സുവേന്തു അധികാരിയുടെ ഓഫീസ് തകര്‍ത്ത നിലയില്‍; ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി
national news
സുവേന്തു അധികാരിയുടെ ഓഫീസ് തകര്‍ത്ത നിലയില്‍; ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th January 2021, 4:30 pm

കൊല്‍ക്കത്ത: ബി.ജെ.പി നേതാവ് സുവേന്തു അധികാരിയുടെ ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. ശനിയാഴ്ച രാത്രിയോടെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. നന്ദിഗ്രാമിലെ തങ്ങളുടെ ഓഫീസാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു.

ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഇനിയും ഇത്തരം ആക്രമണം ഉണ്ടാകുമെന്നും അതിന് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെയായിരിക്കുമെന്നും ബി.ജെ.പി നേതാവ് കനിഷ്‌ക് പാണ്ഡ പറഞ്ഞു.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നും ബി.ജെ.പി പ്രവര്‍ത്തകരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും തൃണമൂല്‍ നേതൃത്വം അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത് പച്ചക്കള്ളമാണ്. അവര്‍ തൃണമൂലിന്റെ പതാകയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രവും കത്തിച്ചിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ തങ്ങള്‍ക്ക് നേരെ ആരോപണവുമായി രംഗത്തെത്തുന്നത്. സ്വന്തം പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആദ്യം പഠിക്കണമെന്നും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല കഴിഞ്ഞദിവസം രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Suvedhu Adhikari’s Office Vandalised