മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി ആദ്യം പുറത്തിറക്കിയ കാറാണ് എസ് ക്രോസ്. പ്രീമിയം ഫീച്ചറുകളുമായി കമ്പനി പുറത്തിറക്കിയ ക്രോസ്ഓവര്‍ വാഹനം മുഖം മിനുക്കിയെത്തുന്നു. എസ് ക്രോസിന്റെ പുതുക്കിയ പതിപ്പ് സുസുക്കി ഹംഗറിയില്‍ പ്രദര്‍ശിപ്പിച്ചു. എസ്.യു.വി ലുക്കുമായാണ് പുതിയ എസ് ക്രോസ് എത്തുന്നത്.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഖം മിനുക്കിയ എസ് ക്രോസ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോമിന്റെ സാന്നിധ്യം കൂടിയ മുന്‍ഗ്രില്ലുകള്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ ബോണറ്റ് എന്നിവയാണ് പുറം ഭാഗത്തെ മാറ്റങ്ങള്‍. പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ എന്നിവയായിരിക്കും പുതിയ എസ് ക്രോസിന്റെ ഉള്‍ഭാഗത്തെ പ്രത്യേകതകള്‍.
ഈ വര്‍ഷം നടക്കുന്ന പാരീസ് മോട്ടോര്‍ഷോയില്‍ കമ്പനി പുതിയ എസ് ക്രോസിനെ പ്രദര്‍ശിപ്പിക്കും എന്നാണ് കരുതുന്നത്. നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ രാജ്യാന്തര വിപണികളില്‍ വിറ്റാരയില്‍ ഉപയോഗിക്കുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും.