| Wednesday, 13th December 2023, 8:54 pm

ഇംഗ്ലണ്ടിന്റെ മണ്ണിലേക്ക് അവൻ വീണ്ടും വരുന്നു; ഇന്ത്യന്‍ വന്മതില്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്‌സ് ഇന്ത്യന്‍ ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ നിലനിര്‍ത്തി. വരാനിരിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിനും ഏകദിന കപ്പ് ടൂര്‍ണമെന്റിനുമായാണ് പൂജാരയെ ടീം നിലനിര്‍ത്തിയത്. സമീപകാലങ്ങളില്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൂജാരയെ സസെക്‌സ് നിലനിര്‍ത്തിയത്.

പൂജാരയെ നിലനിര്‍ത്തിയതിന്റെ സന്തോഷവും സസെക്‌സ് ടീം തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

ഇന്ത്യന്‍ ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര, ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡാനിയല്‍ ഹ്യൂസ് എന്നിവരെ 2024 പുതിയ സീസണിലേക്കുള്ള വിദേശ സൈനിങ്ങുകളായി വീണ്ടും സൈന്‍ ചെയ്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ സസെക്‌സ് ടീം എക്‌സില്‍ കുറിച്ചു.

2023 സീസണില്‍ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും അടക്കം 649 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ഈ മിന്നും പ്രകടനങ്ങളാണ് പൂജാരയെ വീണ്ടും ടീമില്‍ നിലനിര്‍ത്താന്‍ കാരണമായത്.

അതേസമയം സൗത്ത് ആഫ്രിക്കക്കക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരകളുടെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ പൂജാരക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 2023ല്‍ നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് അവസാനമായി പൂജാര കളിച്ചത്. എന്നാല്‍ ആ ഫൈനലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ഇന്ത്യയ്ക്കായി 2010ല്‍ ടെസ്റ്റില്‍ അരങ്ങേറിയ പൂജാര 103 മത്സരങ്ങളില്‍ നിന്നും 7195 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 19 സെഞ്ച്വറികളും 35 അര്‍ദ്ധ സെഞ്ച്വറികളും പൂജാരയുടെ പേരിലുണ്ട്.

ഡിസംബർ 26നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. അതേസമയം ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം സൗത്ത് ആഫ്രിക്ക ഡക്ക്- വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമപ്രകാരം അഞ്ചു വിക്കറ്റുകള്‍ക്ക് വിജയിക്കുകയുമായിരുന്നു.

Content Highlight: Sussex re signs Cheteshwar Pujara for 2024 County Championship.

We use cookies to give you the best possible experience. Learn more