ന്യൂദല്‍ഹി: സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയില്‍ കേരളം ഈ വര്‍ഷവും ഒന്നാം സ്ഥാനത്ത്. നിതി ആയോഗാണു സൂചിക തയ്യാറാക്കിയത്. ബിഹാറാണ് ഏറ്റവും പിന്നില്‍.
16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചപ്പോള്‍ നൂറില്‍ 70 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. ദേശീയ ശരാശരി 60 പോയിന്റാണ്. ബിഹാറിന് 50 പോയിന്റാണുള്ളത്.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുടെ ഗണത്തിലാണു കേരളത്തിന് ഏറ്റവും കൂടുതല്‍ പോയിന്റുള്ളത്, 88. ഇതില്‍ ഗുജറാത്തും കേരളത്തിനൊപ്പമാണ്. ആരോഗ്യ രംഗത്തും 82 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞവര്‍ഷവും സൂചികയില്‍ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും ജനന രജിസ്‌ട്രേഷന്‍, ആണ്‍-പെണ്‍ ജനന അനുപാതം എന്നിവ കുറഞ്ഞതായും സൂചികയില്‍ പറയുന്നു.
മാലിന്യ സംസ്‌കരണത്തിലും കേരളം പിന്നിലാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സാന്ദ്രത, റോഡ് സൗകര്യം, മാലിന്യം ശേഖരിക്കാന്‍ സംവിധാനമുള്ള വാര്‍ഡുകള്‍ തുടങ്ങിയവയില്‍ കേരളം പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ലിംഗ സമത്വത്തില്‍ കാര്യമായ പുരോഗതി നേടാന്‍ കേരളത്തിനായിട്ടില്ല. ഒന്നാമതുള്ള ഹിമാചല്‍ പ്രദേശ് 52 പോയിന്റ് നേടിയപ്പോള്‍, കേരളത്തിന് 51 പോയിന്റാണുള്ളത്. ഇതില്‍ ഗുജറാത്തിന് 36 പോയിന്റ് മാത്രമാണുള്ളത്. സമാധാനം, നീതി തുടങ്ങിയവയുടെ ഗണത്തില്‍ ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മൊത്തം മാനദണ്ഡങ്ങളുടെ ശരാശരിയില്‍ 65 മുതല്‍ 99 പോയിന്റ് വരെ നേടുന്നവയെ മുന്‍നിര സംസ്ഥാനങ്ങളായാണു കണക്കാക്കുന്നത്. കേരളത്തിനു പുറമേ, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, ഗോവ, സിക്കിം എന്നിവരാണ് ഈ ഗണത്തിലുള്ളത്.