തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ “സ്വദേശ് ദര്‍ശന്‍” പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ശശി തരൂരും വി.എസ് ശിവകുമാറും വി.കെ പ്രശാന്തും ഇറങ്ങിപ്പോയി. ബി.ജെ.പി ജില്ലാ നേതാക്കളെയടക്കം പങ്കെടുപ്പിച്ച ചടങ്ങില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാത്തതിനാലാണ് ഇറങ്ങിപ്പോക്ക്.
പ്രധാനമന്ത്രിയുടെ ക്ഷേത്ര ദര്‍ശന സംഘത്തില്‍ നിന്നു സ്ഥലം എംപി ആയ ശശി തരൂരിനെയും ഒഴിവാക്കിയിരുന്നു.
ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇടതുപക്ഷ എം.എല്‍.എമാരെയും മേയറേയും ഒഴിവാക്കിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അടുത്ത പരിപാടിയിലും രാഷ്ട്രീയ വിവാദം ഉയര്‍ന്നത്.
ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ ഇരവിപുരം, ചവറ എം.എല്‍.എ മാരായ എം.നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയായിരുന്നു ഒഴിവാക്കിയത്.
എന്നാല്‍ സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ഇരിപ്പിടം ഉണ്ടായിരുന്നു. ബി.ജെ.പി എം.പി സുരേഷ് ഗോപി വി.മുരളീധരന്‍ എം.പി എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു.