| Monday, 16th October 2023, 8:23 pm

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിരാടിന് മാത്രമുണ്ടായിരുന്ന ആ കുത്തക തകര്‍ത്ത് വനിതാ സൂപ്പര്‍ താരം; ഇതാ യുഗപ്പിറവി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഇക്കാലമത്രയും വിരാട് കോഹ്‌ലിക്ക് മാത്രമുണ്ടായിരുന്ന അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം സൂസി ബേറ്റ്‌സ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് സൂസി സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് വനിതാ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് സൂസി ഈ നേട്ടം സ്വന്തമാക്കിയത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിലാണ് സൂസി ബേറ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. ഓപ്പണറുടെ റോളിലിറങ്ങി 42 പന്തില്‍ 45 റണ്‍സ് നേടിയാണ് ബേറ്റ്‌സ് പുറത്തായത്. അഞ്ച് ബൗണ്ടറികളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ ഇന്നിങ്‌സിന് പിന്നാലെയാണ് സൂസി 4,000 ടി-20 റണ്‍സ് എന്ന അത്യപൂര്‍വ നാഴികക്കല്ല് പിന്നിട്ടത്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിരാട് കോഹ്‌ലിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും വനിതാ ക്രിക്കറ്റില്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന ആദ്യ താരവുമായാണ് സൂസി ബേറ്റ്‌സ് റെക്കോഡ് പുസ്തകത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.

നിലവില്‍ ടി-20യില്‍ വിരാടിനേക്കാള്‍ റണ്‍സുള്ളതും സൂസി ബേറ്റ്‌സിന് തന്നെയാണ്. 149 ഇന്നിങ്‌സില്‍ നിന്നും 4,021 റണ്‍സാണ് സൂസി നേടിയത്. 29.78 എന്ന ശരാശരിയില്‍ 26 അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബേറ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

115 ഇന്നിങ്‌സില്‍ നിന്നും 4,008 റണ്‍സാണ് വിരാട് ടി-20യില്‍ നിന്നും അടിച്ചെടുത്തത്. 52.73 എന്ന തകര്‍പ്പന്‍ ആവറേജില്‍ റണ്‍സ് നേടിയ വിരാട് 37 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടിരുന്നു. 11 റണ്‍സിനായിരുന്നു കിവീസ് താരങ്ങളുടെ തോല്‍വി. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടിയത്.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഉപേക്ഷിക്കുകയും നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡും അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും വിജയിച്ചതോടെയാണ് പരമ്പര സമനിലയില്‍ കലാശിച്ചത്.

Content Highlight: Suzie Bates completes 4000 runs in T20

We use cookies to give you the best possible experience. Learn more