'തൃണമൂല്‍ നേതാക്കളില്‍ നിന്ന് ലഭിക്കാത്ത സ്‌നേഹവും ബഹുമാനവും അദ്ദേഹത്തില്‍ നിന്ന് കിട്ടി'; അമിത് ഷാ മുതിര്‍ന്ന സഹോദരനെപ്പോലെയെന്ന് സുവേന്തു അധികാരി
national news
'തൃണമൂല്‍ നേതാക്കളില്‍ നിന്ന് ലഭിക്കാത്ത സ്‌നേഹവും ബഹുമാനവും അദ്ദേഹത്തില്‍ നിന്ന് കിട്ടി'; അമിത് ഷാ മുതിര്‍ന്ന സഹോദരനെപ്പോലെയെന്ന് സുവേന്തു അധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 5:37 pm

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തനിക്ക് മുതിര്‍ന്ന സഹോദരനെപ്പോലെയാണെന്ന് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവ് സുവേന്തു അധികാരി. അമിത് ഷാ നയിക്കുന്ന മിഡ്‌നാപൂര്‍ റാലിയില്‍ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സുവേന്തു.

‘അമിത് ഷാ എനിക്ക് മുതിര്‍ന്ന സഹോദരനെപ്പോലെയാണ്. തൃണമൂലില്‍ നിന്ന് കിട്ടാത്ത സ്‌നേഹവും ബഹുമാനവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. ഷായുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും ബി.ജെ.പിയിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് അവശനിലയില്‍ കഴിഞ്ഞപ്പോള്‍ സുഖവിവരം അന്വേഷിക്കാന്‍ ഒരൊറ്റ തൃണമൂല്‍ നേതാക്കളെയും കണ്ടില്ല. എന്നാല്‍ രോഗവിവരം അറിഞ്ഞയുടനെ അമിത് ഷാ എന്നെ രണ്ടു തവണ വിളിച്ചിരുന്നു. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ബി.ജെ.പിയില്‍ അങ്ങനെ തന്നെ പ്രവര്‍ത്തിക്കും, സുവേന്തു പറഞ്ഞു.

ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നാണ് സുവേന്തു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം എടുക്കുന്നത്. സുവേന്തു അധികാരികയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ഇന്ന് ബി.ജെ.പി അംഗത്വമെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സുവേന്തു അധികാരി കഴിഞ്ഞ ദിവസം അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ചീഞ്ഞളിഞ്ഞുകഴിഞ്ഞെന്നും അതിനുള്ളിലുള്ളവരുടെ മനസ്ഥിതി ശരിയല്ലെന്നുമാണ് കത്തില്‍ സുവേന്തു അധികാരി പറഞ്ഞിരിക്കുന്നത്.

‘പശ്ചിമ ബംഗാളും ടി.എം.സിയും ആരുടേയും സ്വന്തമല്ല. ഒരാളുടെ സംഭാവനകൊണ്ട് ഒരു ദിവസം ഉണ്ടായിവന്ന പാര്‍ട്ടിയുമല്ല അത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടത്’, എന്നാണ് സുവേന്തു അധികാരി കത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം സുവേന്തു അധികാരിയുടെ നിയമസഭയില്‍ നിന്നുള്ള രാജി ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നിരസിച്ചിരുന്നു. നടപടിക്രമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് രാജി നിരാകരിച്ചത്.

രാജി സ്വമനസ്സാലെയുളളതാണെന്ന് ബോധ്യപ്പെടുന്നത് വരെ ഇന്ത്യന്‍ ഭരണഘടനയുടെയും പശ്ചിമബംഗാള്‍ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തില്‍ രാജി സ്വീകരിക്കാന്‍ തനിക്കാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സുവേന്തു അധികാരി രാജിക്കത്ത് നേരിട്ട് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അധികാരിയുടെ നിലപാട് അറിയുന്നതിന് വേണ്ടി തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും കൈമാറിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ അവസരങ്ങള്‍ക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.

വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര തിവാരി അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Suvendhu Adhikari Praises amith sha after joining bjp