|

സ്വാമി അഗ്‌നിവേശിനു സംരക്ഷണമൊരുക്കി ജാര്‍ഖണ്ഡിലെ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നേരിട്ട ആര്യ സമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു സംരക്ഷണമൊരുക്കി സി.പി.ഐ.എം. സി.പി.ഐ.എം നേതാവ് രാം ചന്ദ്ര ഠാക്കൂറിന്റെ നേതൃത്വത്തിലാണ് കയ്യില്‍ ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിലെ റാഞ്ചി റയില്‍വേ സ്റ്റേഷനില്‍ നിന്നും ബി.എന്‍.ആര്‍ ഹോട്ടലിലേക്ക് അഗ്നിവേശിന് സംരക്ഷണം ഒരുക്കിയത്.

ജാര്‍ഖണ്ഡിലെ സി.പി.ഐ.എം നേതാക്കളായ സഞ്ജയ് പസ്വാന്‍, സുഖ്‌നാഥ് ലോഹ്‌റ, സുബാഷ് മുണ്ട, വിരേന്ദ്ര കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഗ്‌നിവേശിനെ ക്രൂരമായി ആക്രമിച്ചത്. അഗ്‌നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.


Read Also : വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്‌നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ അഗ്‌നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു.

ഹോട്ടലിനു പുറത്തുവന്ന ഉടനെ സ്വാമി അഗ്‌നിവേശിനെ പ്രവര്‍ത്തകര്‍ വളയുകയും ആക്രമിക്കുകയുമായിരുന്നു. അദ്ദേഹത്തിനെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.

മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്‌നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള “ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍” നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്‌നിവേശ്.