| Tuesday, 7th May 2019, 10:20 am

ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുംമുന്‍പേ ഇ.വി.എമ്മുകള്‍ ട്രക്കുകളില്‍ കയറ്റിവിട്ടു: ഗുരുതര സുരക്ഷാ വീഴ്ച വെളിവാക്കി മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ലഖ്‌നൗവില്‍ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇ.വി.എമ്മുകള്‍ ലോറിയില്‍ കയറ്റിവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ലഖ്‌നൗവില്‍ പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ഇ.വി.എം നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.

” വോട്ടിങ് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്? അത് തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ? ” എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്.

എന്നാല്‍ ഇതൊരുപക്ഷേ കേടായ ഇ.വി.എമ്മുകള്‍ക്ക് പകരം എത്തിച്ചതായിരിക്കുമെന്നായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചത്. എന്നാല്‍ പോലും ഒരു ട്രക്ക് നിറച്ച് ഇ.വി.എമ്മുകള്‍ ഒരു സുരക്ഷയും കൂടാതെ കൊണ്ടുപോകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു നിരവധി പേരുടെ ചോദ്യം.

വോട്ടിങ് അവസാനിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നും ഇതൊന്നും നിരീക്ഷിക്കാന്‍ ഇവിടെ സംവിധാനങ്ങള്‍ ഒന്നുമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

ഇ.വി.എമ്മുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്ന അവസരത്തിലാണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച വോട്ടിങ് ദിവസം തന്നെ ലഖ്‌നൗവില്‍ സംഭവിച്ചത്. വിഷയത്തില്‍ ഇതുവരെ പ്രതികരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more