| Thursday, 9th February 2017, 4:09 pm

ഹിന്ദുവാണ് ശരി, എന്നാല്‍ മഹാഭാരതവും രാമായണവും കെട്ടുകഥ: സന്ദീപാനന്ദഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഴുവന്‍ ലോകത്തിന്റെയും ശാന്തിയെക്കുറിച്ചാണ് ഹിന്ദുമതത്തില്‍ പറഞ്ഞിട്ടുള്ളത് എന്നതുകൊണ്ട് ഹിന്ദുവാണ് ശരിയെന്ന് സ്വാമി സന്ദീപാനന്ദഗിരി. എല്ലാ സാമൂഹ്യരാഷ്ട്രീയ ഐഡന്റിറ്റികളെയും ഉള്‍ക്കൊള്ളാന്‍ തക്ക വിശാലമാണ് ഹിന്ദുമതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശിവന്റെ കഴുത്തിലെ പാമ്പും ഗണപതിയുടെ എലിയും സുബ്രഹ്മണ്യന്റെ മലിയും പാര്‍വ്വതിയുടെ സിംഹവും എല്ലാം ഒരുമിച്ച് നില്‍ക്കുന്നത് ഹിന്ദുധര്‍മത്തിലെ ഉള്‍ക്കൊള്ളലിന്റെ ചിത്രമാണ്.” അദ്ദേഹം പറഞ്ഞു.


Also read വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിക്കുന്നത് ജിഷ്ണുവിന്റെ മരണത്തിന് ശേഷം: ശ്രദ്ധ ലോ അക്കാദമിയിലേക്ക് മാറിയപ്പോള്‍ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ് നീങ്ങിയെന്ന് എസ്.എഫ്.ഐ 


“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ സഹോദരന്‍ അയ്യപ്പനെ ആളെ വിട്ട് തല്ലിയോ ഗുരുദേവന്‍? സ്‌നേഹത്തോടെ സഹോദരന്‍ അയ്യപ്പനെ ഉള്‍ക്കൊണ്ട ശ്രീനാരായണ ഗുരുദേവന്റെ മതമാണ് ഹിന്ദുമതം” അദ്ദേഹം വ്യക്തമാക്കി.

രാമായണവും മഹാഭാരതവും കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരത്തില്‍ തന്നെ വ്യാസന്‍ പറഞ്ഞിട്ടുണ്ട് ഇതൊന്നും ഉള്ളതല്ല എന്ന്. ഇതെല്ലാം തത്വങ്ങള്‍ പറയാന്‍ വേണ്ടിയുള്ള കഥകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാമന്‍ ജനിച്ചസ്ഥലത്ത് രാമക്ഷേത്രം വേണമെന്ന് പറയുന്നതിലൊന്നും ഒരു കാര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

“മഹാഭാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചരിത്രമാണ് എന്ന് ആരും പറയില്ല. സൂര്യന് കുന്തിയില്‍ ജനിച്ച പുത്രനാണ് കര്‍ണന്‍. നടക്കുന്ന കാര്യമാണോ? ഭൂമി സന്തതികളാണ് നകുലനും സഹദേവനും. വായുപുത്രനാണ് ഭീമന്‍. തത്ത്വങ്ങള്‍ പറയുന്നതാണ് ഇതെല്ലാം. പണ്ടത്തെ സിലബസായിരുന്നു ഇത്.” അദ്ദേഹം വിശദീകരിക്കുന്നു.

മഹാഭാരതവുമായി ബന്ധപ്പെട്ട് നടന്ന ഗവേഷങ്ങളിലൊന്നിലും അത് നടന്ന സംഭവങ്ങളാണെന്ന് പറഞ്ഞിട്ടില്ല. രാമായണത്തിലെ രാമനും മഹാഭാരത്തിലെ കൃഷ്ണനും ജീവിച്ചു മരിച്ചുപോയ ചരിത്രപുരുഷന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.


Dont miss ഇത് ഒട്ടും തലക്കനമില്ലാത്ത, സിമ്പിളായ മുഖ്യമന്ത്രി: പിണറായി വിജയനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി


പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തെറ്റായിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം സമ്മതിക്കുന്നുണ്ട്. “മോദിയോടുള്ള ആരാധന തുടക്കത്തിലായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളായിരുന്നു. നമ്മള്‍ വിചാരിക്കുന്നത് ഇദ്ദേഹം പറയുന്നതൊക്കെ സത്യമാണ് എന്നാണ്. പിന്നെയാണ് മനസിലാകുന്നത് പറച്ചിലും പ്രവൃത്തിയുമായി ഒരു ബന്ധവുമില്ല എന്ന്. ഇപ്പോള്‍ നമുക്ക് ഒരു ആരാധനയുമില്ല. ബോധ്യമായതുകൊണ്ട് ഇപ്പോള്‍ അതിനെ തിരുത്തുന്നു. പലയിടത്തം ശക്തമായി സംസാരിക്കേണ്ടിടത്ത് ഒന്നും സംസാരിക്കാതിരിക്കുകയും ഒന്നു പറയേണ്ടിയിടത്ത് വേറൊന്നു പറയുകയും ചെയ്യുന്നു.” അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഒ.രാജഗോപാലിന് വോട്ടു ചോദിച്ചത് തെറ്റായിപ്പോയെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പലര്‍ക്കും ചാന്‍സ് കൊടുക്കുന്നുണ്ടല്ലോ. ഒരു ചാന്‍സ് രാജേട്ടന് കൊടുക്കണമെന്ന് തെരഞ്ഞെടുപ്പുകാലത്തെ ഒരു പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് നമ്മള്‍ മുമ്പും പിന്നീടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അങ്ങനെ അദ്ദേഹത്തിനായി വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ച തീരുമാനം തെറ്റാണെന്ന് തോന്നുന്നു. നമുക്ക് തോന്നുന്ന പല തെറ്റുകളില്‍പെട്ട തെറ്റാണിത്. അന്ന് അദ്ദേഹത്തിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് തെറ്റ് തന്നെയാണ്. അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് പറയാന്‍ പാടില്ലാത്തതാണ്.” അദ്ദേഹം പറഞ്ഞു.

എ.ഐ.വൈ.എഫ് സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷത്തില്‍ സംസാരിക്കാന്‍ പോകുന്നതിനു മുമ്പ് താന്‍ നിരീശ്വരവാദികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ എന്തിനാണ് വിവേകാനന്ദസ്വാമികളെക്കുറിച്ച് പറയാന്‍ പോകുന്നതെന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വാമി വിവേകാനന്ദ സ്വാമികളെ ലോകത്തിന് തിരിച്ചറിയാനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കിക്കൊടുത്തത് നിരീശ്വരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more