ന്യൂദല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അതിക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്
ജാര്‍ഖണ്ഡിലെ പാകൂരില്‍ വെച്ച് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ ജില്ലാ അധികാരികള്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അഗ്നിവേശ് പറയുന്നു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് തോന്നുന്നില്ലെന്നും അഗ്നിവേശ് ദ ക്യുന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഫ്.ഐ.ആറില്‍ എട്ട് പേരുടെ പേരുകളുണ്ടായിരുന്നു. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അവര്‍ പുറത്തിറങ്ങി. സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ച് പരിപാടിയുടെ സംഘാടകര്‍ പൊലീസിന് നേരത്തെ വിവരം നല്‍കിയിരുന്നു. ജില്ലാ അധികാരികള്‍ക്കും ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നു.
ആളുകള്‍ മരിച്ചുവീഴുന്ന മോദിയുടെ ക്രൂരമായ ‘പുതിയ ഇന്ത്യ’; രൂക്ഷ പ്രതികരണവുമായി രാഹുല്‍
മാത്രമല്ല എസ്.പി ബന്‍വാലിനെ വിളിച്ച് ഞാന്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല. പിന്നീട് ജില്ലാ കളക്ടറേയും വിളിച്ചും. അദ്ദേഹവും വരാന്‍ തയ്യാറായില്ല. അവരുടെ പ്രതികരണത്തില്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്- അഗ്നിവേശ് പറയുന്നു.
2015 വരെ 66 പേര്‍ക്കാണ് ആള്‍ക്കൂട്ട അതിക്രമത്തില്‍ ജീവന്‍ നഷ്ടമായത്. ഏറ്റവും ഒടുവിലത്തെ ഇര ആല്‍വാറിലെ രാഖ്ബാര്‍ ഖാന്‍ ആയിരുന്നു. ദാദ്രിയിലെ അഖ്‌ലാഖ്, ആല്‍വാറിലെ പെഹ്‌ലു ഖാന്‍. എത്രയെത്ര സംഭവങ്ങള്‍. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി മൗനം തുടരുന്നത്.
പെഹ്‌ലു ഖാന് ശേഷം 31 കാരനായ രഖ്ബാര്‍ ഖാന്‍ കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ഈ ലോകത്തെ കാണിക്കണം. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരത്തില്‍ കൊല നടത്താനാവുന്നത്?
എന്നിട്ടും മോദി മൗനിയായി ഇരിക്കുന്നു, അദ്ദേഹത്തിന് ലജ്ജതോന്നുന്നില്ലേ? നാടുനീളെ നടന്ന് പ്രസംഗിക്കാനും റേഡിയോയിലൂടെ സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലും അക്രമങ്ങളിലും അദ്ദേഹം ഒരക്ഷരം പോലും മിണ്ടാത്തത്? അഗ്നിവേശ് ചോദിക്കുന്നു
ബി.ജെ.പി ആര്‍.എസ്.എസ് വി.എച്ച്.പി പ്രവര്‍ത്തകരായിരുന്നു അഗ്‌നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. ഇവര്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്‌നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ അഗ്‌നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു.
മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്‌നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള “ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍” നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്‌നിവേശ്.
ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.