സുവീരന്/ജിന്‍സി ബാലകൃഷ്ണന്
കാസര്‍കോടിന്റെ ഒരു കോണില്‍ കഴിഞ്ഞിരുന്ന ബ്യാരികളെയും അവരുടെ ഭാഷയെയും നാലാള് അറിയട്ടെയെന്ന ഉദ്ദേശത്തോടെയാണ് ടി.എച്ച്. അല്‍ത്താഫ് ബ്യാരിയെന്ന ചിത്രമെടുക്കാന്‍ സുവീരനോട് പറഞ്ഞത്. എന്നാല്‍ ബ്യാരി പുറത്തിറങ്ങിയപ്പോള്‍ മിക്ക മലയാളികളും ചിന്തിച്ചത് സുവീരനെക്കുറിച്ചാണ്. ഒരു രാത്രികൊണ്ട് താരമായ സുവീരനെ.
ആരാണ് സുവീരന് എന്ന് ഭൂരിപക്ഷം മലയാളികളും ചോദിച്ച സമയത്ത് ചുരുക്കും വരുന്ന നാടക പ്രണയികള്‍ക്ക് ആ പേര് സുപരിചിതമായിരുന്നു. സിനിമയുടെയത്ര ഗ്ലാമര്‍ നാടകത്തിനില്ലാത്തതിനാല് സുവീരന് എന്ന കലാകാരന്റെ പേര് മലയാളികള്‍ ഓര്‍ത്തുവെച്ചില്ല. സുവീരനെ രേഖപ്പെടുത്തിയ ഭരതവാക്യവും ആയുസ്സിന്റെ പുസ്തവുമൊക്കെ ഉണ്ടായിരുന്നിട്ടും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ സംവിധായകന് എന്ന് പറഞ്ഞ് പറഞ്ഞ് പരിചയപ്പെടുത്തേണ്ട അവസ്ഥവരെയെത്തി.
ആദ്യ സിനിമയിലൂടെ അംഗീകാരങ്ങളുടെ നെറുകയിലെത്തിയ സുവീരനാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചവിഷയം. സിനിമയെയും നാടകത്തെയും കുറിച്ച് സുവീരന് സംസാരിക്കുന്നു.
സുവീരന് ബ്യാരി സിനിമ ചെയ്യുന്ന സമയത്ത് പ്രാദേശികമായി പല എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പലയിടങ്ങളിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു ആ എതിര്‍പ്പിനുള്ള കാരണം?
സിനിമ കാണുന്നതിനെയും സിനിമയെയുമൊക്കെ എതിര്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലാണ് അവരുടെ കഥ പറയുന്ന ബ്യാരിയെന്ന ചിത്രവുമായി ഞാന്‍ പോകുന്നത്. ആ സാഹചര്യത്തില്‍ നേരിടേണ്ട പ്രശ്നങ്ങളെല്ലാം എനിക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ചിത്രം തുടങ്ങുന്ന സമയത്തല്ല, മറിച്ച് ചിത്രീകരണം ഏറെക്കുറെ അവസാനിക്കാറായ സമയത്തായിരുന്നു ഈ പ്രശ്നങ്ങള്‍.
ചിത്രീകരണം തുടങ്ങിയ സമയത്ത് ഇതിന്റെ കഥ ഏറെക്കുറെ ഇതാണ് എന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നു. മതപരമായ ആചാരങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇവര്‍ക്കിടയില്‍ ഈ സിനിമ മതവിശ്വാസത്തിന് എതിരാണെന്ന തരത്തില്‍ പ്രചരണമുണ്ടായി. എന്നാല്‍ പ്രശ്നങ്ങളൊന്നും വഷളാക്കാതെ ചില ടാക്റ്റിക്സുകള്‍ പ്രയോഗിച്ച് സിനിമ പൂര്‍ത്തിയാക്കി. പള്ളികള്‍ വരെ ബ്യാരിയില്‍ ലൊക്കേഷനായിട്ടുണ്ട്. അവരുടെ പള്ളികളും, അചാരങ്ങളുമൊക്കെ കാണിക്കേണ്ടത് ആവശ്യമായിരുന്നു.
സാറാ അബൂബക്കറിന്റെ ചന്ദ്രഗിരിയുടെ തീരത്ത് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്യാരിയുടെ തിരക്കഥ തയ്യാറാക്കിയതെന്ന ആരോപണമുണ്ടല്ലോ. അതിനെക്കുറിച്ച്?
അവരുടെ നോവലില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്. അതിനെക്കുറിച്ച് എനിക്കിതേ പറയാനുള്ളൂ.
ബ്യാരി ചെയ്യുന്നതിന് മുമ്പ് നിരവധി തവണ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയിരുന്നല്ലോ. അതെല്ലാം പാതിവഴിയില്‍വച്ച് ഉപേക്ഷിച്ചതെന്താണ്?
ബ്യാരിക്ക് മുമ്പ് ചില സിനിമകള്‍ ചെയ്യാനുള്ള ചര്‍ച്ച നടന്നിരുന്നു. അതെല്ലാം പാതിവഴിയില്‍ മുടങ്ങിപ്പോയി. സിനിമ മാത്രമല്ല എന്റെ പല നാടകങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടയിട്ടുപോലും ഒരു ചിത്രം നടക്കാതെ പോയി. മിക്കതും ഉപേക്ഷിക്കേണ്ടി വന്നത് പ്രൊഡ്യൂസര്‍മാര്‍ പിന്മാറിയത് കൊണ്ടാണ്. മറ്റെല്ലാ കാര്യങ്ങളും ശരിയാകുമ്പോള്‍ പ്രൊഡ്യൂസര്‍ പെട്ടെന്ന് പിന്മാറും. എന്നില്‍ വിശ്വാസമില്ലാത്തതുകൊണ്ടാവാം. അവര്‍ ഇതിനെ ബിസിനസായാണ് കാണുന്നത്. മുടക്കിയ പണം തിരിച്ചുകിട്ടണം എന്ന ലക്ഷ്യമേയുള്ളൂ.
നവാഗതരെ മലയാള സിനിമ സ്വാഗതം ചെയ്യുന്നുണ്ടോ?
നവഗാതര്‍ക്ക് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും തടസങ്ങള്‍ നേരിടേണ്ടി വരും. പുതിയതിനെ പെട്ടെന്ന് സ്വീകരിക്കാന്‍ എല്ലാവര്ക്കും മടിയാണ്. ഭൂമി ഉരുണ്ടതാണെന്ന് സമ്മതിക്കാന്‍ കത്തോലിക്കാ സഭ തയ്യാറായത് 1998ലോ മറ്റോ മാത്രമാണ്. ഏത് രംഗത്തായാലും പുതിയതിനോടുള്ള സമീപനം ഇതാണ്. സിനിമയിലും അതുതന്നെയാണ് സംഭവിച്ചത്.
കഴിഞ്ഞദിവസം ബ്യാരിയില്‍ റഹീം എന്നയാള്ക്കുനേരെ ആക്രമണമുണ്ടായല്ലോ. ഇയാള്‍ ബ്യാരിയെന്ന സിനിമയിലെ സഹനടന്‍ കൂടിയാണ്. സിനിമയുമായി ഈ പ്രശ്നത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
ഇതിനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഈ പ്രശ്നത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നാണ്. മുസ്ലീംകള്‍ ഒരുപാടുള്ള സ്ഥലമാണ് ബ്യാരി. ആക്രമിക്കപ്പെട്ടയാള്‍ ബി.ജെ.പിക്കാരനാണ്. മുസ്ലീംകളാണ് ആക്രമിച്ചതെന്നാണ് എനിക്ക് കിട്ടിയ വിവരം.
ബ്യാരിയില്‍ നാദിറയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മല്ലികയെ തിരഞ്ഞെടുക്കാന്‍ കാരണം?
ബ്യാരിയില്‍ നാദിറയെന്ന കഥാപാത്രത്തെ അവതരപ്പിക്കാന്‍ മല്ലികയാണ് ആദ്യം എന്റെ മനസില്‍ വന്നത്. ഇതില്‍ മല്ലികയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ഒരു കുട്ടിയുണ്ട്. എന്റെ ചില നാടകങ്ങളിലൊക്കെ അഭിനയിച്ച കുട്ടിയാണ്. 13 വയസുള്ള ഈ കുട്ടിയുടെ മുഖച്ഛായയിലുള്ളയാള് വേണമായിരുന്നു മുതിര്‍ന്ന നാദിറയെ അവതരിപ്പിക്കാന്‍. മല്ലികയുടെ മുഖത്തിന് ആ കുട്ടിയുടേതുമായി നല്ല രൂപസാദൃശ്യമുണ്ട്. പ്രൊഡക്ഷന്‍ എക്സിക്യട്ടീവ് വഴി മല്ലികയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇപ്പോള്‍ അവൈലബിള്‍ അല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മദ്രാസില്‍ തിരക്കിലാണെന്ന് പറഞ്ഞു. പിന്നെ അവര്‍ ചോദിച്ച പ്രതിഫലവും കൂടുതലായിരുന്നു.
തുടര്‍ന്ന് നവ്യാനായരെ സമീപിച്ചു. നവ്യ വലിയ പ്രതിഫലം ആവശ്യപ്പെട്ടു. ഒടുക്കും പറഞ്ഞ് പറഞ്ഞ് പ്രൊഡ്യൂസര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ 5,0000 രൂപ അധികമെത്തിച്ചെങ്കിലും അത് നല്കാന് പ്രൊഡ്യൂസര്‍ തയ്യാറായിരുന്നില്ല. അങ്ങനെ സിനിമ മുടങ്ങിക്കിടക്കുമ്പോഴാണ് മല്ലികയെ നന്നായി അറിയുന്ന എന്റെ സുഹൃത്ത് എന്നെ കാണാനെത്തുന്നത്. സിനിമയുടെ കാര്യം എവിടെയെത്തിയെന്ന് ചോദിച്ചപ്പോള്‍ നടിയെ ഇതുവരെ കിട്ടിയില്ലെന്ന് ഞാന്‍ പറഞ്ഞു. മല്ലികയെയാണ് ഞാന്‍ മനസില്‍ കണ്ടതെന്നും അവര്‍ തിരക്കിലാണെന്നാണ് പറഞ്ഞതെന്നും ഞാന്‍ അവനെ അറിയിച്ചു. മല്ലിക തിരക്കിലൊന്നുമല്ല അവരിപ്പോള്‍ തൃശൂരുണ്ടെന്ന് അവനാണ് എന്നോട് പറഞ്ഞത്. ഉടനെ തന്നെ അവന്റെ ഡയറിയില്‍ നിന്നും ഫോണ്‍ നമ്പര്‍ നോക്കി ഡയല് ചെയ്ത് ഫോണ്‍ എന്റെ കയ്യില്‍ തന്നു പറഞ്ഞു നീ സംസാരിച്ചു നോക്ക് എന്ന്.
ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ഇക്കാര്യം പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കഥ പറഞ്ഞപ്പോള്‍ ഇതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് വലിയ താല്പര്യമാണെന്നും പറഞ്ഞു. ഞങ്ങള്‍ നല്കാന് ഉദ്ദേശിക്കുന്ന പ്രതിഫലം പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തു.
ചിത്രത്തിന്റെ അവസാന ഭാഗം മല്ലികയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നെന്ന് പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു മല്ലിക എതിര്‍ക്കാന്‍ കാരണം?
ചിത്രത്തിന്റെ അവസാന ഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനുമായി ബന്ധമില്ലാത്ത ചില പ്രശ്നങ്ങള്‍ വന്നു. പ്രൊഡ്യൂസറൊക്കെ ബന്ധപ്പെട്ട ചില പ്രശ്നം. അവസാന ഭാഗത്ത് മല്ലിക നഗ്നയായി ചെയ്യേണ്ട സീനുണ്ടായിരുന്നു. ഭാഗികമായി മറയ്ക്കുമെങ്കിലും ആ സമയത്ത് ആ സീന്‍ ചെയ്യാന്‍ മല്ലിക വിസമ്മതിച്ചു. ഒരു പക്ഷെ അത് ചെയ്തിരുന്നെങ്കില്‍ മികച്ച നടിയായി മല്ലിക തിരഞ്ഞെടുക്കപ്പെട്ടേനെ. അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നശേഷം മല്ലിക ഇക്കാര്യം എന്നോട് പറയുകയും ചെയ്തിരുന്നു.
സെക്സ് എന്നു പറയുന്നതൊരു ലാംഗ്വേജ് ആണ്. അത് കമ്മ്യൂണിക്കേഷന്റെ ഭാഗമാണ്. എന്റെ സിനിമകളിലും നാടകങ്ങളിലും സെക്സിന് ഞാന്‍ സ്ഥാനം നല്‍കാറുണ്ട്. ചില കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനാണ് സെക്സ് ഉപയോഗിക്കുന്നത്. നഗ്നതയ്ക്കും ഭാഷയുണ്ട്. ഇതിനെക്കുറിച്ച് ഒരുപാട് അന്വേഷിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അല്ലാതെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത്തരം രംഗങ്ങള്‍ ഉപയോഗിക്കുന്നത്.
മല്ലിക വിസമ്മതിനെ തുടര്‍ന്ന് ആ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. അവസാന ഘട്ടമായിരുന്നതിനാല്‍ തന്നെ ഏറെ തിരക്കിലായിരുന്നു. അതിനാല്‍ അവിടെ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
സാമ്പത്തികവും മതപരവുമായ വലുപ്പച്ചെറുപ്പങ്ങളാണ് മലയാള സിനിമയെ ഭരിക്കുന്നതെന്ന് ഒരു അഭുമുഖത്തില്‍ പറയുകയുണ്ടായി. എന്താണ് അങ്ങനെ പറയാന്‍ കാരണം?
അത് അങ്ങനെയല്ല ഞാനുദ്ദേശിച്ചത്. മലയാള സിനിമയുടെ ഒരു ഹൈറാര്‍ക്കിയുണ്ട്. നൂറ് രൂപ പ്രതിഫലം പറ്റുന്നവരും ഒരു കോടി രൂപ പ്രതിഫലം പറ്റുന്നവരും ഒരേ തട്ടില്‍ പണിയെടുക്കുന്ന സ്ഥലമാണിത്. സാമ്പത്തികമായ വലുപ്പച്ചെറുപ്പങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാവാം. സിനിമയില്‍ അത് കുറേക്കൂടി പ്രകടമാണെന്നാണ് ഉദ്ദേശിച്ചത്.
അധകൃതത്വവും അന്ധവിശ്വാസവും ഒരുപാടുള്ള മേഖലയാണിത്. ഇപ്പോഴും സിനിമ തുടങ്ങുന്നതിന് മുമ്പ് തേങ്ങയുടച്ചേ ചെയ്യൂ. ജ്യോത്സ്യനെ കണ്ടശേഷമാണ് സിനിമയുടെ പേരിന്റെ ആദ്യാക്ഷരം പലരും തീരുമാനിക്കുന്നത്.
നാടകകൃത്ത് എന്ന നിലയില്‍ പേരെടുത്തയാളാണ്. ഇപ്പോള്‍ സിനിമയിലും അംഗീകരിക്കപ്പെട്ടു. ഏത് നിലയില്‍ തുടരാനാണ് തീരുമാനം?
അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. കലാകാരനെ സംബന്ധിച്ച് സെല്‍ഫ് എക്സ്പ്രഷനാണ് കല. ലിയനാഡോ ഡാവിഞ്ചിയെ അറിയില്ലേ, അദ്ദേഹം ചിത്രകാരനായിരുന്നു, ശാസ്ത്രജ്ഞനായിരുന്നു, വൈദ്യനായിരുന്നു. ടാഗോറില്ലേ അദ്ദേഹം എഴുത്തുകാരനും, സംഗീതജ്ഞനുമൊക്കെയായിരുന്നു. എന്നാല്‍ രവീന്ദ്രനാഥ ടാഗോര്‍ എന്ന പേരാണ് നമ്മള് മനസില്‍ സൂക്ഷിക്കുന്നത്. ആര്‍ട്ട് വ്യത്യസ്തമാണ്. ആര്‍ട്ടിസ്റ്റിന്റെ പേരാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. അയാളെ എക്സ്പ്രസ് ചെയ്യാനുള്ള മാധ്യമമാണ് കല.
എന്നെ സംബന്ധിച്ച് എനിക്ക് സ്വയം എക്സ്പ്രസ് ചെയ്യാനുള്ള മാര്‍ഗങ്ങളാണ് നാടകവും സിനിമയും. രണ്ടും എനിക്കിഷ്ടമാണ്. നാടകമാണ് ശരിയായ ഭാഷ. എക്സ്പ്രഷന്‍ മീഡിയം. സിനിമ ഒരേസമയത്ത് ഒരുപാട് പേര്‍ക്ക് കാണാം. ഇവിടെയിരുന്ന് ഞാന്‍ കാണുന്ന സിനിമ അതേ സമയം അമേരിക്കയിലിരുന്ന് മറ്റൊരാള്‍ക്ക് കാണാന്‍ കഴിയും. എന്നാല്‍ നാടകം എന്നത് ജീവന്റെ കലയാണ്. ജീവനുണ്ടെങ്കിലേ അതിന് നിലനില്‍പ്പുള്ളൂ.
സിനിമയില്‍ അവാര്‍ഡ് കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ പ്രശസ്തനായി. അതിന് മുമ്പ് നാടകങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ ആളാണ് നിങ്ങള്‍. ആ സമയത്ത് കിട്ടാത്ത പരിഗണ ഇപ്പോള്‍ ലഭിക്കുമ്പോള്‍ സന്തുഷ്ടനാണോ?
നാടകം ചെയ്തിരുന്ന സമയത്ത് ഞാന്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ്. ആസ്ത്രിയയില്‍ ഒരു മാധ്യമപ്രവര്‍ത്തക ഒരു പുസ്തകം തയ്യാറാക്കുന്നതിനായി രണ്ട് മൂന്ന് ദിവസം എന്റെ പിറകെ നടന്നിരുന്നു. നമുക്കിവിടെ നല്ല വിമര്‍ശകരോ മാധ്യമപ്രവര്‍ത്തകരോ ഇല്ല. സിനിമയില്‍ പണമുണ്ട്. പണത്തിന്റെ പിന്നാലെ പോകാനാണ് എല്ലാവര്ക്കും താല്പര്യം.
നല്ല നാടകകൃത്തുക്കളെക്കുറിച്ച് അന്വേഷിക്കാനോ അവരെ കണ്ടെത്തി പ്രൊത്സാഹിപ്പിക്കാനോ ഒരു മാധ്യമപ്രവര്‍ത്തകനും തയ്യാറാവുന്നില്ല. എന്നെ സംബന്ധിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ എന്നെ പരിഗണിക്കുന്നത് സന്തോഷിപ്പിക്കുകയോ, ഞാന്‍ വലിയ ആളായി എന്ന തോന്നലുണ്ടാക്കുകയോ ചെയ്യുന്നില്ല. മാധ്യമങ്ങള്‍ എന്നെ എങ്ങനെ ചിത്രീകരിക്കുന്നുവെന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നതേയില്ല.
ഈ പ്രശസ്തി എന്റെ അടുത്ത പ്രോജക്ടിന് ഗുണകരമാകുമെന്നതൊഴിച്ചാല് യാതൊരു പ്രാധാന്യവും ഇതിന് നല്‍കുന്നില്ല. അല്ലാതെ നാട്ടുകാര്‍ കാണുമ്പോള്‍ ചിരിക്കുമല്ലോ മാധ്യമങ്ങളില്‍ ഫോട്ടോവരുമെല്ലോ എന്നൊക്കെ ഓര്‍ത്ത് മതിമറന്നിട്ടില്ല.
സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമോ?
അഭിനയം എനിക്കിഷ്ടമാണ്. എന്റെ ചില സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് പാകമായ നല്ല റോളുകള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും. പിന്നെ ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും അഭിനയിക്കും. അത്തരത്തിലുള്ള ചിത്രം അടുത്തുതന്നെയുണ്ടാവും. ഞാന്‍ ചെയ്ത ഡിസ്ട്രക്ഷന്‍ എന്ന ഷോട്ട് ഫിലിമിലൂടെ ഒരേസമയം മികച്ച സംവിധായകനും നടനുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാടകങ്ങള്‍ ചെയ്തിരുന്ന സമയത്ത് ഞാന്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്നിട്ടില്ല. നാടകം അഭിനേതാവിന്റെ കലയാണ്. ഞാന്‍ സംവിധാനം ചെയ്ത നാടകങ്ങളില്‍ അഭിനേതാവും ഞാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പുതിയ പ്രൊജക്ടുകള്‍ ?
പുതിയ പല പ്രൊജക്ടുകളുടെയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തമിഴില്‍ നിന്നും എനിക്കൊരു ഓഫര്‍ ലഭിച്ചിട്ടുണ്ട്. ധനുഷായിരിക്കും മിക്കവാറും ആ ചിത്രത്തില്‍ നായകന്. നിരവധി ഭാഷകളില്‍ ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അത്.