| Thursday, 25th May 2017, 4:53 pm

'പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്'; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെ തന്നെ കള്ളസ്വാമിയെന്ന് വിളിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സന്ദപാനന്ദഗിരി രംഗത്ത്. സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മറുപടിയില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൈലാസ യാത്രയിലായിരുന്നുവെന്നും അതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നുമുള്ള ആമുഖത്തോടെയാണ് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സ്വാമിയുടെ ലിംഗം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് സുരേന്ദ്രന്‍ സന്ദീപാനന്ദഗിരിയെ കള്ളസ്വാമിയെന്ന് വിളിച്ചത്.


Also Read: ‘ജനവിരുദ്ധമായ പരിപാടികള്‍ നടപ്പാക്കുന്ന തലതിരിഞ്ഞ ബുദ്ധിജീവികളുടെ സ്ഥാപനം’; മൂന്നാം വാര്‍ഷികത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ സംഘപരിവാര്‍


“സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?” എ്ന്ന് സന്ദീപാനന്ദഗിരി ചോദിക്കുന്നു.

നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോയെന്നും എന്തറിഞിട്ടാണ് ഇങ്ങിനെ പറയുന്നത് എന്നും അദ്ദേഹം സുരേന്ദ്രനോട് ചോദിക്കുന്നു. പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ഇത് തെളിയിക്കണമെന്നും സന്ദീപാനന്ദഗിരി വെല്ലുവിളിച്ചു.


Don”t Miss: ‘ട്രംപിന്റെ പേര് പോലും പണി തന്ന് തുടങ്ങിയോ’; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി


ഒ. രാജഗോപാലിനോട് ചോദിച്ചാല്‍ സന്ദീപാനന്ദഗിരിയെ കുറിച്ച് രാജേട്ടന്‍ പറഞ്ഞ് തരും. അല്ലെങ്കില്‍ മാനനീയ പി. പരമേശ്വര്‍ജിയോടോ സി.കെ.പത്മനാഭനോടോ ചോദിച്ചാല്‍ അവര്‍ പറഞ്ഞ് തരും. പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും പറഞ്ഞാണ് സന്ദീപാനന്ദഗിരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റ് പൂര്‍ണ്ണരൂപം:

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.
ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ.സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.
സുരേന്ദ്രാ…. കെ. സുരേന്ദ്രാ… അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ…………….
സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ….
സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.
സുരേന്ദ്രാ… സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും.
മാനനീയ പി.പരമേശ്വര്‍ജിയോടു ചോദിക്കൂ..
അതുമല്ലെങ്കില്‍ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.
അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം.
അവസാനം ഉള്ളിക്കറിപോലെയാകരുത്….
സ്വാമി സന്ദീപാനന്ദ ഗിരി.

We use cookies to give you the best possible experience. Learn more