ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ കരണ്‍ ശര്‍മ പുറത്തായതാണ് ചര്‍ച്ചയാകുന്നത്. മത്സരത്തിന്റെ 15ാം ഓവറിലാണ് താരം പുറത്തായത്.
യുവതാരം സുയാഷ് ശര്‍മയെറിഞ്ഞ 15ാം ഓവറിലെ മൂന്നാം പന്തില്‍ കൊല്‍ക്കത്ത കരണ്‍ ശര്‍മക്കെതിരെ എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് അനുവദിക്കാത്തതോടെ ടീം റിവ്യൂ എടുക്കുകയായിരുന്നു.
ഡി.ആര്‍.എസില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നതായയും അള്‍ട്രാ എഡ്ജില്‍ ക്ലിയര്‍ സ്‌പൈക്ക് ഉള്ളതായും കാണിച്ചിരുന്നു. എന്നാല്‍ സ്ലിപ്പില്‍ വെച്ച് ക്യാപ്റ്റന്‍ നിതീഷ് റാണ ക്യാച്ച് കൈപ്പിടിയിലൊതുക്കിയിരുന്നു.
എല്‍.ബി.ഡബ്ല്യൂവിന് അപ്പീല്‍ ചെയ്ത് ക്യാച്ചിലൂടെ വിക്കറ്റ് നേടിയാണ് സുയാഷ് ശര്‍മ തരംഗമായത്. മത്സരത്തില്‍ താരത്തിന്റെ മൂന്നാം വിക്കറ്റായിരുന്നു കരണ്‍ ശര്‍മയുടേത്.
നേരത്തെ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അനുജ് റാവത്തിനെയും ആര്‍.സി.ബിയുടെ അവസാന അത്താണിയായ ദിനേഷ് കാര്‍ത്തിക്കിനെയും താരം പുറത്താക്കിയിരുന്നു.
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി നാല് ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റാണ് സുയാഷ് സ്വന്തമാക്കിയത്.
അതേസമയം, വാലറ്റക്കാര്‍ ടീമിന്റെ തോല്‍വിഭാരം കുറയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഡേവിഡ് വില്ലിയും ആരാശ് ദീപും ചേര്‍ന്ന് അവസാന വിക്കറ്റില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ദീപിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം 123ല്‍ അവസാനിച്ചു.
3.4 ഓവറില്‍ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി വഴ്ത്തിയത്. സുയാഷിനും ചക്രവര്‍ത്തിക്കും പുറമെ സുനില്‍ നരെയ്ന്‍ രണ്ടും ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content highlight: Suyash Sharma picks wicket of Karan Sharma