മുംബൈ: ടിക്കറ്റ് പരിശോധനയ്ക്കിടെ ഹിന്ദി മനസിലാകത്തതിനാല്‍ തന്നോട് മറാത്തിയില്‍ സംസാരിക്കണമെന്ന് പറഞ്ഞ യാത്രക്കാരനെക്കൊണ്ട് ക്ഷമാപണം എഴുതിച്ച ടി.ടി.ഇ (ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍)ക്ക് സസ്‌പെന്‍ഷന്‍. പശ്ചിമ റെയില്‍വെയാണ് യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ മൂന്നിനാണ് നടപടിക്ക് ആധാരമായ സംഭവം നടക്കുന്നത്. യാത്രികനായ അമിത് പാട്ടീലിനോടും ഭാര്യയോടും ട്രെയിന്‍ ടിക്കറ്റ് നല്‍കാന്‍ ടി.ടി.ഇ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ക്ക് ഹിന്ദി മനസിലാകാത്തതിനാല്‍ ടി.ടി.ഇയോട് മറാത്തിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം ആരംഭിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവരെ ആര്‍.പി.എഫിന്റെ ഓഫീസിലേക്ക് കൊണ്ടുപോയ ടി.ടി.ഇ, ദമ്പതികളെ നിര്‍ബന്ധിച്ച് മാപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതായി പരാതിക്കാരന്‍ പറയുന്നു. ഈ കുറിപ്പ് അമിത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ 80ഓളം യാത്രക്കാര്‍ നല്ലസോപാര സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ആരോപണ വിധേയനായ ടി.ടി.ഇ രാകേഷ് മൗര്യയെ സസ്‌പെന്‍ഡ് ചെയ്തത്.
‘എല്ലാ യാത്രക്കാരും അവരുടെ മതത്തിന്റെയോ ഭാഷയുടേയോ പ്രദേശത്തിന്റെയോ വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് തുല്യരാണ്. അവര്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍ ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും,’ പശ്ചിമ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വിനീത് അഭിഷേക് പി.ടി.ഐയോട് പറഞ്ഞു.
Content Highlight: Suspension of TTE for writing apology by passenger who asked him to speak in Marathi as he did not understand Hindi