രാഷ്ട്രീയ ഹിന്ദുത്വയോട് പോരാടിയ സ്വാമി അഗ്നിവേശ്‌
Discourse
രാഷ്ട്രീയ ഹിന്ദുത്വയോട് പോരാടിയ സ്വാമി അഗ്നിവേശ്‌
ഷിജു. ആര്‍
Friday, 11th September 2020, 11:13 pm

”ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്. നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാര്‍ക്ക് വിജയിക്കാനാവില്ല”

‘ഹിന്ദുത്വത്തിന്റെ ആദര്‍ശം ഫാസിസമാണ്: പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവര്‍ഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയില്‍ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ് മരിച്ച് വീഴുന്നത്. ഇത് ഭീകരവാദത്തിന്റെ ഒരു മുഖമല്ലേ ?ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിത്. കാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു. എന്നാല്‍ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയില്‍ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ.

ഇരുപത്തിഅയ്യായിരം സ്ത്രീകള്‍ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരോ വര്‍ഷവും മരണമടയുന്നു. ഇത് ഭീകരതയല്ലേ? പെണ്‍കുഞ്ഞായതിന്റെ പേരില്‍ എത്രയോ ഭ്രൂണഹത്യകള്‍ നടക്കുന്നു. അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ?’

ഒരു യുക്തിവാദിയുടേയോ രാഷ്ട്രീയ നേതാവിന്റെയോ വാക്കുകളല്ലിത്. അന്തരിച്ച സ്വാമി അഗ്‌നിവേശിന്റെ നിലപാടാണിത്.

കാവിയുടുത്ത് സന്യാസ ജീവിതം നയിച്ച്, വൈദിക പാരമ്പര്യത്തിന്റെ ദര്‍ശനങ്ങള്‍ ഉദ്ധരിച്ചും ഉദാഹരിച്ചും ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അത് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. അവരുടെ ആയുധ ശേഖരത്തിലെ പല മിത്തുകളെയും നിഷ്പ്രഭമാക്കാന്‍ ശേഷിയുണ്ടാവുമതിന്.

ഉപജീവനത്തിന് കാവി ചുറ്റിയ പലരെയും പോലെയല്ല, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കോളേജദ്ധ്യാപക ജോലിയും ഉണ്ടായിരുന്നൊരാള്‍ അതെല്ലാമുപേക്ഷിച്ച് ആത്മീയതയുടെ വിളി കേട്ട ഒരാള്‍. ജനപ്രതിനിധിയും മന്ത്രിയുമായൊരാള്‍.

അതീന്ദ്രിയ, അതിഭൗതിക കാര്യങ്ങളും മിസ്റ്റിസിസത്തിന്റെ നിഗൂഢ ഭാഷയുമില്ലാതെ, വിശപ്പിനെക്കുറിച്ച്, ദാരിദ്ര്യത്തെക്കുറിച്ച്, അയിത്തവും ജാതിവിവേചനവുമടക്കമുള്ള ആഭ്യന്തരാപചയങ്ങളെക്കുറിച്ച് തെളിമയാര്‍ന്ന ഭാഷയില്‍ എഴുതുകയും പറയുകയും ചെയ്യുന്ന ആക്ടിവിസ്റ്റാണ് അഗ്‌നിവേശ്.

ക്ഷേത്രങ്ങളേക്കാള്‍ പ്രധാനം വിദ്യാലയങ്ങളും വ്യവസായ ശാലകളുമാണെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെപ്പോലെ ആത്മീയതയും നവോത്ഥാനവും തമ്മിലുള്ള സമ്മേളനമാണ് അഗ്‌നിവേശ്. ‘ജാതിഭേദത്തിനും മതദ്വേഷത്തിനുമെതിരെ’ ശ്രീ നാരായണനെന്ന പോലെ അദ്ദേഹവും നിലപാടെടുത്തു. ഹിന്ദു ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഹിന്ദുത്വ യാഥാസ്ഥിതികത്വത്തെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്.

ആത്മീയത, വ്യവസായവും വ്യാപാരവുമാവുന്ന, ഒരു കൈകൊണ്ട് ഹൈടെക് ആശുപത്രികളും ഐ.ടി സംരംഭങ്ങളും നടത്തുന്ന, മറുകൈ കൊണ്ട് ശൂന്യതയില്‍ നിന്ന് ഭസ്മമെറിയുന്ന മൂന്നാം കിട മാജിക് നടത്തുന്ന തട്ടിപ്പു സന്യാസിമാരുടെയും ആള്‍ദൈവങ്ങളുടെയും ആത്മീയ വഴിയല്ലിത്.

കോഴിക്കോടു വെച്ച് നടന്ന ഒരു അഴിമതി വിരുദ്ധസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഗ്‌നിവേശ് സംസാരിച്ചത് ഭാഷയും അധികാരവും തമ്മിലുളള ബന്ധത്തെക്കുറിച്ചായിരുന്നു. അധികാരത്തിന്റെ വഴികളെ നിഗൂഢമാക്കുന്ന ഒന്നായി എങ്ങനെ അന്യഭാഷാ ഭരണം പ്രവര്‍ത്തിക്കുന്നുവെന്നും അഴിമതിക്ക് ഒരു ഇരുമ്പുമറയായി എങ്ങനെ നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ് മാറുന്നുവെന്നും അദ്ദേഹമന്ന് ചൂണ്ടിക്കാട്ടി. മാതൃഭാഷാ ഭരണമാണ് ജനാധിപത്യത്തിന്റെ മുന്നുപാധിയെന്ന് അന്ന് അദ്ദേഹം പറഞ്ഞത്.

ഹിന്ദുത്വ ഭീകരത ഇന്ത്യന്‍ സൈക്കിയെ തൊടുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങളെ അവര്‍ക്ക് അത്രയെളുപ്പം മറികടക്കാനാവില്ല. മതേതര ജനാധിപത്യ രാഷ്ട്രീയത്തിലെ ആധുനികര്‍ക്കും ഇടതുപക്ഷത്തിനും സ്പര്‍ശിക്കാന്‍ സാധിച്ചിട്ടില്ലാത്ത, അതു കൊണ്ടു തന്നെ താരതമ്യേന രാഷ്ട്രീയ ഹിന്ദുത്വത്തിനു മാത്രം സ്വന്തമായ ആ വഴികളില്‍ വഴിമുടക്കുന്ന മുള്ളുകളാണാ ചോദ്യങ്ങള്‍.

സനാതന ഹിന്ദു എന്നു നാഴികയ്ക്കു നാല്പതുവട്ടവും ആണയിട്ട നമ്മുടെ രാഷ്ട്രപിതാവിനെ എന്ന പോലെ തങ്ങളുടെ വഴിയിലെ ശല്യക്കാരനായാണ് അവര്‍ അഗ്‌നിവേശിനേയും കാണുക. നാളിതുവരെ ആഭ്യന്തരവിമര്‍ശനങ്ങളെ ഏത് ഫാസിസമാണ് കയ്യടിച്ച് അഭിനന്ദിച്ചിട്ടുള്ളത്?

അതാണ് അഗ്‌നിവേശ് ഹിന്ദുത്വഭീകരതയുടെ മര്‍ദ്ദനമേറ്റ് ചോരയൊലിപ്പിച്ച് വീണ കാഴ്ചയ്ക്ക് നാം സാക്ഷിയായത്. ആ അടിയില്‍ കൊലചെയ്യപ്പെടാത്തതു കൊണ്ട് മാത്രം ഇന്ന് അഗ്‌നിവേശ് തന്റെ ആയുസ്സിന് സ്വാഭാവികമായ വിരാമം നല്‍കിയിരിക്കുന്നു.

ഇരുട്ടു കനത്ത ഭാവിയിലേക്കുള്ള വഴിയില്‍ പ്രകാശ സ്തംഭങ്ങളോരോന്നായി നിലംപൊത്തുകയാണ്. സമഭാവനയുടെ, സഹജീവി സ്‌നേഹത്തിന്റെ ഒരു മിന്നാമിനുങ്ങു വെട്ടമെങ്കിലുമാവുക എന്നതാണ് നമുക്ക് നമ്മോട് തന്നെ ചെയ്യാവുന്ന നീതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ