| Saturday, 13th April 2019, 1:05 pm

പെരുമാറ്റച്ചട്ടം ഞങ്ങള്‍ക്ക് ബാധകമല്ല, ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിക്കും: സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധവുമായി ചിദാനന്ദപുരിയും ശശികലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശബരിമല കര്‍മ സമിതിക്ക് ബാധകമല്ലെന്നും ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെ വോട്ട് തേടുമെന്നും ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദ പുരി.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള പ്രചരണം കര്‍മസമിതി വ്യാപകമായി നടത്തിയിരുന്നു.

ഇതിന് ശേഷം നോട്ടീസ് വിതരണവും നടത്തി. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍മ നടത്താന്‍ തീരുമാനിച്ചത്. ധര്‍ണയെന്നായിരുന്നു പറഞ്ഞതെങ്കിലും നാമജപ പ്രതിഷേധമാണ് കര്‍മ സമിതി നടത്തുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ കര്‍മസമിതിയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കി. കര്‍മസമിതിയുടെ മറവിലുള്ളത് ആര്‍.എസ്.എസ് ആണ്. നാമജപത്തിനെതെിരെ പരാതി നല്‍കുമെന്നും എല്‍.ഡി.എഫ് അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്ന് ചിദാനന്ദ പുരി ആവശ്യപ്പെട്ടിരുന്നു.

20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണമെന്നും ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രാക്ടിക്കലായി ചിന്തിക്കണമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണെന്നും ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്നുമായിരുന്നു ചിദാനന്ദപുരി പറഞ്ഞത്.

തിരുവനന്തപുരവും പത്തനംതിട്ടയും പോലെയുള്ള മണ്ഡലങ്ങളില്‍ യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മറ്റു മണ്ഡലങ്ങളില്‍ ബി.ജെ.പി തിരിച്ച് യു.ഡി.എഫിനെ സഹായിക്കുന്ന രീതിയിലായിരിക്കണം ധാരണ.

തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം കോണ്‍ഗ്രസിന്റേയും മുസ്‌ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും വോട്ടുകള്‍ ഉറപ്പിക്കാനാകണം. എല്‍.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനം.

പിണറായി വിജയന് കീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണെന്നും ശബരിമലയില്‍ മാത്രമല്ല അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more