| Friday, 17th August 2012, 8:26 am

സാഹിത്യ മോഷണം: ഫരീദ് സക്കറിയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പ്രസിദ്ധ ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സി.എന്‍.എന്‍ ചാനലും ടൈം മാസികയും അറിയിച്ചു.[]

ടൈമം മാസികയില്‍ എഴുതിയ ലേഖനത്തില്‍ സാഹിത്യ മോഷണം നടത്തിയെന്ന് അംഗീകരിച്ച സക്കറിയ മാപ്പുപറഞ്ഞതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. അതിനുപുറമേ സക്കറിയയുടേത് മനപ്പൂര്‍വ്വമല്ലാത്ത തെറ്റാണെന്ന് കണ്ടെത്തിയതായി സി.എന്‍.എന്നും ടൈമും അറിയിച്ചു.

തുടര്‍ന്നും സക്കറിയയുടെ ” സണ്‍ഡേ ടാക്ക്” എന്ന കോളം പ്രസിദ്ധീകരിക്കുമെന്നും ടൈം മാസിക അറിയിച്ചിട്ടുണ്ട്. സി.എന്‍.എന്നില്‍ ടെലികാസ്റ്റ് ചെയ്യുന്ന “ഫരീദ് സക്കറിയ  ജിപിഎസ് ” എന്ന പരിപാടിയുടെ സംപ്രേക്ഷണവും തുടരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ടൈം മാഗസിനില്‍ ആഗസ്റ്റ് 20നാണ് ഫരീദ് സക്കറിയയുടെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്. തോക്കുകളുടെ നിയന്ത്രണത്തെ കുറിച്ച് എഴുതിയ ലേഖനത്തിലെ ഒരു ഖണ്ഡിക ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജില്‍ ലേപോറിന്റെ ലേഖനത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് സക്കറിയ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫരീദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

മുംബൈയില്‍ ജനിച്ച് യേല്‍, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ നാല്‍പ്പത്തിയെട്ടുകാരനായ സക്കറിയ, “ടൈമി”ന്റെ എഡിറ്റര്‍മാരില്‍ ഒരാളും സി.എന്‍.എന്നിലെ അവതാരകനും “വാഷിങ്ടണ്‍ പോസ്റ്റി”ലെ കോളമിസ്റ്റും എഴുത്തുകാരനുമാണ്. വിദേശകാര്യം, വാണിജ്യം, അമേരിക്കയുടെ വിദേശകാര്യനയം എന്നിവയാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.

“ഫോറിന്‍ അഫയേഴ്‌സ്” മാസികയുടെ മാനേജിങ് എഡിറ്റര്‍, “ന്യൂസ്‌വീക്ക് ഇന്റര്‍നാഷണ”ലിന്റെ എഡിറ്റര്‍, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സക്കറിയയ്ക്ക് 2010ല്‍ പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന മേഖലയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more