| Monday, 19th March 2018, 7:39 pm

ഫ്യുവല്‍ ഇന്‍ജക്ഷനില്‍ മാറ്റം വരുത്തിയ സുസുക്കി ഇന്‍ട്ര്യൂഡര്‍ 150-യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി; വില 1.07 ലക്ഷം രൂപ; വിശേഷങ്ങള്‍ വായിക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മോഡലായ ഇന്‍ട്ര്യൂഡര്‍ 150-യുടെ പുതിയ പതിപ്പ് പുറത്തിറക്കി. ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തില്‍ അഴിച്ചുപണി നടത്തിയാണ് പുതിയ ഇന്‍ട്ര്യൂഡര്‍ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സുസുക്കി ഇന്‍ട്ര്യൂഡര്‍ 150 അവതരിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്‌സ്‌പോ 2018-ലാണ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയ പതിപ്പ് സുസുക്കി അവതരിപ്പിച്ചത്.

ആറു സെന്‍സറുകളോടുകൂടിയാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഈ സെന്‍സറുകള്‍ ഉപയോഗിച്ച് ജ്വലനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് കണക്കു കൂട്ടിയ ശേഷം അത്രയും അളവ് ഇന്ധനം പമ്പ് ചെയ്യുന്നുവെന്നതാണ് ഈ സാങ്കേതികവിദ്യയുടെ സവിശേഷത. ഇതുവഴി കൃത്യമായ ത്രോട്ടില്‍ റെസ്‌പോണ്‍സ് ലഭ്യമാക്കാന്‍ കഴിയും.

സാങ്കേതികമായ മുന്നേറ്റം മാത്രമല്ല, മികച്ച റൈഡിങ് അനുഭവവും നല്‍കാന്‍ ഉതകുന്ന തരത്തിലാണ് ഇന്‍ട്ര്യൂഡര്‍ 150-യുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് സുസുക്കി അവകാശപ്പെട്ടു. പുറത്തിറക്കിയപ്പോള്‍ മുതല്‍ ആവശ്യക്കാര്‍ ഏറെയുള്ള മോഡലാണ് ഇന്‍ട്ര്യൂഡര്‍. അന്നുമുതലിന്നു വരെ 15,000 യൂണിറ്റുകളാണ് വിറ്റുപോയത്. തങ്ങള്‍ കണക്കാക്കിയതിലും 25 ശതമാനം അധികം വില്‍പ്പനയാണ് ഇതെന്നും സുസുക്കി പറയുന്നു.

ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), 150 സി.സി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ (ഇന്ധനത്തിന്റെ അളവ്, സ്പീഡ് തുടങ്ങിയവ കാണിക്കുന്ന മീറ്ററുകള്‍ ഉള്‍പപെടുന്ന ഭാഗം), സ്‌പോര്‍ട്ടി ലുക്കുള്ള ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, എല്‍.ഇ.ഡി ടെയില്‍ ലാംപ്, ഇരുചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവയാണ് ഇന്‍ട്ര്യൂഡര്‍ 150-യുടെ സവിശേഷതകള്‍.

കറുപ്പ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ പുതിയ ഇന്‍ട്ര്യൂഡര്‍ 150 ലഭ്യമാകും. 1.07 ലക്ഷം രൂപ മുതലാണ് വില.

വീഡിയോ:

We use cookies to give you the best possible experience. Learn more