| Thursday, 6th April 2023, 11:50 pm

ബാറ്ററെ നോക്കാത്ത ബൗളിങ്ങുമായി കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്നര്‍; കരിയറിലെ ആദ്യ മത്സരം കളിച്ചവന്‍ കോഹ്‌ലി പടയുടെ അന്തകനായ കഥ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായിട്ടാണ് സുയാഷ് ശര്‍മ എന്ന സ്പിന്നറെ കൊല്‍ക്കത്ത കളത്തിലിറക്കിയത്. മുടി നീട്ടി വളര്‍ത്തി, നെറ്റി പൂര്‍ണമായും മൂടിയ ഹെഡ് ബാന്‍ഡുമിട്ട് പന്തെറിയാനെത്തിയ അവന്‍ ആര്‍.സി.ബിയുടെ തോല്‍വിക്ക് കാരണമാകുമെന്ന് ആരും കരുതിക്കാണില്ല.

കരിയറിലെ ആദ്യ ഐ.പി.എല്‍ മത്സരമായിരുന്നു താരം കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റെടുക്കുക മാത്രമല്ല, ആരാധകരുടെ മനസില്‍ ഇടം നേടാനും സുയാഷ് ശര്‍മക്ക് സാധിച്ചു.

പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കെത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ അവന്റെ ബൗളിങ് ആക്ഷനാണ് ആദ്യം ശ്രദ്ധിച്ചത്. ബാറ്ററെ നേരെ നോക്കാതെ മുകളിലേക്ക് നോക്കി പന്ത് റിലീസ് ചെയ്യുന്ന രീതിയായിരുന്നു അവന്‍ അവലംബിച്ചത്.

പന്തെറിഞ്ഞ ആദ്യ ഓവറില്‍ വഴങ്ങിയത് ഒമ്പത് റണ്‍സ്. ആദ്യ ഓവറില്‍ തന്നെ ഒരു സിക്‌സര്‍ വഴങ്ങിയപ്പോള്‍ ആരാധകരും കാര്യമായി അവനില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. തുടര്‍ന്നെറിഞ്ഞ 12 പന്തുകളായിരുന്നു അവനെ ആരാധകരുടെ മനസിലേക്ക് ആഴത്തില്‍ പടര്‍ത്തി വിട്ടത്.

ആര്‍.സി.ബിയുടെ ഇംപാക്ട് പ്ലെയറായ അനുജ് റാവത്തിനെയായിരുന്നു സുയാഷ് ആദ്യം മടക്കിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. റാവത്തിനെ സുനില്‍ നരെയ്‌നിന്റെ കൈകളിലേക്കെത്തിച്ചപ്പോള്‍ ആധികം ആവേശഭരിതനാകാതെ ജേഴ്‌സിയില്‍ ചുംബിച്ചായിരുന്നു താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

രണ്ടാം വിക്കറ്റായി ദിനേഷ് കാര്‍ത്തിക്കിനെ വരുണ്‍ ചക്രവര്‍ത്തിയുടെ കൈകളിലെത്തിച്ച് സുയാഷ് മടക്കിയപ്പോള്‍ മൂന്നാം വിക്കറ്റായി കരണ്‍ ശര്‍മ നിതീഷ് റാണയുടെ കൈകളിലെത്തിച്ച് മൂന്നാം വിക്കറ്റും താരം സ്വമന്തമാക്കി.

ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങിയ താരം പിന്നീടെറിഞ്ഞ രണ്ട് ഓവറില്‍ വഴങ്ങിയത്. ഒമ്പത് റണ്‍സാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെ ആകാശ് ദീപും ഡേവിഡ് വില്ലിയും നാലാം ഓവറില്‍ 12 റണ്‍സ് നേടിയപ്പോള്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിനൊപ്പം ആരാധകരുടെ മനസിലും ഇടം നേടാന്‍ ഇതോടെ സുയാഷിന് സാധിച്ചു.

Content Highlight: Suyash Sharma’s incredible performance on his debut

Latest Stories

We use cookies to give you the best possible experience. Learn more