തിരുവനന്തുപുരം: അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നതില്‍ ടി.വി ചാനലുകളേയും കുറ്റം പറയേണ്ടിവരുമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. അന്ധവിശ്വാസ നിര്‍മാര്‍ജാന ബില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ നരബലിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് പൂജ ചെയ്താലും 10 പൈസയുടെ ഗുണം ഉണ്ടാകില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വേണം. ഇതുപോലുള്ള അന്ധവിശ്വാസങ്ങളും പൊട്ടത്തരങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നിങ്ങളെപ്പോലുള്ള ചാനലുകള്‍ക്കും പങ്കുണ്ട്.
വിഷുവിനൊക്കെ ഓരോരുത്തരെ വിളിച്ചു വരുത്തി വിഷുഫലവും വാരഫലവും പറയിപ്പിക്കുന്ന നിങ്ങള്‍ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്. എന്ത് പൂജ ചെയ്താലും ഒരു പത്ത് പൈസയുടെ ഗുണം ആ പൂജ ചെയ്യുന്ന ആള്‍ക്ക് ഉണ്ടാവില്ലെന്ന് ബോധവത്കരിക്കണം. അതിന് പകരം ഇമ്മാതിരി വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നേടാനുള്ള ഉപാധിയായിട്ടാണ് ഭഗവല്‍ സിങ് ഇത് ചെയ്യുന്നത്. ഷാഫി ഇത് ചെയ്തത് ഒരു ക്വട്ടേഷന്‍ ആയിട്ടാണ്. ആളെ സംഘടിപ്പിച്ച് കാശ് നേടുക എന്നതാണ് ഷാഫി ലക്ഷ്യമാക്കിയത്. ഭഗവല്‍ സിങുമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെയാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.
സര്‍വൈശ്വര്യ പൂജ നടത്തി മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റലുകള്‍ പണിത സാഹചര്യം ഇവിടെയുണ്ട്. ഭഗവല്‍സങിനെപ്പോലുള്ള സമാനര്‍ ഇനിയും ഉണ്ടിവിടെ. ഇതിനെതിരെ ബോധവല്‍ക്കരണം വേണം. അതുകൊണ്ട് തന്നെ അന്ധവിശ്വാസ നിര്‍മാര്‍ജാന ബില്‍ കൊണ്ടുവണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ സന്ദീപാനന്ദ ഗിരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിങ്കളാഴ്ച രാവിലെയാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്.
തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
CONTENT HIGHLIGHT: Swami Sandeepananda Giri says TV channels should also be blamed for spreading superstitions