Advertisement
Kerala News
'ജഡിലോമുണ്ഡീ ലുഞ്ജിതകേശാ...';ഫേസ്ബുക്കില്‍ സെല്‍ഫി പോരുമായി സന്ദീപാനന്ദ ഗിരിയും സുരേന്ദ്രനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 24, 01:20 pm
Thursday, 24th November 2022, 6:50 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സ്വാമി സന്ദീപാനന്ദ ഗിരിയും തമ്മില്‍ സമൂഹ മാധ്യമത്തിലൂടെ സെല്‍ഫി പോര്.

തിരുവനന്തപുരം ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഒരുമിച്ചെടുത്ത സെല്‍ഫി സ്വാമി സന്ദീപാനന്ദ ഗിരിയാണ് ആദ്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ മറുപടി പോസ്റ്റുമായി കെ. സുരേന്ദ്രനും എത്തി.

‘സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്‌നേഹം നീക്കീടു, മോര്‍ക്ക നീ’ എന്ന കുറിപ്പോടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി സുരേന്ദ്രനോടൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്.

പിന്നാലെ, ഇതിന് മറുപടിയുമായി കെ. സുരേന്ദ്രനും ഫേസ്ബുക്ക് കുറിപ്പുമായി എത്തിയതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യമാണെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.

‘ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..
ഉദരനിമിത്തം ബഹുകൃതവേഷം’ എന്നും സുരേന്ദ്രന്‍ തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുപോകുന്ന പൊലീസ് എന്ന കുറിപ്പോടെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പരിഹാസ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി എത്തിയിരുന്നു.
‘ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണ്; എന്നാണ് സന്ദീപാനന്ദ ഗിരി പ്രതികരിച്ചത്.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അടുത്തിടെയാണ് വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് എന്നായിരുന്നു വെളിപ്പെടുത്തല്‍.

പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നടന്ന് നാലര വര്‍ഷത്തിനുശേഷമുള്ള ഈ വെളിപ്പെടുത്തല്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

ആര്‍.എസ്.എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്‍ണായക വിവരം പുറത്തുവന്നത്.

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. കത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.

നാല് വര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വാമി സന്ദീപാനന്ദ ഗിരി സ്വീകരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ചത്.

Content Highlight: Swami Sandeepananda giri and BJP Leader K Surendran Fight on Social Media