ന്യൂദല്‍ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസായിരുന്നു. ദില്ലിയിലെ ആശുപത്രിയിലായിരുന്നു സ്വാമി അഗ്നിവേശിന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് നേരത്തെ മെഡിഡക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്‌നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു.
1968 ല്‍ ഹരിയാനയിലെത്തിയ അദ്ദേഹംആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.
1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.
എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്‌നിവേശ്.ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു.
നേരത്തെ ജാര്‍ഖണ്ഡില്‍ വെച്ച് അഗ്‌നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായിരുന്നു. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്. അഗ്‌നിവേശിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്‍ സമരങ്ങളിലും സ്വാമി അഗ്നിവേശ് മുന്നിട്ടിറങ്ങിയിരുന്നു.
മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായയുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
‘വേദിക സോഷ്യലിസം’, ‘റിലീജിയണ്‍ റെവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം’, വല്‍സന്‍ തമ്പുവുമായി ചേര്‍ന്നെഴുതിയ ‘ഹാര്‍വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്‍ഡര്‍ സീജ്’,’ഹിന്ദുയിസം ഇന്‍ ന്യൂ ഏജ്’എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Swami Agnivesh Dies At 81