| Thursday, 14th December 2017, 3:50 pm

എങ്ങുമെത്താതെ സ്വച്ഛ് ഭാരത് പദ്ധതി; ശൗചാലയമില്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശ്: വരന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹം നിര്‍ത്തിവെച്ച് ഉത്തര്‍പ്രദേശിലെ കുടുംബം. ഉത്തര്‍പ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാ തൊഴിലാളിയായ നന്ദലാലിന്റെ മകന്‍ കല്‍ഫുവിന്റെ വിവാഹമാണ് വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ മുടങ്ങിയത്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ളയാളാണ് താനെന്നും കിട്ടുന്ന വരുമാനത്തില്‍ നിന്ന് ശൗചാലയം നിര്‍മ്മിക്കാനുള്ള സ്ഥിതി തനിക്കില്ലെന്നും നന്ദിലാല്‍ പറഞ്ഞു.

ഇക്കാര്യം അറിയിച്ചുകൊണ്ട് ഗ്രാമമുഖ്യനും പഞ്ചായത്ത് അധികൃതര്‍ക്കും ശൗചാലയം നിര്‍മ്മിക്കുന്നതിന് സഹായിക്കണമെന്ന് കാട്ടി അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഈ ഒരു ആവശ്യവുമായി നന്ദിലാല്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് വികസന ഓഫിസറായ രക്ഷിത സിംഗ് പറഞ്ഞത്.
ഈ ഗ്രാമത്തില്‍ എല്ലാവരും വിസര്‍ജനത്തിനായി വെളിമ്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി എന്നാണ് നന്ദിലാല്‍ പറഞ്ഞത്.

ഈ വിവരത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതിനുശേഷം നന്ദിലാലിന് ശൗചാലയം പണിത് നല്‍കുമെന്നും പബ്ലിക് റിലേഷന്‍ ഓഫീസറായ ആനന്ദ് സിംഗ് പറഞ്ഞു.

ഗവണ്‍മെന്റിന്റെ കണക്ക് അനുസരിച്ച് അറുന്നുറോളം വരുന്ന കുടുംബങ്ങള്‍ക്കും വാരണാസിയില്‍ ശൗചാലയ സൗകര്യമില്ലയെന്നാണ് വ്യക്തമാക്കുന്നത്. എല്ലാവരും വെളിമ്പ്രദേശങ്ങള്‍ തന്നെയാണ് പ്രാഥമികാവശ്യങ്ങള്‍ക്കായി ഇപ്പോഴും ഉപയോഗിക്കുന്നത്.

രാജ്യത്ത് സമ്പൂര്‍ണ്ണ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഈ വാര്‍ത്തയെത്തുന്നത്. 2019 ഓടുകൂടി രാജ്യത്ത് പൂര്‍ണ്ണമായും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതിലെ പിഴവുകള്‍ക്ക ഉദാഹരണമാണ് ഈ സംഭവം.

We use cookies to give you the best possible experience. Learn more