Advertisement
Daily News
മൈസൂരും ചണ്ഡിഗഡും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങള്‍;വൃത്തിഹീനമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ മോദിയുടെ വാരണാസിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 16, 04:44 am
Tuesday, 16th February 2016, 10:14 am

city
ന്യൂദല്‍ഹി: 73 ഇന്ത്യന്‍ നഗരങ്ങളില്‍ വച്ച് ഏറ്റവും വൃത്തിയുള്ള നഗരങ്ങള്‍ മൈസൂരും ചണ്ഡിഗഡുമെന്ന്  സ്വച്ച് സര്‍വേക്ഷന്‍ റിപ്പോര്‍ട്ട്. രാജ്യത്തെ നഗരങ്ങളുടെ ശുചിത്വസംബന്ധമായ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സ്വച്ച് സര്‍വേക്ഷന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ഗവണ്‍മെന്റ് പുറത്തുവിട്ടത്.

ബിഹാറിലെ ധന്‍ബാദാണ് ശുചിത്വത്തില്‍ ഏറ്റവും പിന്നിട്ടു നില്‍ക്കുന്ന നഗരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയും ഇന്ത്യയിലെ ഏറ്റവും വൃത്തിരഹിതമായ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നഗരശുചിത്വം വിലയിരുത്തിയത്.

കൃത്യവും സമഗ്രവുമായ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് സ്വച്ച് സര്‍വേക്ഷന്‍ നഗരങ്ങളുടെ ശുചിത്വത്തെ വിലയിരുത്തുന്നത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സര്‍വേ നടത്തിവരുന്നത്.

മൈസൂര്‍, ചണ്ഡിഗഡ്, തിരുച്ചിറപ്പള്ളി, ദല്‍ഹി, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന അഞ്ചു നഗരങ്ങള്‍. ക്ലീന്‍ ഇന്ത്യ എന്നത് ഏറ്റവും പ്രാധാന്യമുള്ള നിര്‍ദേശമാണെന്നും അത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ ലോകം ഇന്ത്യയെ ഉറ്റുനോക്കുമെന്നും കേന്ദ്ര നഗരവികസന മന്ത്രി വെങ്കൈയ്യ നായ്ഡു പറഞ്ഞു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങള്‍:

1. മൈസൂര്‍
2. ചണ്ഡിഗഡ്
3. തിരുച്ചിറപ്പള്ളി
4. ന്യൂദല്‍ഹി
5. വിശാഖപട്ടണം
6. സൂറത്ത്
7. രാജ്‌കോട്ട്
8. ഗാങ്‌ടോക്
9. പിംപ്രി ചിന്ത്വാഡ്
10. ഗ്രെയ്റ്റര്‍ മുംബൈ