ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചശേഷം കാണാതായ നിയമവിദ്യാര്‍ഥി ന്യൂദല്‍ഹിയിലുണ്ടെന്ന് സ്ഥിരീകരിച്ചതായി പൊലീസ്.
അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിനെ വിളിച്ചിരുന്ന യുവാവിന്റെ കൂടെയാണ് വിദ്യാര്‍ഥിയുള്ളതെന്നു പൊലീസ് പറഞ്ഞതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ യുവാവിനൊപ്പം യുവതി ദ്വാരകയിലെ ഹോട്ടലില്‍ ഉണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് സ്ഥിരീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാജഹാന്‍പുര്‍ സ്വദേശികളാണ് ഇരുവരും. ഇവര്‍ ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.
ഷാജഹാന്‍പൂരിലുള്ള എസ്.എസ് കോളേജിലെ നിയമ വിദ്യാര്‍ഥിയാണ് യുവതി. കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ ആരോപണം.
ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പെണ്‍കുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റു ചെയ്തിരുന്നു. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം തേടുകയും ചെയ്തിരുന്നു.
വീഡിയോ പോസ്റ്റു ചെയ്തത്തിനു പിന്നാലെയാണ് അവരെ കാണാതായത്. ഇതോടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
‘രക്ഷാ ബന്ധന്‍ സമയത്താണ് അവസാനമായി അവള്‍ വീട്ടിലേക്കു വന്നത്. ഇടയ്ക്കിടെ എന്താണ് ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതെന്ന് ഞാന്‍ അവളോട് ചോദിച്ചു. അവള്‍ പറഞ്ഞത് ‘ എന്റെ ഫോണ്‍ കുറേസമയം ഓഫാകുകയാണെങ്കില്‍ ഞാന്‍ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടിട്ടുണ്ടെന്ന് മനസിലാക്കണം. എന്റെ കയ്യില്‍ അല്ലാതിരിക്കുന്ന സമയത്ത് മാത്രമാണ് എന്റെ ഫോണ്‍ ഓഫാകുന്നത്.’ എന്നാണ്. വലിയ പ്രശ്നത്തിലൂടെയാണ് എന്റെ മകള്‍ കടന്നുപോയിരുന്നത്. കൂടുതല്‍ ഞാന്‍ ചോദിച്ചിരുന്നില്ല. കോളജ് അഡ്മിനിസ്ട്രേഷന്‍ തന്നെ നൈനിറ്റാളിലേക്ക് അയക്കാന്‍ പോകുകയാണെന്ന് അവള്‍ എന്നോടു പറഞ്ഞിരുന്നു.’ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
തന്നെ കേസില്‍ കുടുക്കിയതാണെന്നും ലൈംഗിക ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ചിന്മയാനന്ദ് അവകാശപ്പെട്ടിരുന്നു. തന്നെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിന്മയാനന്ദ് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിലെ വീഴ്ച്ച ചൂണ്ടികാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
‘നിങ്ങള്‍ സുരക്ഷിതരാണെന്നും നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീതി ലഭിക്കുമെന്നും ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുമ്പോഴും ഉത്തര്‍പ്രദേശില്‍ ഒരു ദിവസം പോലും കടന്നുപോകുന്നില്ല, ഇനഫ് ഈസ് ഇനഫ് എന്നായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
‘ഉത്തര്‍പ്രദേശിലെ ഉന്നാവോ സംഭവത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഒരു സ്ത്രീ ബി.ജെ.പി നേതാവിനെതിരെ പരാതി നല്‍കുമ്പോള്‍ അവര്‍ക്ക് ഒരുക്കലും നീതി ഉറപ്പാക്കാന്‍ കഴിയുന്നില്ല. അവരുടെ സുരക്ഷ പോലും ഭീഷണിയിലാണ്.’ പ്രിയങ്ക പറഞ്ഞു.