ആവശ്യമെങ്കില്‍ തിരികെ വിളിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്; ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചതിനെ ന്യായീകരിച്ച് സുവേന്തു അധികാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്രം നടപടിയെ പിന്തുണച്ച് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി. പ്രോട്ടോക്കോള്‍ ലംഘനമാണ് ചീഫ് സെക്രട്ടറി നടത്തിയതെന്നായിരുന്നു സുവേന്തുവിന്റെ പ്രതികരണം.
‘പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നിറങ്ങിപ്പോയ ചീഫ് സെക്രട്ടറിയുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. ഒരു ഐ.എ.എസ് ഓഫീസറായ അദ്ദേഹത്തിന് പ്രോട്ടോക്കോളിനെപ്പറ്റി പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഭരണഘടനപരമായി കേന്ദ്രം ചെയ്ത നടപടി ശരിയാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമായല്ല ഇതിനെ കാണേണ്ടത്. ആവശ്യമെങ്കില്‍ തിരിച്ചുവിളിക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്’, സുവേന്തു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വീസിലേക്ക് ഉടനടി തിരികെയെത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്.
തിങ്കളാഴ്ച്ച തന്നെ കേന്ദ്രസര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. പേഴ്സണല്‍ ട്രെയിനിങ് വിഭാഗത്തിലേക്കാണ് ആലാപന്‍ ബന്ധോപാധ്യായക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.
നേരത്തെ യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും അരമണിക്കൂറോളം വൈകിയായിരുന്നു എത്തിയത്.
ഇതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം പതിനഞ്ച് മിനിറ്റുകൊണ്ട് തിരികെ പോകുകയും ചെയ്തിരുന്നു.
പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു.
ചീഫ് സെക്രട്ടറിയെ തിരികെ അയക്കുന്നതിന് മൂന്ന് മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രധാനമന്ത്രിയുമായുള്ള യോഗം മമതാ ബാനര്‍ജി ഒഴിവാക്കിയതിനെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ യോഗത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തത് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ചേരാത്തതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
എന്നാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്താനായിട്ടാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് മമത ബാനര്‍ജി പറഞ്ഞത്.
യോഗത്തിന് മുമ്പ് വെസ്റ്റ് മിഡ്നാപൂരിലെ എയര്‍ ബേസില്‍ വെച്ച് മോദിയെക്കണ്ട് ഇക്കാര്യം പറഞ്ഞുവെന്ന് നിവേദനം നല്‍കിയെന്നും മമത പറഞ്ഞിരുന്നു.