്യാന്‍ കോടികളുടെ പണച്ചിലവ് വേണ്ടതില്ല. അഗ്നിയും ഹോമദ്രവ്യങ്ങളും ഒന്നും ആവശ്യമില്ല. സര്‍വേശ്വര സ്മരണയോടെ അകമഴിച്ച് നാമോച്ചരണം ചെയ്യാന്‍ സന്നദ്ധനായ ഏതൊരു വ്യക്തിക്കും ജപയജ്ഞം നടത്താം. ജപയജ്ഞത്തെ വേദാനുശാസിതങ്ങളായ പാക ജ്ഞങ്ങളേക്കാള്‍ പല മടങ്ങ് ഫലപ്രദമെന്ന് ആചാര്യനായ മനു പോലും സമ്മതിച്ചിരിക്കുന്നു.

ഇത്തരമൊരു പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് വണ്ടിത്താവളം തഥാതന്റെ ” ധര്‍മ്മസൂയ” യാഗവും കോഴിക്കോട് ആചാര്യന്‍ എം.ആര്‍ രാജേഷിന്റെ സോമയാഗവുമൊക്കെ ഈശ്വരോപാസനയേക്കാള്‍ കൂടുതല്‍ ധനോപസനാര്‍ത്ഥം ചെയ്യപ്പെടുന്ന ഭക്തിവ്യവസായ സംരംഭങ്ങളാണെന്ന് പറയേണ്ടി വരുന്നത്.

ഉപനിഷത്തുകളും, ശ്രീബുദ്ധനും ശ്രീകൃഷ്ണനും, പരമശിവനും, മനുവും എല്ലാം എല്ലാം ഇകഴ്ത്തിപ്പറഞ്ഞിട്ടുള്ള യാഗയജ്ഞങ്ങളിലേക്ക് ജനങ്ങളെ വീണ്ടും വലിച്ചിഴച്ച് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത് എത്രത്തോളം ഭാരതീയമാണെന്നാണ് ഭാരതീയ വിചാരക്കാര്‍ തെളിയിക്കേണ്ടത്.

തഥാത സ്വാമിമാരുടെ ധര്‍മ്മസൂയത്തിനും ആചാര്യ രാജേഷിന്റെ സോമയാഗത്തിനും ഉപനിഷത്തുകളേക്കാളും ശ്രീബുദ്ധനേക്കാളും ആധ്യാത്മിക പ്രാധാന്യമോ മനുസ്മൃതിയേക്കാള്‍ വൈദിക പ്രാമണ്യമോ ഉണ്ടെന്ന് ആര്‍ക്ക് തെളിയിക്കാനാവും എന്നാണ് ചോദ്യം.

അതൊക്കെ തെളിയിക്കുവാന്‍ പ്രയാസമാണെങ്കിലും ധര്‍മസൂയത്തിന്റേയും സോമയാഗത്തിന്റേയും ഒക്കെ വേദികളിലേക്ക് ആളുകള്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്നുണ്ട് എന്നതിനാല്‍ യാഗയജ്ഞങ്ങളെ പൊതുജനം അംഗീകരിക്കുന്നുണ്ടെന്നുള്ളതുകൊണ്ട് അതിനെ പ്രസക്തമായി പരിഗണിക്കാം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ആളുകള്‍ യാഗശാലയിലേക്ക് മാത്രമല്ല മദ്യശാലകളിലേക്കും കൂട്ടമായി പോകുന്നുണ്ട്.

 വൈദിക ബ്രാഹ്മണ മതത്തിന്റെ നിയമസംഹിതയായി അംഗീകരിച്ചു തരുന്ന മനുസ്മൃതിയിലും യാഗയജ്ഞ പ്രശംസ നന്നേ കുറവാണ്.

മദ്യത്തിനും ജനസമ്മിതിയുള്ളതിനാല്‍ മദ്യപാനം ജനാധിപത്യ വ്യവസ്ഥയില്‍ പ്രസ്‌ക്തമാണെന്ന് പറയാവതല്ലല്ലോ. അതുപോലെ വെറും ജനസമ്മിതിയുണ്ടെന്ന് വെച്ചുമാത്രം യാഗയജ്ഞങ്ങള്‍ എന്ന പണം പിടുങ്ങി യജ്ഞങ്ങളെ  പ്രാമാണികമെന്ന് ആശിര്‍വദിക്കുവാന്‍ തലയ്ക്കകത്ത് ആള്‍പ്പാര്‍പ്പുള്ളവര്‍ക്ക് സാധ്യമാകില്ല.

വസ്തുതകള്‍ ഇവ്വിധമാണെങ്കിലും യാഗയജ്ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ആത്മീയ പരിവേഷമുള്ള തട്ടിപ്പ് പ്രസ്ഥാനങ്ങളിലേക്ക് വിലക്കയറ്റത്തിനും അഴിമതിക്കും എതിരായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലേക്ക് എന്നതിനേക്കാള്‍ പൊതുജനം ഓടിക്കൂടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ആ ചോദ്യത്തിന് സമാധാനം നല്‍കേണ്ടത് പൊതുവേ രാഷ്ട്രീയക്കാരും സവിശേഷമായി കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുമാണ്.

വൈകുണ്ഡം സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ സ്വാമി ശിവയോഗി, വാഗ്ഭടാനന്ദ ഗുരുദേവന്‍, സ്വാമി ആനന്ദ തീര്‍ത്ഥന്‍, ശുഭാനന്ദ ഗുരുദേവന്‍, സ്വാമി മംഗളാനന്ദന്‍, തീര്‍ത്ഥപാദ സ്വാമികള്‍ എന്നിങ്ങനെയുള്ള ആധ്യാത്മികാചാര്യന്‍മാരും വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി തുടങ്ങിയ സാമുദായിക പരിഷ്‌ക്കര്‍ത്താക്കളും നേതൃത്വം നല്‍കിയ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിലും പിന്‍ബലത്തിലുമാണ് ഇ.എം.എസിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ മന്ത്രിസഭ ബാലറ്റിലൂടെ കേരളത്തില്‍ അധികാരത്തിലെത്തുന്നത്.

അടുത്തപേജില്‍ തുടരുന്നു

യാഗയജ്ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ആത്മീയ പരിവേഷമുള്ള തട്ടിപ്പ് പ്രസ്ഥാനങ്ങളിലേക്ക് വിലക്കയറ്റത്തിനും അഴിമതിക്കും എതിരായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലേക്ക് എന്നതിനേക്കാള്‍ പൊതുജനം ഓടിക്കൂടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ആ ചോദ്യത്തിന് സമാധാനം നല്‍കേണ്ടത് പൊതുവേ രാഷ്ട്രീയക്കാരും സവിശേഷമായി കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുമാണ്. [share]

അതിനുശേഷം അധികാരം നിലനിര്‍ത്തുവാനും പിടിച്ചെടുക്കുവാനുമുള്ള അടവുനയങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം മുഖ്യമായും കേന്ദ്രീകരിക്കപ്പെട്ടു. അതേസമയം ട്രേഡ് യൂണിയന്‍ രംഗത്തുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ഇടപെടലുകളാല്‍ കൂലിവര്‍ദ്ധന പോലുള്ള അടിസ്ഥാന വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരത്തില്‍ ശക്തിപ്പെട്ടു. കൂലിവര്‍ദ്ധന, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിച്ചു.

ചുരുക്കത്തില്‍ ഡോക്ടര്‍മാര്‍ വക്കീലുമാര്‍ അധ്യാപകര്‍ പ്യൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്‍മാര്‍ കയറ്റിറക്ക തൊഴിലാളികള്‍ മുതല്‍ കര്‍ഷക തൊഴിലാളികള്‍ വരെയുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പകര്‍ന്നേകിയ അവകാശബോധത്താല്‍ സുസംഘടിതരായ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ അനുഭവിക്കുന്നവരായി തീര്‍ന്നു.

വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ധ്യവും ഉള്ളവര്‍ മുംബൈ പോലുള്ള മറുനാടുകളിലേക്കും അറേബ്യന്‍ വിദേശരാജ്യങ്ങളിലേക്കും തൊഴില്‍തേടിപ്പോയി. ഇങ്ങിനെ പ്രവാസി വരുമാനവും കേരളത്തിലെ ഉയര്‍ന്ന ശമ്പള നിരക്കും വഴിയുണ്ടായ വരുമാനവും ഫലത്തില്‍ കേരളത്തെ മധ്യവര്‍ഗങ്ങളുടെ നാടായിത്തീര്‍ത്തു.

മധ്യവര്‍ഗം പൊതുവേ പൊങ്ങച്ച സ്വഭാവക്കാരാണ്. ഈ പൊങ്ങച്ചം നിലനിര്‍ത്തുവാന്‍ വിലയ്ക്കുവാങ്ങാവുന്നതെല്ലാം വിലയ്ക്കുവാങ്ങുന്നവരായി കേരള ജനത മാറി. വില കൂടുതലുള്ളത് മഹത്തരം എന്നായി തീര്‍ന്നു എല്ലാ കാര്യത്തിലും മലയാളിയുടെ നിലപാട്.

മണ്‍ചിരാതില്‍ വിളക്ക് കൊളുത്തുന്നതിനേക്കാള്‍ നിലവിളക്കില്‍ തിരി തെളിയിക്കുന്നത് കൂടുതല്‍ മഹത്തരമായി എണ്ണപ്പെട്ടു. ഈ ഉപഭോഗ ഭ്രാന്തിന്റെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ കര്‍ഷകന് എട്ട് രൂപ കിട്ടാത്ത നാളികേരം ഒന്നിന് നൂറ്റെട്ട് രൂപ വിലയീടാക്കുന്ന യജ്ഞ വേദികളില്‍, ക്യൂ നിന്ന് ശീട്ട് മുറിക്കുന്ന അധ്യാത്മിക സംരംഭങ്ങള്‍ ശക്തിപ്പെട്ടത്.

ഈ അധ്യാത്മിക ചൂഷണത്തെ പ്രതിരോധിക്കുവാന്‍ നവോത്ഥാന ആത്മീയതയെ ആധാരമാക്കി എങ്ങിനെ ജനഹൃദയങ്ങള്‍ക്ക് ബോധം പകരും എന്ന കാര്യം ഇടതുപക്ഷം തിരഞ്ഞെടുപ്പ് ജയം എന്ന ഒറ്റ അജണ്ടയ്ക്ക് അമിതമായി ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെ പാടെ അവഹേളിച്ചു.

[]പുരോഗമന കലാസാഹിത്യസംഘം പോലുള്ള ഇടതുപക്ഷ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും രാമായണം, മഹാഭാരതം, ഭാഗവതം പോലുള്ള കൃതികളെ സാഹിത്യഗ്രന്ഥങ്ങളായി പരിഗണിച്ച് അവയിലെ സന്ദേശങ്ങള്‍ നവോത്ഥാനമൂല്യങ്ങളോട് കൂടി ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ തീര്‍ത്തും വിമുഖത കാണിച്ചു.

വിശ്വാസത്തെ വിപ്ലവവുമായി കണ്ണിചേര്‍ക്കുവാനുള്ള ഹ്യൂഗോ ഷാവേഷിന്റെ മാതൃക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രായോഗികവത്ക്കരിക്കുവാന്‍ ഇടതുപക്ഷം ഇനിയും വിമുഖത കാണിച്ചാല്‍ അയ്യങ്കാളിയുടേയും നാരായണ ഗുരുവിന്റേയും അനന്തരാവകാശികളായി നരേന്ദ്ര മോഡിമാര്‍ മാറും.

എ.കെ.ജി എന്ന ജനകീയനായ കമ്മ്യൂണിസ്റ്റ് ഹിന്ദു ഐക്യവേദിയുടെ ബാനറില്‍ ചിത്രീകരിക്കുവാനുള്ള ഫോട്ടായായി തീരും. സമരവേദികളില്‍ എന്നതിനേക്കാള്‍ യാഗവേദികളിലേക്ക് ആളുകള്‍ ഓടിച്ചെല്ലും. കേരളം മദ്യശാലകളുടേയും യാഗശാലകളുടേയും കഴുത്തറുപ്പന്‍ കച്ചവടകേന്ദ്രമായി നാറും.

We use cookies to give you the best possible experience. Learn more