തിരുവനന്തപുരം: വസുധൈവ കുടുംബകമെന്ന വിഷയത്തില്‍ താനുമായി തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്ന് ആര്‍.എസ്.എസിന് സ്വാമി അഗ്നിവേശിന്റെ വെല്ലുവിളി. ഹിന്ദുത്വത്തെയും ഹൈന്ദവധര്‍മത്തെയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് അജണ്ടയ്‌ക്കെതിരായ വെല്ലുവിളിയാണ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ തുറന്ന സംവാദത്തിനു ക്ഷണിക്കുന്നതു വഴി താന്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ( ആര്‍.ജി.ഐ.ഡി.എസ്) നേതൃത്വത്തില്‍ “വിദ്വേഷത്തിനെതിരെ അണിചേരൂ; അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയില്‍” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവേയാണ് അഗ്നിവേശിന്റെ പരസ്യ വെല്ലുവിളി.
ഹിന്ദുമത വിശ്വാസിയായ ഗാന്ധിജിയെ മറ്റൊരു ഹിന്ദുവായ ഗോഡ്‌സെ കൊലപ്പെടുത്തിയ രാജ്യമാണിതെന്നും, ഇന്ത്യയിലെ ജനങ്ങള്‍ ഇവരിലാരുടെ പാരമ്പര്യമാണ് മുന്നോട്ടു കൊണ്ടു പോകേണ്ടതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം സെമിനാറില്‍ പറഞ്ഞു. ആര്‍.എസ്.എസ്. ജാതിവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുകയോ പോരാടുകയോ ചെയ്തിട്ടുള്ള ഒരു സംഭവമെങ്കിലും ചരിത്രത്തെ ഉദ്ധരിച്ചു പറയാന്‍ സാധിക്കുമോയെന്നും സ്വാമി അഗ്നിവേശ് ചോദിക്കുന്നു.
2010ല്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍, ഗുജറാത്ത് കലാപത്തിന് അദ്ദേഹം ജനങ്ങളോടു മാപ്പു പറയണമെന്നു താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നാണ് അദ്ദേഹം തന്നോടു പറഞ്ഞത്. ഇത്രയേറെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടും മോദിയും കേന്ദ്രമന്ത്രിമാരും സംഘപരിവാറും മൗനം പാലിക്കുകയാണ്. അമിത് ഷായൊത്ത് ആര്‍.എസ്.എസിനെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തുന്ന മോദി ഹിറ്റ്‌ലറെപ്പോലെ തികഞ്ഞൊരു ഏകാധിപതിയായി മാറിയിരിക്കുകയാണെന്നും സ്വാമി അഗ്നിവേശ് പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
തനിക്കെതിരെ ജാര്‍ഖണ്ഡില്‍ നടന്ന അക്രമത്തിലെ പ്രതികളെയാരെയും ഇതുവരെ അറസ്റ്റു ചെയ്യാത്ത സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമികളുടെ പേരും ഫോട്ടോയുമടക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. എന്നിട്ടും വേണ്ട നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. വിഷയത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളടക്കം പ്രതിഷേധമറിയിച്ചിട്ടും മോദിയോ എന്‍.ഡി.എയിലെ മറ്റു നേതാക്കളോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
തനിക്കെതിരായ അക്രമം സ്റ്റേറ്റ് സ്പോണ്‍സേഡ് ആണെന്നും സുപ്രീം കോടതിയോടും രാജ്യത്തെ നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയായാണ് കാണുന്നത്. മോദിയുടെ ദുര്‍ഭരണത്തിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും സ്വാമി അഗ്‌നിവേശ് പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കുടപിടിക്കുന്ന ഭരണമാണ് കേന്ദ്രത്തിലുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചെന്നിത്തല, സംഘപരിവാറിന്റെ ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയായിട്ടും തളരാത്ത വ്യക്തിത്വമാണ് സ്വാമി അഗ്നിവേശെന്നും പറഞ്ഞു.