സന്ദേശം ഭയപ്പെടുത്തല്‍; ആര്‍ക്കൊക്കെയോയുള്ള മറുപടിയാണ് വാളേന്തിയുള്ള ജാഥ: സന്ദീപാനന്ദ ഗിരി
Kerala News
സന്ദേശം ഭയപ്പെടുത്തല്‍; ആര്‍ക്കൊക്കെയോയുള്ള മറുപടിയാണ് വാളേന്തിയുള്ള ജാഥ: സന്ദീപാനന്ദ ഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th May 2022, 9:33 pm

തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആര്‍ക്കൊക്കെയോയുള്ള മറുപടിയാണ് വാളേന്തിയുള്ള ജാഥ കാണുമ്പോള്‍ തോന്നുന്നതെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇതിലെ സന്ദേശം ഭയപ്പെടുത്തലാണ്. ഇവരിങ്ങനെ ആയുധവുമായി പോകുമ്പോള്‍ സ്വാഭാവികമായും എന്തിനാണ് ഈ കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് ആരും ചന്തിക്കും, നേരത്തെ മുദ്രാവാക്യത്തില്‍ പറഞ്ഞതുപോലെ.

കാരണം ഇവരൊക്കെ നന്നായി പഠിച്ച് പലതുമായി തീര്‍ന്ന് രാഷ്ട്രത്തെ സേവിക്കാനുള്ളവരാണ്. ഹിന്ദുദേവതകളുടെ ആയുധങ്ങളുമായി ഇറങ്ങിപുറപ്പെടുന്ന ആചാരമോ അനുഷ്ടാനമോ സംസ്‌കാരത്തിലില്ല.

ഇത് ആര്‍ക്കൊക്കയോ, എന്തോക്കെയോ മറുപടി നല്‍കണം എന്ന ഉദ്ധേശത്തോടുകൂടി നടത്തുന്ന പരിപാടിയാണ്. മതസൗഹാര്‍ദത്തിന് പേരുകേട്ട നമ്മുട നാട്ടിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും ഓര്‍ക്കണം,’ സന്ദീപാനന്ദ ഗിരി പറഞ്ഞു.

അതേസമയം, ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് പറഞ്ഞിരുന്നു.

കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.