പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
Kerala News
പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 9:12 am

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. ആറ് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നടപടി.

മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാർട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്. സജിത കെ.എ, ഷീജാകുമാരി ജി, നശീദ് മുബാറക്, ഭാര്‍ഗവി പി, ലീല കെ, രജനി എന്നിവര്‍ക്കെതിരെയാണ് നടപടി.

അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും ഉത്തരവുണ്ട്. 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനാണ് നിര്‍ദേശം.

നേരത്തെ അഡീഷണല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കുമെന്നായിരുന്നു ഉത്തരവ്.

സി.എ.ജി കണ്ടെത്തല്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ അര്‍ഹര്‍, താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 9201 പേര്‍ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. 39 കോടി 27 ലക്ഷം രൂപയാണ് അനര്‍ഹമായി തട്ടിയെടുത്തത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ്ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളത്. 347 പേരാണ് ഈ പരിധിയില്‍ തട്ടിപ്പ് നടത്തിയത്. കണക്കുകള്‍ അനുസരിച്ച് 1.53 കോടിരൂപയാണ് ജീവനക്കാര്‍ കൈവശപ്പെടുത്തിയത്.

169 സര്‍ക്കാര്‍ ജീവനക്കാരാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. കൊച്ചി കോര്‍പ്പറേഷനിലാണ് ഏറ്റവും കുറവ് തട്ടിപ്പ് രേഖപ്പെടുത്തിയത്. 70 ജീവനക്കാര്‍ മാത്രമാണ് കൊച്ചിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.

മുന്‍സിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. 185 ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയാണ്. 68 ജീവനക്കാരാണ് ഈ പരിധിയില്‍ പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.

പഞ്ചായത്ത് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയത് ആലപ്പുഴ ജില്ലാ പരിധിയിലാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 69 പേരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. മാരാരിക്കുളം പഞ്ചായത്തില്‍ 47 ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Content Highlight: Suspension of six employees in pension fraud