പൂജാരിമാരായി എല്‍.ഡി.എഫിനും യു.ഡി.എഫിനും വേണ്ടത് ബ്രാഹ്മണരെ; ഗുരു ആഗ്രഹിച്ചത് ക്ഷേത്രത്തില്‍ കയറാനല്ല, ഭരിക്കാനാണ്: സ്വാമി സച്ചിദാനന്ദ
Kerala News
പൂജാരിമാരായി എല്‍.ഡി.എഫിനും യു.ഡി.എഫിനും വേണ്ടത് ബ്രാഹ്മണരെ; ഗുരു ആഗ്രഹിച്ചത് ക്ഷേത്രത്തില്‍ കയറാനല്ല, ഭരിക്കാനാണ്: സ്വാമി സച്ചിദാനന്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2023, 8:13 am

തിരുവനന്തപുരം: പ്രധാന ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേ സമീപനം സ്വീകരിക്കുന്നുവെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൗരോഹിത്യവുമായി ബന്ധപ്പെട്ട് ബ്രാഹ്മണ മേധാവിത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പൂജാരിമാരാകാന്‍ ബ്രാഹ്മണര്‍ മതിയെന്ന സര്‍ക്കുലറാണ് ഇരു സര്‍ക്കാരുകളും പുറപ്പെടുവിക്കുന്നതെന്നും സെക്രട്ടറിയേറ്റ് തമ്പുരാന്‍ കോട്ടയായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവഗിരിയില്‍ ശ്രീനാരായാണ ഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രി മുഹമ്മദ് റിയാസ്, വര്‍ക്കല എം.എല്‍.എ എ.വി. ജോയ് എന്നിവര്‍ വേദിയിലിരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ശ്രീനാരായണ ഗുരു ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള അവകാശമായിരുന്നില്ലെന്നും ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്ര ഭരണത്തിനുള്ള അധികാരം നേടിയെടുക്കലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ അധികാരം ഇവിടെയുള്ള സമസ്ത ജനങ്ങള്‍ക്കും ലഭിക്കേണ്ടതാണെന്നും എന്നാല്‍ ഇവിടെ അത്തരത്തില്‍ സംഭവിക്കുന്നുണ്ടോ എന്നും സ്വാമി സച്ചിദാനന്ദ ചോദിച്ചു.

ശബരിമല, ചോറ്റാനിക്കര, ഗുരുവായൂര്‍, വൈക്കം പോലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ നിയമിക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണന്‍മാരായിരിക്കണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നുണ്ടെന്നും നിത്യ ചൈതന്യ യതി പറഞ്ഞതുപോലെ സെക്രട്ടറിയേറ്റ് തമ്പുരാന്‍ കോട്ടയായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഔദ്യോഗിക പ്രാര്‍ത്ഥന ഗാനമാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അതില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് പറഞ്ഞു.

സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനങ്ങള്‍ക്കൊന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയിരുന്നില്ല.

എന്നാല്‍ ആശംസാ പ്രസംഗത്തില്‍ സ്വാമി സച്ചിദാന്ദയുടെ അഭിപ്രായം ശരിയാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കൂടിയായ വര്‍ക്കല എം.എല്‍.എ എ.വി. ജോയ് പറഞ്ഞു. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ഭരിക്കാനും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാധിക്കാത്ത അവസ്ഥയുണ്ടെന്നും എന്നാല്‍ വരും കാലങ്ങളില്‍ അതിന് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില പ്രധാന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ഭരിക്കാനും സാധിക്കുന്നില്ല. വരും നാളുകളില്‍ അതിനുള്ള പോരാട്ടം നയിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പൂജാരിമാരായ പിന്നാക്കക്കാര്‍ ഇല്ല എന്നത് വസ്തുതയാണ്. പിന്നാക്കക്കാരെ പൂജാരിമാരാക്കാന്‍ പോരാട്ടം നടത്തണം.

45 പട്ടികജാതി പൂജാരിമാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലുണ്ട്. പട്ടികജാതിക്കാരെ അമ്പലങ്ങളില്‍ പൂജാരിമാരായി നിയമിച്ചത് ഓര്‍ക്കണം. ചില പ്രതിസന്ധികളുണ്ടായിട്ടും അവരെ പൂജാരിമാരായി നിയമിക്കുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Swami Sachidananda criticize LDF and UDF governments