കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ പ്രതിഷേധവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍. സുവേന്ദു ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ചെരുപ്പുമാലയിട്ടായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈസ്റ്റ് മിഡ്‌നാപൂരിലെ ഹല്‍ദിയയില്‍ സ്ഥാപിച്ച ഫ്‌ളക്‌സിലാണ് പ്രവര്‍ത്തകര്‍ ചെരിപ്പുമാല അണിയിച്ചത്.
ഇപ്പോഴാണ് തൃണമൂല്‍ വൈറസില്‍ നിന്നും മുക്തമായതെന്നായിരുന്നു വിഷയത്തില്‍ മന്ത്രി മദന്‍ മിത്ര പ്രതികരിച്ചത്. കഴിഞ്ഞ 10 വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസിനെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് സുവേന്ദു അധികാരി പറയുന്നത് കേട്ടു. അത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷം തൃണമൂല്‍ ഒന്നും ചെയ്തില്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലം താങ്കള്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഇത് നിര്‍ഭാഗ്യകരമാണ്. ഇന്ന് തൃണമൂലിനെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസമാണ്. ഇന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പൂര്‍ണമായും വൈറസ് മുക്തമായത്’, അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ പരുങ്ങലിലാണെന്നും ഇതില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണം മോദി ഏറ്റെടുക്കണമെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സുവേന്ദു അധികാരി പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അപമാനിച്ചെന്നും എന്നാല്‍ താന്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് പറഞ്ഞ് അവര്‍ നടക്കുകയാണെന്നും സുവേന്ദു പ്രതികരിച്ചിരുന്നു. മമത ബാനര്‍ജി ആരുടേയും അമ്മയല്ല. ഇവിടെ ആകെ ഒരു അമ്മയേ ഉള്ളൂ. അത് ഭാരത മാതയാണ്. 2021 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെടും’ സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി മാറ്റാമെന്നായിരുന്നു റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴെക്കും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമായിരിക്കും അവശേഷിക്കുകയെന്നും ഷാ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക