അഞ്ച് പുതിയ ചീഫ് ജസ്റ്റിസ് നിയമനങ്ങള്‍ക്ക് കൊളീജിയം ശിപാര്‍ശ; എസ്.വി. ഭട്ടി കേരള ഹൈക്കോടതിയില്‍
Kerala News
അഞ്ച് പുതിയ ചീഫ് ജസ്റ്റിസ് നിയമനങ്ങള്‍ക്ക് കൊളീജിയം ശിപാര്‍ശ; എസ്.വി. ഭട്ടി കേരള ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 11:45 pm

തിരുവനന്തപുരം: ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ്. മണികുമാറിന്റെ കാലാവധി ഏപ്രില്‍ 23ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഭട്ടിയുടെ നിയമനത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയലെ സീനിയര്‍ ജഡ്ജിയാണ് എസ്.വി. ഭട്ടി.

രണ്ട് ഹൈക്കോടതികളില്‍ സീനിയര്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച പരിചയസമ്പത്താണ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി  ഭട്ടിയെ പരിഗണിക്കാന്‍ കാരണമെന്ന് കൊളീജിയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ ആന്ധ്രാ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ഒഴിവില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും കൊളീജിയം അറിയിച്ചിട്ടുണ്ട്.

നിലവില്‍ അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിനാണ് കൊളീജിയം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ബോംബെ ഹൈക്കോടതി ജഡ്ജിയായിട്ടുള്ള എസ്.വി ഗംഗാപുര്‍വാലയെ മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ആര്‍.ഡി. ധനുകയെയാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തിട്ടുള്ളത്.

ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവുവിനെ ഹിമാചല്‍ പ്രദേശിന്റെയും, ജസ്റ്റിസ് എം.ജി. മസിഹയെ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളുടെ ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായി നിയമിക്കാനും ശിപാര്‍ശയുണ്ട്.

കൊളീജിയം നിര്‍ദേശങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയം പരിശോധിച്ച് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമനം പ്രാബല്യത്തില്‍ വരും. അതിനിടെ വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കേരള മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിസഭ അംഗങ്ങളും ചേര്‍ന്ന് യാത്രയപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: SV bhattti will be  kerala high court new cheif justice