| Tuesday, 4th December 2018, 1:54 pm

ആയിരമാണ്ട് ശ്രമിച്ചാലും കേരളം പിടിക്കാന്‍ മോദിക്കും അമിത് ഷാക്കും സാധിക്കില്ല; കേരളത്തെയും ഇടതുസര്‍ക്കാറിനെയും പ്രകീര്‍ത്തിച്ച് സ്വാമി അഗ്നിവേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആയിരമാണ്ട് ശ്രമിച്ചാലും നരേന്ദ്രമോദിക്കും അമിത് ഷാക്കും മോഹന്‍ ഭാഗവതിനും കേരളം പിടിക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ആര്യസമാജ പണ്ഡിതനും ആക്ടിവിസ്റ്റുമായ സ്വാമി അഗ്നിവേശ്. ഭരണഘടനാ സംരക്ഷണത്തിന് തൃശൂരില്‍ സംഘടിപ്പിച്ച “ജമാഭിമാന സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയാണ് തങ്ങളുടെ ധര്‍മ്മശാസ്ത്രമെന്ന ഉത്തമ ബോധ്യമുള്ളവര്‍ താമസിക്കുന്ന ഇടമാണ് കേരളം. അങ്ങനെയുള്ള കേരളം പിടിക്കാന്‍ മോദിക്കും ഭാഗവതിനും സാധിക്കില്ലെന്നാണ് അഗ്നിവേശ് പറഞ്ഞത്.

നാരായണഗുരുവും അയ്യങ്കാളിയും വിത്തിട്ട നവോത്ഥാനം കേരളത്തില്‍ പുതിയൊരു ദിശയിലാണ്. കേരളത്തില്‍ നടക്കുന്ന നവോത്ഥാനത്തിന്റെ പുത്തന്‍ ശ്രമങ്ങള്‍ക്ക് ശബരിമല പ്രശ്‌നം മാത്രമാവരുത് വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read:ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും 25000 പിഴയും: ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞ് ശോഭ

ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച സാധ്യമല്ലാത്ത ഒന്നാണ്. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്ക് പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ തെരുവിലിറങ്ങിയ നാടാണ് കേരളം. സതി നിരോധിച്ച വേളയിലും സമാനമായ പ്രതിഷേധമാണ് നമ്മള്‍ കണ്ടത്. ഇത് പൗരോഹത്യ മതസമൂഹത്തിന്റെ പ്രശ്‌നമാണ്. അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം അന്ധവിശ്വാസങ്ങള്‍ക്ക് എതിരാണ്. അന്ധമായതിനെയാണ് ഇപ്പോള്‍ വിശ്വാസമായി അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് കല്‍ബുര്‍ഗിയേയും ഗൗരിലങ്കേഷിനേയും ന്‍സാരെയേയും ധബോല്‍ക്കറേയും അന്ധവിശ്വാസ പ്രചാരകര്‍ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ സര്‍ക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി കേരളത്തില്‍ സംഘപരിവര്‍ നിലപാടിനോട് യോജിപ്പു പ്രകടിപ്പിക്കുന്ന രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നിത്തല യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെങ്കില്‍ കാര്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more