| Tuesday, 16th January 2024, 12:19 pm

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയവത്കരിക്കരുത്, രാഷ്ട്രീയക്കാര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്: സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ആശയക്കുഴപ്പങ്ങള്‍ രാഷ്ട്രീയവത്ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും അവിമുക്തേശ്വരാനന്ദ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുദ്ധനല്ലെന്നും എന്നാല്‍ രാമക്ഷേത്ര നിര്‍മാണവും രാമപ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും സ്വാമി അവിമുക്തേശ്വരാനന്ദ വിമര്‍ശനം ഉയര്‍ത്തി.

രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ പരിമിതികളുണ്ടെന്നും അതിനേക്കാളുപരി ഭരണഘടനക്ക് കീഴില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്നും അവിമുക്തേശ്വരാനന്ദ ചൂണ്ടിക്കാട്ടി. എന്നാല്‍ രാഷ്ട്രീയക്കാര്‍ എല്ലാ മേഖലകളിലും ഇടപെടുന്നത് ഒരു തരത്തിലുള്ള ഭ്രാന്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മതപരവും ആത്മീയവുമായ മേഖലകളിലും നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്നും അവ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താന്‍ വളരെ ശ്രദ്ധാലുവാണെന്നും അവ തെറ്റായി വ്യാഖാനിക്കാന്‍ തയ്യാറല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.

നിലവില്‍ കാശിയിലും മധുരയിലുമുള്ള പള്ളികള്‍ക്ക് പകരം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതുമായ വിഷയങ്ങളില്‍ ജ്ഞാനികളായ ഹിന്ദുക്കളും ജ്ഞാനികളായ മുസ്‌ലിങ്ങളും ഒരുമിച്ചിരുന്ന് സമവായത്തിലൂടെ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേര്‍ത്തു.

പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാല്‍ തീര്‍ച്ചയായും അയോധ്യയിലേക്ക് താന്‍ പോകുമെന്നും എന്നാല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. മറ്റ് ശങ്കരാചാര്യന്മാരെ ക്ഷണിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഉണ്ടെങ്കിലും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജ്യോതിര്‍ മഠം, ഗോവര്‍ദ്ധന്‍ മഠം, ശൃംങ്കേരി ശാരദപീഠം, ദ്വാരക ശാരദപീഠം എന്നിവിടങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാരാണ് ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നരേന്ദ്രമോദി വിഗ്രഹം കൈകൊണ്ട് തൊടുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പൂരിയിലെ ഗോവര്‍ദ്ധന്‍ മഠാധിപതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Swami Avimukteswarananda Saraswati says Ayodhya Ram temple should not be politicized

Latest Stories

We use cookies to give you the best possible experience. Learn more