കൊല്‍ക്കത്ത: യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുണ്ടായ യോഗി ആദിത്യനാഥിന്റെ വളര്‍ച്ച ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇവയൊന്ന് അടങ്ങിയപ്പോഴേക്കും ബി.ജെ.പി പുതിയ സന്യാസിയെ രാഷ്ട്രീയത്തിലേക്ക് വളര്‍ത്തിയെടുക്കുകയാണെന്നാണ് സൂചനകള്‍. ബംഗാളില്‍നിന്നാണ് പുതിയ സന്യാസിയുടെ ഉദയം.
രാമകൃഷ്ണ മിഷനിലെ സ്വാമി കൃപാനന്ദ മഹാരാജാണ് വളര്‍ന്നുവരുന്ന ഈ പുതിയ സന്യാസി. ബംഗാളിലെ ഭാവി മുഖ്യമന്ത്രിയാണെന്ന തരത്തില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു.
2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇതിനായി കൃപാനന്ദനെ ഒരുക്കിയിറക്കാനാണ് ബി.ജെ.പിയുടെ തന്ത്രം. രാഷ്ട്രീയത്തിലേക്ക് കൃപാനന്ദ ഇതുവരെ കാലെടുത്തുവെച്ചിട്ടില്ലെങ്കിലും അണിയറയില്‍ രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയത്തിലേക്കില്ലെന്ന് കൃപാനന്ദ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയം ഒരു കലയാണെന്നും താന്‍ അതില്‍ അത്ഭുതപ്പെടാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൃപാനന്ദ ദല്‍ഹി എയിംസില്‍നിന്നുമാണ് എം.ഡി എടുത്തത്. തുടര്‍ന്ന് ഹൃദയ സംബന്ധമായ ഗവേഷണത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെനിന്നായിരുന്നു സന്യാസത്തിലേക്കുള്ള തിരിവ്. തുടര്‍ന്ന് കൃപാനന്ദ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് പകരം വെക്കാന്‍ അത്രത്തോളം ജനസമ്മതിയും അംഗീകാരവുമുള്ള നേതാവ് ബി.ജെ.പിക്കില്ല. സൗരവ് ഗാംഗുലിയുടെ പേരാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്. ഗാംഗുലിക്ക് പ്രശസ്തിയുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് വലിയ റോളുകള്‍ വഹിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷാണ് ബി.ജെ.പിക്ക് മുന്നിലുള്ള മറ്റൊരു സാധ്യത. ഘോഷിന് സംഘടന പ്രാവീണ്യമുണ്ടെങ്കിലും ഭൂരിപക്ഷം ബംഗാളികള്‍ക്കും അദ്ദേഹത്തിന്റെ പരുക്കന്‍ സ്വഭാവത്തോട് കടുത്ത എതിര്‍പ്പാണുള്ളത്. മമതയ്ക്ക് പകരം മറ്റൊരു മമതയാവാന്‍ ഘോഷിന് കഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തൃണമൂലില്‍നിന്നും ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിക്ക് ജനസമ്മതിയുണ്ടെങ്കിലും അഴിമതി ആരോപണങ്ങളുള്ളതിനാല്‍ ബി.ജെ.പിക്ക് അദ്ദേഹത്തെ മുഖമായി നിര്‍ത്താന്‍ കഴിയില്ല. മാത്രമല്ല, ഹിന്ദുത്വ ഗ്രൂപ്പുകള്‍ റോയിയെ പൂര്‍ണമായി അംഗീകരിച്ചിട്ടുമില്ല.
ഇസ്‌ലാം, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രഭാഷണങ്ങള്‍ നടത്തുന്ന ഭാരത് സേവാശ്രമത്തിലെ കാര്‍ത്തിക് മഹാരാജാണ് ബി.ജെ.പി നോട്ടമിട്ടിട്ടുള്ള മറ്റൊരു മുഖം. എന്നാല്‍, ബംഗാളിന്റെ തീരപ്രദേശങ്ങളിലെ വിഷയങ്ങളുമായി കാര്‍ത്തിക് ഉരസലിലാണ്. അതേസമയം, കൃപാനന്ദ മധ്യവര്‍ഗത്തിനിടയില്‍ പെട്ടെന്ന് ഇടംനേടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
കൃപാനന്ദയെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നതിനോട് പാര്‍ട്ടി അനുയായികള്‍ക്ക് വലിയ താല്‍പര്യമാണുള്ളതെന്നാണ് വിവരം.
പൊതുജനങ്ങള്‍ക്കിടയിലെവിടെയും ഇല്ലാത്ത നേതാക്കളെ ഒരുക്കി പരുവപ്പെടുത്തിയെടുക്കുക എന്നത് ആര്‍.എസ്.എസിന്റെ ഒരു രഹസ്യ പദ്ധതിയുമാണ്. കൃപാനന്ദയുടെ കാര്യത്തിലും അതിനുള്ള സാധ്യതയാണ് മുഴച്ചുനില്‍ക്കുന്നത്. അടുത്ത 10,20,30,40 വര്‍ഷത്തേക്കുള്ള നേതാക്കളെ ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ രഹസ്യമായി പങ്കുവെക്കുന്ന വിവരം. ഇവരില്‍ പലരും നേതാക്കള്‍ക്ക് പോലും അറിയില്ലാത്ത സ്ത്രീകളും പുരുഷന്മാരുമാണ്. കൃപാനന്ദ് ഇവരിലൊരാളാകാനാണ് സാധ്യത.