കോഴിക്കോട്: അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്ന ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രതികരണത്തിനെതിരെ സ്വാമി സന്ദീപാനന്ദഗിരി. ഭക്തന്റെ ലക്ഷണം മൈത്രിയും സ്‌നേഹവുമാണെന്നും ഭഗവത്ഗീതയില്‍ പറയുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസികളോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് താന്‍ പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ഒരാളെ പോലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ശിവരാത്രി ആഘോഷത്തിനിടയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
വിഷയത്തില്‍ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ വരുന്നത്. സുരേഷ് ഗോപിയുടെ ചിന്തകളുടെ ഇരുട്ട് നിറഞ്ഞ ശ്മശാനഭൂവില്‍ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ പറ്റൂവെന്ന് അധ്യാപിക ദീപ നിഷാന്ത് പറഞ്ഞു.
മതവിശ്വാസവും മതഭ്രാന്തും ഒന്നല്ലെന്നും ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് അദ്ദേഹം ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ലെന്നും ദീപ നിഷാന്ത് കൂട്ടിച്ചേര്‍ത്തു.